സൗദിയില്‍ സ്പോണ്‍സര്‍ തടഞ്ഞു വെച്ചവരെ നാട്ടിലെത്തിക്കാന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി

0
1

mhc

 

ചെന്നൈ: സൗദി അറേബ്യയിലേക്ക് തൊഴില്‍ വിസയില്‍ പോയി ദുരിതത്തിലായ മത്സ്യ തൊഴിലാളികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. 2013 ന് ശേഷം വിവിധ തിയ്യതികളിലായി തമിഴനാട്ടില്‍ നിന്നും പോയ 62 മത്സ്യ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ വേണ്ടിയാണ് ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്.
ദുരിതത്തിലായ തൊഴിലാളികളില്‍ ഒരാളായ സേതുരാജക്ക് വേണ്ടി ബന്ധുവായ ജി.തിരുമുഗന്‍ എന്ന വ്യക്തിയാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. അകപ്പെട്ടു പോയവരെ തിരിച്ചെത്തിക്കാനും കോടതിയില്‍ ഹാജരാക്കാനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു ഉത്തരവ് നല്കണമെന്നുമാണ് ആവശ്യം.
മികച്ച ശമ്പളം മറ്റു സൗകര്യങ്ങളും തുടങ്ങിയ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ്‌ തോഴിലാളികളെ കൊണ്ട് പോയതെന്നും ഇപ്പോള്‍ ദിനം ദിന ആവശ്യങ്ങള്‍ കൂടി നിര്‍വഹിക്കാനുള്ള സൗകര്യം നല്‍കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സൗദിയിലെ സ്പോണ്‍സര്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചു വെച്ചിരിക്കുകയാണെന്നും നാട്ടിലേക്ക് തിരിച്ചു വരാന്‍ അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാട്സ്ആപ്പിലൂടെ ഫോര്‍വേഡ് ചെയ്യപ്പെടുന്ന ഒരു വീഡിയോയിലൂടെയാണ് താന്‍ വിവരം അറിഞ്ഞതെന്നും ഉടനെ അവരുമായി ബന്ധപ്പെട്ടപ്പോഴാണ് വിശദ വിവരങ്ങള്‍ ലഭ്യമായതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.  
കേസില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം കേട്ട കോടതി കേസ് തുടര്‍ വാദം കേള്‍ക്കാനായി ആഗാസ്റ്റ് 2 ലേക്ക് മാറ്റി വെച്ചു. സൗദി അറേബ്യയില്‍ തൊഴില്‍ വിസയില്‍ പോയാല്‍ പിന്നീട് സ്പോണ്‍സറുടെ അനുവാദമില്ലാതെ തിരിച്ചു വരാന്‍ സാധിക്കില്ലെന്നും ദുരിതത്തിലായ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ജസ്റ്റിസുമാരായ കെ കെ ശശിധരന്‍, എസ്.വിമല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ കേസ് നീട്ടി വച്ചത്.