സൗദിയില്‍ നിന്നും മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് ശമ്പള ബാക്കിയും സൗദി തൊഴില്‍ നിയമ പ്രകാരം ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യവും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് ആവശ്യം

0
1

i1

 

സൗദി അറേബ്യ: സൗദിയില്‍ ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുരിതത്തില്‍ അകപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളെ തിരികെ എത്തിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്ന അവസരത്തില്‍ മടങ്ങുന്ന തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ശമ്പള ബാക്കിയും കമ്പനികളില്‍ നിന്നും ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യങ്ങളെ സംബന്ധിച്ചും അവ്യക്തത തുടരുന്നു.
കഴിഞ്ഞ ഏഴു മാസത്തെ ശമ്പളം ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭിക്കാനുണ്ട്. കൂടാതെ കൂടുതല്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തവര്‍ക്ക് അവസാന മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ജോലി ചെയ്ത വര്‍ഷങ്ങള്‍ കണക്കാക്കി സേവനാനന്തര ആനുകൂല്യവും ലഭിക്കേണ്ടതുണ്ട്. സൗദിയിലെ തൊഴില്‍ നിയമ പ്രകാരം ലഭിക്കേണ്ട ഈ ആനുകൂല്യം തൊഴിലുടമകള്‍ നിര്‍ബന്ധമായും പിരിഞ്ഞു പോകുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ടതുമാണ്‌. ശമ്പള കുടിശ്ശികക്ക് പുറമേ പല തൊഴിലാളികള്‍ക്കും ഈ ഇനത്തില്‍ വലിയ തുകകള്‍ തന്നെ ലഭിക്കേണ്ടതുണ്ട്.  
തൊഴിലാളികളെ മടക്കി കൊണ്ട് വരുന്നതോടൊപ്പം തന്നെ ഈ തൊഴിലാളികളുടെ മുടങ്ങി കിടക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഏതു രീതിയില്‍ ലഭ്യമാക്കാം എന്നതിനെ കുറിച്ച് വ്യക്തത വരുത്താന്‍ ഇന്ത്യന്‍ അധികൃതര്‍ക്കോ സൗദി തൊഴില്‍ മന്ത്രാലയത്തിനോ ഇത് വരെ സാധിച്ചിട്ടില്ല. ഇതിനായി സൗദി അധികൃതരെയും മന്ത്രിമാരെയും കണ്ടു ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. എന്നാല്‍ ഈ ചര്‍ച്ചകള്‍ തുടങ്ങി തീരുമാനം ഉണ്ടാകുന്നത് വരെ കാത്തിരിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്കാവില്ല. തീരുമാനം ഉണ്ടാകുന്നതില്‍ വരുന്ന കാലതാമസമാണ് ഇതിനു വിഘാതതമാകുന്നത്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും ഉറപ്പുകള്‍ നേടിയെടുക്കാനാകും ഇന്ത്യന്‍ അധികൃതരുടെ ശ്രമം. സൗദി വിട്ടു കഴിഞ്ഞാല്‍ തങ്ങള്‍ക്കു ലഭിക്കാനുള്ള തുക ലഭിക്കുമോ എന്ന കാര്യത്തില്‍ ഭൂരിഭാഗം തൊഴിലാളികളും ആശങ്കാകുലരാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുടെയും സൗദി അധികൃതരുടെയും ഉറപ്പിനു വേണ്ടി അവര്‍ ഉറ്റു നോക്കുകയാണ്.
ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് സൗദി ആഭ്യന്തര സഹമന്ത്രി അഹമ്മദ് അല്‍ സലെമുമായി ഞായറാഴ്ച വൈകീട്ട് കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായിട്ടില്ല. അംബാസഡര്‍ തല ചര്‍ച്ചകള്‍ കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന് തൊഴിലാളികളും വിശ്വസിക്കുന്നില്ല. തങ്ങള്‍ക്കു ലഭിക്കാനുള്ള തുക ലഭിക്കുന്നതിനു ഏതെങ്കിലും ഉറപ്പുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകണം എന്നും ഈ ഉറപ്പ് സൗദി അധികൃതരുടെ ഭാഗത്ത് നിന്ന് നേടിയെടുക്കണം എന്നും തൊഴിലാളികള്‍ ആവശ്യപ്പെടുമെന്നാണ് സൂചന. കമ്പനികള്‍ക്ക് ഇപ്പോള്‍ നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ വഴി അത് ശേഖരിച്ച് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് നല്‍കാനുള്ള സംവിധാനമെങ്കിലും ഉണ്ടാക്കേണ്ടതുണ്ട് എന്നാണ് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അല്ലാത്ത പക്ഷം മടങ്ങുന്നവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെടാനാണ് സാധ്യത. ഈ ഉറപ്പു ലഭിക്കാതെ പലരും നാട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിക്കാന്‍ സാധ്യതയുട്.
സൗദി ഭരണകൂടം ഇത് വരെ ഇക്കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാത്ത സാഹചര്യത്തില്‍ ലഭിക്കാനുള്ള മുഴുവന്‍ സംഖ്യയും വാങ്ങി നല്‍കാം എന്നൊരു ഉറപ്പു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും സാധ്യമല്ല. ഈ സാഹചര്യത്തില്‍ ആശ്വാസ നടപടി എന്ന പേരില്‍ ഒരു തുക എല്ലാവര്‍ക്കും നല്‍കാനായിരിക്കും സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ വര്‍ഷങ്ങളായി ഒരു കമ്പനിയില്‍ ജോലി ചെയ്തവര്‍ക്ക് ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യ തുകയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ തുക വളരെ നിസാരമായിരിക്കും. ഈ സാഹചര്യത്തില്‍ എത്ര മാത്രം തൊഴിലാളികള്‍ തങ്ങള്‍ക്കു ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ഉപേക്ഷിച്ചു മടങ്ങി പോരാന്‍ തയ്യാറാകും എന്നതിനെ ആശ്രയിച്ചിരിക്കും മടക്കി കൊണ്ട് വരല്‍ പദ്ധതിയുടെ പുരോഗതി.