തൊഴില്‍ കരാറില്‍ പറയാത്ത തൊഴില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചാല്‍ സ്പോണ്‍സര്‍ക്ക് 15,000 റിയാല്‍ പിഴ.

 

സൗദി അറേബ്യയില്‍ തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടിലാത്ത തൊഴില്‍ ചെയ്യുന്നതിന് തൊഴിലുടമ തൊഴിലാളിയെ നിര്‍ബന്ധിക്കരുത് എന്നാണ് നിലവിലുള്ള നിയമം എന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. തൊഴിലാളിയുടെ തൊഴില്‍ നിബന്ധനകളും നിര്‍ബന്ധമായി ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും ഉള്‍ക്കൊള്ളിച്ചു നിയമപ്രകാരം തയ്യാറാക്കുന്ന ആധികാരിക രേഖയാണ് തൊഴില്‍ കരാര്‍.
തൊഴില്‍ കരാറില്‍ നിര്‍ദ്ദേശിച്ചിട്ടില്ലാത്ത തൊഴില്‍ ചെയ്യാന്‍ തൊഴിലുടമ തൊഴിലാളിയെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് തൊഴില്‍ നിയമം വ്യക്തമാക്കുന്നു. അത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ 15,000 റിയാല്‍ വരെ പിഴ തൊഴിലുടമയില്‍ നിന്നും ഈടാക്കാം എന്നാണു നിബന്ധന. നിയമലംഘനം ആവര്‍ത്തിക്കപ്പെട്ടാല്‍ പിഴ ശിക്ഷ ഇരട്ടിയാകും. പിഴ ശിക്ഷ വിധിച്ചാല്‍ ഒരു മാസത്തിനകം തന്നെ പിഴ അടക്കേണ്ടതുണ്ട്.
തൊഴില്‍ മേഖലയുടെയും തൊഴിലാളികളുടെയും കൂടുതല്‍ സുരക്ഷിതത്വത്തിനും അവകാശ സംരക്ഷണത്തിനുമായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തൊഴില്‍ നിയമത്തില്‍ 38 ഭേദഗതികള്‍ തൊഴില്‍ മന്ത്രാലയം കൊണ്ട് വന്നിരുന്നു. രാജ്യത്തെ ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ ഖുറയില്‍ പ്രിസ്ദ്ധീകരിച്ചു ആറു മാസത്തിനു ശേഷം 2015 ഒക്ടോബറില്‍ ഈ ഭേദഗതികള്‍ നിലവില്‍ വന്നു. അതിനോട് അനുബന്ധിച്ച് പുറത്തിറക്കിയ റെഗുലേഷനില്‍ ഇക്കാര്യം വ്യക്തമായും പറഞ്ഞിട്ടുണ്ട്.
ഫ്രീ വിസ ഇടപാട് പൂര്‍ണ്ണമായും ഇല്ലാതാക്കാനും സ്വദേശികളുടെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാവുന്നത് അവസാനിപ്പിക്കാനും മുന്‍പ് തന്നെ ഈ നിബന്ധന ശക്തമാക്കിയിരുന്നു. പല വിദേശികളും ഏതെങ്കിലും വിസയില്‍ രാജ്യത്തേക്ക് പ്രവേശിച്ചു പിന്നീട് ജോലി അന്വേഷിച്ച് കണ്ടു പിടിക്കുകയും അതിനു ശേഷം ആ തൊഴിലിലേക്ക് വര്‍ക്ക് പെര്‍മിറ്റും ഇഖാമ പ്രോഫഷനും മാറ്റുകയാണ് ചെയ്യുന്നത്. 2013 ആദ്യത്തോടെ ഫ്രീ വിസ ഇടപാടുകള്‍ കര്‍ശനമായി നിരോധിച്ചു കൊണ്ട് ആദ്യകാല നിതാഖാത് നടപ്പിലാക്കിയപ്പോള്‍ പ്രൊഫഷന്‍ മാറുന്നതിനായി ആവശ്യമായ സമയം അനുവദിച്ചിരുന്നു. തികച്ചും സൗജന്യമായാണ് ഇതിനായി അനുവാദം നല്‍കിയിരുന്നത്. അനുവദിച്ച അവസാന തിയ്യതിയും കഴിഞ്ഞ ശേഷം മാത്രമാണ് പരിശോധനകള്‍ ശക്തമാക്കിയത്. അതിന് ശേഷം പിടിക്കപ്പെട്ടവര്‍ക്ക് കഠിനമായ ശിക്ഷകള്‍ നല്‍കിയിരുന്നു.
എല്ലാ വിദേശികള്‍ക്കും നിര്‍ബന്ധമായും തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം എന്നാണു തൊഴില്‍ നിയമത്തിലെ വ്യവസ്ഥ. അത് പോലെ തന്നെ ഒരു പ്രത്യേക തൊഴിലിലേക്കാണ് ഒരു വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് രാജ്യത്തേക്ക് കൊണ്ട് വരുന്നതും. അതായാത് തന്റെ സ്ഥാപനത്തിലേക്ക് ഒരു പ്രത്യേക തൊഴില്‍ ചെയ്യാന്‍ ഒരു വിദേശിയെ ആവശ്യമുണ്ട് എന്നും റിക്രൂട്ട്മെന്റിനായി വിസ അനുവദിക്കണമെന്നും സ്വദേശി പൗരന്‍ അപേക്ഷ നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാന്‍ അധികൃതര്‍ അനുവാദം നല്‍കുന്നതും അതിനായി വിസ നല്‍കുന്നതും.  
ഈ തൊഴിലിലേക്ക് തൊഴിലാളിയെ റിക്രൂട്ട് ചെയ്യാന്‍ മാത്രമേ വിസ അനുവദിച്ചു കിട്ടിയ തൊഴിലുടമക്ക്‌ അധികാരമുള്ളൂ. ആ തൊഴിലിന് അനുയോജ്യനായ തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ട് വരേണ്ടത് അയാളുടെ മാത്രം ഉത്തരവാദിത്വമാണ്. താന്‍ റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന തൊഴിലാളിക്ക് പ്രസ്തുത തൊഴില്‍ ചെയ്യാന്‍ വൈദഗ്ദ്യം കുറവാണ് എന്നുള്ള വാദങ്ങള്‍ പിന്നീട് ഉന്നയിക്കാന്‍ തൊഴിലുടമക്ക് സാധ്യമല്ല.
വിസ അനുവദിച്ചു കിട്ടിയ തൊഴിലിലേക്കാണ് വര്‍ക്ക് പെര്‍മിറ്റും അനുവദിക്കുക. അതിനാല്‍ നിയമപരമായി ആ തൊഴില്‍ മാത്രം ചെയ്യുക എന്നാതാണ് വിദേശ തൊഴിലാളിക്ക് കടമയും. ഇതേ തൊഴില്‍ തന്നെയായിരിക്കും ഇഖാമയിലും രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഇതില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു തൊഴില്‍ ചെയ്യുന്നത് തൊഴില്‍ നിയമപ്രകാരം കുറ്റമാണ്. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴയായി അടക്കേണ്ടി വരും. കൂടാതെ മിക്കവാറും കേസുകളിലും വിദേശികള്‍ക്ക് നാട് കടത്തലും ഉണ്ടാകും.
പരിശോധനയില്‍ പിടിക്കപ്പെടുമ്പോള്‍ പലപ്പോഴും വിദേശികള്‍ ഉയര്‍ത്തുന്ന ഒരു വാദമാണ് സ്പോണ്‍സര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് ഈ തൊഴില്‍ ചെയ്തത് എന്ന്. എന്നാല്‍ പലപ്പോഴും ഇത് തെളിയിക്കാന്‍ തൊഴിലാളിക്ക് സാധിക്കുന്നില്ല എന്നാണു ആക്ഷേപം. എങ്കിലും തൊഴിലാളിക്കല്ല തൊഴിലുടമക്കാണ് ഇക്കാര്യം തെളിയിക്കേണ്ട ബാധ്യത. സ്പോണ്‍സരുടെ കീഴിലുള്ള സ്ഥാപനത്തിലാണ് തൊഴില്‍ കരാറില്‍ പറയാത്ത ജോലി ചെയ്യുന്നതെങ്കില്‍ മറ്റു രീതിയില്‍ തെളിയിക്കേണ്ട സാഹചര്യം ഉണ്ടാകുന്നില്ല. പ്രഥമദൃഷ്ട്യാ തന്നെ തൊഴിലുടമ കുറ്റക്കാരനാകും. അല്ലാത്ത പക്ഷം സാമ്പത്തിക ബാധ്യത ഒഴിവായി കിട്ടുന്നതിന്‍ വേണ്ടി തൊഴിലാളി തന്റെ അനുവാദമില്ലാതെയാണ് മറ്റു തൊഴിലില്‍ ഏര്‍പ്പെട്ടതെന്ന് തൊഴിലുടമ വാദിക്കാന്‍ സാധ്യതയുണ്ട്.
നിയമ ലംഘനം രജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദമുണ്ട്. എങ്കില്‍ തന്നെയും ഒരു വിദേശ തൊഴിലാളിയുടെ പരിപൂര്‍ണ്ണ നിയന്ത്രണം തൊഴിലുടമയില്‍ നിക്ഷിപ്തമായിരിക്കുന്ന നിയമ വ്യവസ്ഥ നിലവിലുള്ള രാജ്യത്ത് തൊഴിലുടമയുടെ വാദം അംഗീകരിക്കാന്‍ തുലോം സാധ്യത കുറവാണ്. തൊഴിലുടമയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടത് എന്ന് തൊഴിലാളി തന്‍റെ വാദത്തില്‍ ഉറച്ചു നിനാല്‍ പിഴയടക്കാനുള്ള അവസാന ബാധ്യത തൊഴിലുടമക്ക്‌ തന്നയായിരിക്കും. സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാകും എങ്കിലും തൊഴിലാളിക്ക് പൂര്‍ണ്ണമായി ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കില്ല. നിയമപ്രകാരമുള മറ്റു ശിക്ഷകള്‍ നേരിടേണ്ടി വരും.   
എന്നാല്‍ പ്രലോഭനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴങ്ങി തൊഴിലാളി ഒരിക്കല്‍ കുറ്റമേറ്റാല്‍ സ്പോണ്‍സര്‍ പിന്നീട് ഒഴിഞ്ഞു മാറിയാലും പിഴ അടക്കേണ്ട ബാധ്യത തൊഴിലാളിക്ക് തന്നയായിരിക്കും. 

 

You may have missed

Copy Protected by Chetan's WP-Copyprotect.