സൗദിയിലെ ദുരിതാശ്വാസം ഇന്ത്യ ഊര്ജ്ജിതമാക്കി. അന്തിമ പട്ടികയില്‍ 7700 പേര്‍. സൗദി ഓജര്‍ കൂടാതെ, സാദ് ഗ്രൂപ്പ്, ഷിഫ സനായ, തയ്യ കോണ്ട്രാക്റ്റിംഗ് കമ്പനികളിലും ഇന്ത്യക്കാര്‍ ദുരിതത്തില്‍

 s

 

സൗദി അറേബ്യ: സൗദി അറേബ്യയില്‍ ദുരിതത്തില്‍ അകപ്പെട്ട ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനുമുള്ള നടപടികള്‍ ഇന്ത്യന്‍ അധികൃതര്‍ ഊര്‍ജ്ജിതമാക്കി. സൗദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ വിവിധ ക്യാമ്പുകളിലാക്കി ഭക്ഷണ വിതരണം നടത്തുന്നതോടൊപ്പം തന്നെ അവരുടെ വിവര ശേഖരണവും അധികൃതര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 
7700 ഇന്ത്യക്കാരാണ് ദുരിതത്തില്‍ അകപ്പെട്ടതായി അന്തിമമായി അധികൃതര്‍ കണ്ടെത്തിയിട്ടുള്ളതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള 20 ഓളം ക്യാമ്പുകളിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ഇന്ത്യന്‍ എംബസ്സിയും കോണ്‍സുലേറ്റും നല്‍കുന്നുണ്ട്.   
ദുരിതം അനുഭവിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഉള്ളത് റിയാദിലാണ്. ഇതില്‍ 4072 പേര്‍ സൗദി ഓജര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. റിയാദിലെ ഒന്‍പത് ക്യാമ്പുകളിലും ദമ്മാമിലെ ഒരു ക്യാമ്പിലും താമസിക്കുന്ന ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള ആവശ്യമായ നടപടികള്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സി എടുത്തു കഴിഞ്ഞു. സൗദി ഓജറിന്റെ ജിദ്ദ ശാഖയില്‍ ജോലി ചെയ്യുന്ന 2153 പേര്‍ ജിദ്ദയിലെ ആറു ക്യാമ്പുകളിലായി താമസിക്കുന്നുണ്ട്. ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും നേതൃത്വം നല്‍കുന്നുണ്ട്.  
കൂടാതെ മറ്റു കമ്പനികളില്‍ നിന്നുള്ള ഇന്ത്യക്കാരും അധികൃതരോട് സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് അവര്‍ക്കും സഹായം ലഭ്യമാക്കിയിട്ടുണ്ട്. ദമ്മാമിലെ സാദ് ഗ്രൂപ്പ് കമ്പനിയിലെ 1457 തൊഴിലാളികളെ ദമ്മാമിലെ തന്നെ രണ്ടു ക്യാമ്പുകളില്‍ താമസിപ്പിക്കുന്നു. റിയാദിലെ ഷിഫ സനായ കമ്പനിയിലുള്ള അഞ്ചു പേരെ റിയാദിലെ ക്യാമ്പിലും റിയാദിലെ തന്നെ തയ്യ കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ നിന്നുള്ള 13 പേരെ മറ്റൊരു ക്യാമ്പിലും താമസിപ്പിച്ചിരിക്കുകയാണ്.   
ഇവരുടെയെല്ലാം വിവര ശേഖരണം നടത്തി മടങ്ങാന്‍ തയ്യാറുള്ളവരെ നാട്ടിലെത്തിക്കാനാണ് അധികൃതരുടെ തീരുമാനം. എന്നാല്‍ പല തൊഴിലാളികളും ഈ അവസരത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല. പലരും സൗദിയിലെ മറ്റു കമ്പനികളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ ആഗ്രഹിക്കുന്നതായി അധികൃതരെ അറിയിച്ചിട്ടുണ്ട്. തിരിച്ചു പോയാല്‍ കമ്പനികളില്‍ നിന്ന് ലഭിക്കാനുള്ള ആറു മാസത്തില്‍ അധികം ശമ്പളവും ആനുകൂല്യങ്ങളും അടക്കം വന്‍തുക തങ്ങള്‍ക്കു നഷ്ടമാകുമെന്ന ഭീതിയിലാണ് പലരും. ഇവരില്‍ പലര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ തന്നെയും നാട്ടിലേക്ക് തിരിച്ചു പോയാലും ശമ്പള ബാക്കിയും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് അധികൃതരുടെ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ മടങ്ങാന്‍ സാധിക്കൂ എന്ന നിലപാടിലാണ്.   
വിവിധ കമ്പനികളില്‍ നിന്നുള്ള ഇന്ത്യക്കാരുടെ വിവര ശേഖരണം സൗദിയിലെ സാമൂഹിക പ്രവര്‍ത്തകരുടെയും വളണ്ടിയര്‍മാരുടെയും സഹായത്തോടെയാണ് ഇന്ത്യന്‍ അധികൃതര്‍ നടത്തുന്നത്. ഇതിനായി കഴിഞ്ഞ ദിവസം അംബാസഡര്‍ റിയാദില്‍ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെല്ലാം ദുരിതത്തില്‍ അകപ്പെട്ട ഓരോ തൊഴിലാളിയുടെയും പൂര്‍ണ്ണ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഫോമുകള്‍ കൈമാറിയിട്ടുണ്ട്. 
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും സൗദിയില്‍ തന്നെ തങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെയും മറ്റു കമ്പനികളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ ആഗ്രഹിക്കുന്നവരുടെയും വിവരങ്ങള്‍ പ്രത്യേകമായി ഈ ഫോമില്‍ രേഖപ്പെടുത്താനാണ് നിര്‍ദ്ദേശം. ഇത് കൂടാതെ തൊഴിലാളികളുടെ മൊത്തം സേവന കാലാവധി, ലഭിക്കാനുള്ള ശമ്പളം തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തും. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഫോമുകള്‍ എംബസ്സി അധികൃതര്‍ക്ക് തിരിച്ചെത്തിക്കുന്ന മുറക്ക് അതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നതിനുള്ള അന്തിമ നടപടികള്‍ക്ക് അന്തിമ രൂപം നല്‍കും. 
ദമ്മാമിലെ തൊഴിലാളികള്‍ക്ക് സഹായം എത്തിക്കുന്നതിനും വിവര ശേഖരണത്തിനും എംബസ്സിയുടെ ഒരു പ്രത്യേക സംഘത്തെ തന്നെ ദമ്മാമില്‍ നിയോഗിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ഫൈനല്‍ എക്സിറ്റ് രേഖകളും ശമ്പള ബാക്കിയും ലഭ്യമാക്കുന്നതിനും ഉള്ള നടപടിക്രമങ്ങളെ കുറിച്ച് ലേബര്‍ ഓഫീസ് അധികൃതരുമായി ചര്‍ച്ച നടത്തി. തൊഴിലാളികള്‍ ഫൈനല്‍ എക്സിറ്റില്‍ സൗദി വിട്ടാലും അവര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളും ചര്‍ച്ച ചെയ്തു. 
ഇതിനിട വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ഇന്ന് ജിദ്ദയില്‍ എത്തും. അദ്ദേഹം എത്തിയതിന് ശേഷം മാത്രമേ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ തിരിച്ചെതിക്കുന്നതിനുള്ള അന്തിമ നടപടികള്‍ ഉണ്ടാകൂ.     

 

You may have missed

Copy Protected by Chetan's WP-Copyprotect.