ദുരിതത്തിലായ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രണ്ട് കേന്ദ്ര മന്ത്രിമാര്‍ സൗദിയിലേക്ക്

0
1

sushama s

 

ന്യൂഡല്‍ഹി: തൊഴില്‍ നഷ്ടപ്പെടുകയോ സമയത്തിന് ശമ്പളം ലഭിക്കുകയോ ചെയ്യാത്തത് മൂലം സൗദി അറേബ്യയില്‍ ദുരിതമനുഭവിക്കുന്നത് പതിനായിരത്തില്‍ അധികം ഇന്ത്യക്കാരാണെന്ന് ഒടുവില്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏഴു മാസമായി ശമ്പളം ലഭിക്കാതെ നട്ടം തിരിഞ്ഞിരുന്ന തൊഴിലാളികളുടെ പ്രശ്നത്തില്‍ ഒടുവില്‍ ഒരു തൊഴിലാളിയുടെ ട്വിറ്റര്‍ സന്ദേശം അയച്ചതിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍.  
ദുരിതം അനുഭവിക്കുന്നതില്‍ ഒരു തൊഴിലാളിയുടെ സന്ദേശത്തിനുള്ള മറുപടിയായുള്ള ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് വിദേശകാര്യ മന്തി സുഷമ സ്വരാജ് ഇക്കാര്യം സ്ഥിരീകരിച്ചത്. 800 ല്‍ അധികം പേര്‍ കഷ്ടപ്പെടുന്നു എന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിക്കും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനും നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും സുഷമ വ്യക്തമാക്കി.
ഒരു ഇന്ത്യാക്കാരന്‍ പോലും ഭക്ഷണം കഴിക്കാനില്ലാതെ സൗദി അറേബ്യയില്‍ ബുദ്ധിമുട്ടിലാകില്ലെന്നും കാര്യങ്ങള്‍ നിരന്തരമായി താന്‍ നിരീക്ഷിക്കുമെന്നും സുഷമ ഉറപ്പു നല്‍കി. ജോലി നഷ്ടപ്പെട്ടതു മൂലവും സമയത്തിന് ശമ്പളം ലഭിക്കാത്തത് മൂലവും സൗദിയിലും കുവൈറ്റിലും പതിനായിരക്കണക്കിനു ഇന്ത്യക്കാര്‍ ദുരിതത്തിലാണ്. എങ്കിലും കുവൈറ്റിലെ സാഹചര്യങ്ങള്‍ നിയന്ത്രണാധീനമാണെന്നും സുഷമ പറഞ്ഞു.
ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങളില്‍ അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനം ഉണ്ടാക്കാന്‍ കേന്ദ്രമന്ത്രി എം ജെ അക്ബര്‍ ഇരു രാജ്യങ്ങളും ഉടനെ സന്ദര്‍ശിക്കും. സൗദി അറേബ്യയിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രമന്ത്രി വി കെ സിങ്ങും സൗദി സന്ദര്‍ശിക്കും.
തങ്ങളുടെ സഹോദരങ്ങളുടെ ദുരിതത്തിന് അറുതി വരുത്താന്‍ സഹായകമായ എല്ലാ വിധ സഹായങ്ങളും നല്‍കണമെന്നും രാജ്യത്തെ മുപ്പതു ലക്ഷത്തില്‍ അധികം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തോട് സുഷമ അഭ്യര്‍ഥിച്ചു.