Print this Post
അബുദാബിയിലെ എംഗാര്ഡ് ഇലക്ട്രോമെക്കാനിക്കല്‍ കമ്പനിയില്‍ ആറു മാസമായി ശമ്പളം ലഭിക്കാതെ തൊഴിലാളികള്‍. കമ്പനിയുടെ ബാങ്ക് ഗാരന്റി ചെക്കുകള്‍ പണമാക്കി മാറ്റി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുമെന്ന് മന്ത്രാലയം

യു.എ.ഇ: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഗാര്ഡ് ഇലക്ട്രോമെക്കാനിക്കല്‍ കമ്പനിയിലെ നിരവധി തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളം ലഭിച്ചില്ലെന്ന പരാതി. കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിക്കാത്ത 150 ഓളം തൊഴിലാളികളാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്.
പരാതി ലഭിച്ച മാനവ വിഭവ ശേഷി മന്ത്രാലയം പരിഹാര നടപടികള്‍ക്ക് തീവ്ര ശ്രമം തുടങ്ങി. ബാങ്ക് ഗാരന്റിയായി കമ്പനി മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിട്ടുള്ള ചെക്കുകള്‍ ഉപയോഗിച്ച് ശമ്പളം മുടങ്ങിയ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുമെന്ന് മന്ത്രാലയത്തിന്റെ പരിശോധനാ വിഭാഗം ഡയരക്ടര്‍ മൊഹസിന്‍ അലി അല്‍ നസീ വ്യക്തമാക്കി.
കമ്പനിയുടെ അല്‍ റുവൈസിലുള്ള തൊഴിലാളികളുടെ ശമ്പളമാണ് കഴിഞ്ഞ ആറു മാസമായി മുടങ്ങി കിടക്കുന്നത്. പരാതി നല്കിയ തൊഴിലാളികളില്‍ ഇന്ത്യക്കാരും ബംഗ്ലാദേശികളും അടക്കം പല രാജ്യക്കാരും ഉണ്ട്. കമ്പനി ഇപ്പോഴും ഇവര്‍ക്ക് മുടങ്ങാതെ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിലും മുടങ്ങിയ ശമ്പളം ലഭ്യമാക്കാന്‍ കമ്പനിയുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകാതെ വന്നതോടെയാണ് പരാതിയുമായി തൊഴിലാളികള്‍ അധികൃതരെ സമീപിച്ചത്.
തൊഴിലാളികള്‍ക്ക് ശമ്പളം സമയത്തിന് നല്‍കാനാവില്ല എന്ന കാര്യം കമ്പനി ഉടമകള്‍ മന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ട്. പണി പൂര്‍ത്തിയാക്കിയിട്ടും പല കക്ഷികളും സമയത്തിന് പണം നല്‍കാതെ വന്നതിനാലാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ശമ്പളം കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
ഇതോടെയാണ് കമ്പനി ഗാരന്റിയായി നല്കിയ പണം ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന് മന്ത്രാലയം നടപടികള്‍ സ്വീകരിച്ചത്. തൊഴിലാളികള്‍ക്ക് മുന്നില്‍ രണ്ടു നിര്‍ദ്ദേശങ്ങളാണ് മന്ത്രാലയം വെച്ചിട്ടുള്ളത്. ഒന്നുകളില്‍ മുടങ്ങിയ ശമ്പളം ലഭ്യമാക്കിയതിന് ശേഷം യു.എ.ഇ യില്‍ തന്നെ മറ്റു കമ്പനികളില്‍ ജോലി തേടാനുള്ള അവസരം ലഭ്യമാക്കി കൊടുക്കും. ഇതില്‍ താല്‍പ്പര്യമില്ലാത്ത തൊഴിലാളികള്‍ക്ക് സ്വരാജ്യങ്ങളിലേക്ക് മടങ്ങാനുള്ള നടപടികള്‍ മന്ത്രാലയം ചെയ്തു കൊടുക്കും.
പല തൊഴിലാളികളും മാതൃ രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള താല്‍പ്പര്യം ഇതിനോടകം മന്ത്രാലയത്തെ അറിയിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ ലഭിച്ച അപേക്ഷകളില്‍ 75 തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ മന്ത്രാലയം ഇതിനകം തന്നെ റദ്ദാക്കി ഇവരെ നാട്ടിലേക്കയക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് പരമാവധി നീതി നടപ്പിലാക്കി കൊടുക്കും എന്ന നിലപാടിലാണ് മന്ത്രാലയം. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കും. ഇതിനായി ഏതറ്റം വരെയും പോകുമെന്നും മോഹസിന്‍ നസീ വ്യക്തമാക്കി. ഇതിനായി അധിക സമയമെടുത്ത് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Permanent link to this article: http://pravasicorner.com/?p=19152