സൗദി ഓജറില്‍ നിന്ന് ദുരിതത്തിലായ ഇന്ത്യക്കാര്‍ക്ക് ശമ്പള ബാക്കിയും ആനുകൂല്യങ്ങളും ലഭിക്കാന്‍ സാധ്യതയില്ല.

0
1
saad
സാദ് അല്‍ ഹരിരി, സൗദി ഓജര്‍ ഉടമ, മുന്‍ ലബനന്‍ പ്രധാന മന്ത്രി

 

സൗദി അറേബ്യ: സൗദിയില്‍ ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരില്‍ ഗണ്യമായ വിഭാഗം സൗദി ഒജാര്‍ എന്ന നിര്‍മ്മാണ കരാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ്. ഇവരുടെ എണ്ണം ഏതാണ്ട് 4500 ഓളം വരും എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏഴു മാസങ്ങളായി കമ്പനി ശമ്പളം നല്‍കിയിരുന്നില്ല എങ്കിലും കമ്പനിയുടെ ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മെസ്സ് ഹാളുകളില്‍ നിന്ന് തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഈ സൗകര്യം പോലും കമ്പനി അധികൃതര്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ്‌ തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയില്‍ ആകുന്നതും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റ് ചെയ്തു വിവരങ്ങള്‍ അറിയിക്കുന്നതും തുടര്‍ന്ന് വിഷയം ലോകശ്രദ്ധ ആകര്‍ഷിക്കുന്നതും.  

രാജ്യത്തെ പ്രമുഖ നിര്‍മ്മാണ കരാര്‍ കമ്പനിയാണ് സൗദി ഓജര്‍ കമ്പനി. ലബനന്‍ രാഷ്ട്രീയ രംഗത്തും സാമ്പത്തിക രംഗത്തും ദശാബ്ദങ്ങളായി നിറഞ്ഞു നിന്ന  വന്‍ കോടീശ്വരനും മുന്‍ പ്രധാന മന്ത്രിയുമായ സാദ് അല്‍ ഹരീരിയാണ് സൗദി ഒജര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ 38 വര്‍ഷങ്ങളായി രാജ്യത്തെ മുന്‍ നിര നിര്‍മ്മാണ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാണ് സൗദി ഓജര്‍.

വര്‍ഷങ്ങള്‍ മുന്‍പ് വരെ മികച്ച നിലയിലായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം. പിന്നീട് മാനേജ്മെന്റ് രംഗത്ത് വന്ന വീഴ്ചകളും ശരിയായ തീരുമാനം തക്ക സമയത്ത് എടുക്കാന്‍ സാധിക്കാത്ത മേലധികാരികളും കമ്പനിയെ പതനത്തിലേക്ക് നയിച്ചു. എണ്ണ വിലയിടിവിനെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കമ്പനിനിയുടെ അടിത്തറ ഇളക്കി.  

റിയാദിലെ കിംഗ്‌ ഖാലീദ് എയര്‍പോര്‍ട്ട്, റാബിഗിലേ കിംഗ്‌ അബ്ദുള്ള സയന്‍സ് ആണ്ട് ടെക്നോളജി യൂണിവേഴ്സിറ്റി, മക്കയിലെ ലെ മെറിഡിയന്‍ ടവര്‍, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആസ്ഥാനം, റിയാദിലെ കിംഗ്‌ അബ്ദുള്‍ അസീസ്‌ ഫ്ലൈഓവര്‍, റിയാദിലെ കിംഗ്‌ അബ്ദുള്ള റോഡ്‌, റിയാദിലെ കിംഗ്‌ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, റിയാദിലെ റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടല്‍, റിയാദിലെ പ്രിന്‍സ് നൂറ ബിന്‍ത് അബ്ദുള്‍ റഹിമാന്‍ യൂണിവേഴ്സിറ്റി, റിയാദിലെ കിംഗ്‌ അബ്ദുല്‍ അസീസ്‌ കോണ്‍ഫ്രന്‍സ് സെന്റര്‍ എന്നിവയുടെ നിര്‍മ്മാണത്തിലും പ്രധാന പങ്കു വഹിച്ചിരുന്നു. 

1978 ലാണ് റിയാദ് ആസ്ഥാനമാക്കി ഒരു നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ സാദ് ഹരീരിയുടെ പിതാവായ മുന്‍ ലെബനന്‍ പ്രധാന മന്ത്രിയും കോടീശ്വരനുമായ റഫീക്ക് അല്‍ ഹരീരി സൗദി ഒജര്‍ കമ്പനി സ്ഥാപിക്കുന്നത്. 1965 ലാണ് റഫീക്ക് ഹരീരി ജോലിക്കായി സൗദി അറേബ്യയില്‍ എത്തുന്നത്. 1969 ല്‍ ഒരു ചെറിയ സബ്കോണ്ട്രാക്റ്റിംഗ് സ്ഥാപനം ആരംഭിച്ച് നിര്‍മ്മാണ രംഗത്തേക്ക് കടന്നു. ഫ്രാന്‍സിലെ നിര്‍മ്മാണ സ്ഥാപനമായിരുന്ന ഓജറുമായി ചേര്‍ന്ന് തായിഫിലെ ഹോട്ടല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. കരാര്‍ സമയത്തിന് മുന്‍പ് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറാന്‍ സാധിച്ചത് അന്നത്തെ സൗദി ഭരണാധികാരി ഖലീദ് രാജാവിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയതോടെയാണ് റഫീക്ക് ഹരീരിയുടെ ഭാഗ്യ ജാതകം ഉദയം കൊള്ളുന്നത്.

പിന്നീട് റഫീക്ക് ഹരീരി ഫ്രാന്‍സിലെ ഉടമസ്ഥരില്‍ നിന്നും ഓജര്‍ കമ്പനി ഏറ്റെടുത്തു സൗദി ഒജര്‍ എന്നാക്കി മാറ്റി. സ്വകാര്യ കമ്പനിയായി ആയിരുന്നു എങ്കിലും പിന്നീട് വിപുലീകരണത്തിന് വേണ്ടി 1979 ല്‍ ഫ്രാന്‍സ് ആസ്ഥാനമാക്കി സൗദി ഒജര്‍ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ അന്താരാഷ്ട്ര കമ്പനിയാക്കി മാറ്റുകയായിരുന്നു. എങ്കിലും കമ്പനിയുടെ 99 ശതമാനം ഷെയറുകളും റഫീക്ക് ഹരിരി കുടുംബത്തിന്റെ പക്കല്‍ തന്നെയായിരുന്നു. തുടര്‍ന്ന് സൗദിയിലെ വിവിധ പദ്ധതികള്‍ക്ക് വേണ്ടി വിവിധ ഡിവിഷനുകളും സബ്സീഡിയറികളും സ്ഥാപിച്ച് പ്രവര്‍ത്തനം വിപുലീകരിച്ചു. സൗദി രാജകുടുംബത്തിന്റെ പിന്തുണയോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ നിര്‍മ്മാണ കരാറുകളിലും പങ്കാളി ആവുകയായിരുന്നു. ഖാലീദ് രാജാവുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച് ബിസിനസ് വളര്‍ത്തിയെടുത്ത റഫീക് ഹരീരി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശത കോടീശ്വരന്‍ ആയി മാറി. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക യൂറോപ്പ് എന്നിവിടങ്ങളില്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തി വന്‍ കമ്പനി ലാഭത്തിലായി.

സൗദി ഓജര്‍ സ്ഥാപിക്കുന്ന സമയത്ത് റഫീക്ക് ഹരീരിക്ക് ലെബനന്‍ പൗരത്വത്തിനു പുറമേ സൗദി പൗരത്വം കൂടി നല്‍കി സൗദി അറേബ്യ ആദരിച്ചിരുന്നു. 1980 കളില്‍ കമ്പനി പ്രവര്‍ത്തനം മികവുറ്റ വിദഗ്ദരെ ഏല്‍പ്പിച്ച് റഫീക്ക് ഹരീരി രാഷ്ട്രീയ ഭാവി ഉന്നം വെച്ച് ലെബനനിലേക്ക് മടങ്ങി. 1992  മുതല്‍ 1998 വരെയും 2000  മുതല്‍ 2004 വരെയും ലെബനന്‍ പ്രധാന മന്ത്രിയായിരുന്നു റഫീക്ക് അല്‍ ഹരീരി. പിന്നീട് ബെയ്റൂട്ടിലെ സെന്റ്‌ ജോര്‍ജ്ജ് ഹോട്ടലില്‍ വെച്ച് നടന്ന സ്ഫോടനത്തില്‍ റഫീക്ക് ഹരിരി കൊല്ലപ്പെട്ടു. 

റഫീക്ക് ഹരീരിക്ക് നിത ബസ്താനി എന്ന ഇറാഖി ഭാര്യയില്‍ ഉണ്ടായ മകനാണ് സൗദി ഓജരിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാദ് അല്‍ ഹരീരി. പിതാവിനെ പോലെ തന്നെ ബിസിനസ് കാര്യങ്ങളില്‍ അദ്ദേഹം നേരിട്ട് ഇടപെടാറില്ല. എല്ലാ കാര്യങ്ങളും നടത്തുന്നത് പ്രോഫഷണല്‍ മാനേജ്മെന്റ് ആണ്. എങ്കിലും പ്രാധാനപ്പെട്ട തീരുമാനങ്ങള്‍ സാദ് ഹരീരിയുടെ അറിവോടെ മാത്രമേ നടക്കാറുള്ളൂ. സൗദി രാജ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവനാണ് സാദ് അല്‍ ഹരിരി.

2009 മുതല്‍ 2011 വരെ ലെബനന്‍ പ്രധാന മന്ത്രിയായിരുന്നു സാദ് അല്‍ ഹരിരി. 1980 ല്‍ റിയാദില്‍ വെച്ചായിരുന്നു സാദിന്റെ ജനനം. ബിസിനസ് അഡ്മിനിസ്ട്രെഷനില്‍ യൂറോപ്യന്‍ ബിരുദമുള്ള ഇദ്ദേഹം ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളില്‍ അവഗാഹമുള്ള വ്യക്തിയാണ്. പിതാവ് കൊല്ലപ്പെടുന്നത് വരെ സൗദി ഓജരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു സാദ് റിയാദില്‍ ഉണ്ടായിരുന്നു. പിതാവിന്റെ മരണ ശേഷം സാദ് ലെബനനിലേക്ക് മടങ്ങുകയായിരുന്നു. പിതാവിനെ പോലെ തന്നെ ലെബനനന്‍ പൗരത്വം കൂടാതെ സൗദി പൗരത്വം കൂടി നല്‍കി സാദിനെ സൗദി അറേബ്യ ആദരിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 58,000 ത്തോളം തൊഴിലാളികള്‍ സൗദി ഓജര്‍ കമ്പനിയില്‍ സാധാരണ ലേബര്‍ മുതല്‍ മാനേജര്‍ തസ്തിക വരെയുള്ള പദവികളില്‍ ജോലിയെടുക്കുന്നുണ്ട്. ഇതില്‍ 13,400  പേര്‍ സ്വദേശികളാണ്. ആറു മാസമായിട്ടും ശമ്പളം ലഭിക്കാത്ത ആയിരക്കണക്കിന് തൊഴിലാളികള്‍ ഇപ്പോള്‍ ദുരിതത്തിലാണ് കഴിയുന്നത്. ഇതില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു. പലര്ക്കു ഭക്ഷണം കഴിക്കാനുള്ള പണം പോലും ഇല്ലാത്തതിനാല്‍ നരക യാതന അനുഭവിക്കുകയാണ്. പലരുടെയും ഇഖാമ കാലാവധി അവസാനിച്ചിട്ടു നിരവധി മാസങ്ങാളായെങ്കിലും പുതുക്കാനുള്ള നടപടികളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. പിരിഞ്ഞ് പോകുന്നവര്‍ക്ക് വിമാന ടിക്കറ്റ് പോലും നല്‍കാന്‍ കമ്പനിക്കാവുന്നില്ല. ഫ്രാന്‍സില്‍ നിന്നുള്ള ഇരുന്നൂറോളം ഉദ്യോഗസ്ഥരും ശമ്പളം ലഭിക്കാതെ ദുരിതത്തിലാണെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഈ വിഷയത്തില്‍ അന്താരാഷ്ട്രാ ശ്രദ്ധ നേടിയിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി സ്വമേധയാ തൊഴിലാളികള്‍ക്ക് ശമ്പള ബാക്കിയും ആനുകൂല്യങ്ങളും നല്‍കുമെന്ന് കരുതുന്നില്ല. സൗദി തൊഴില്‍ മന്ത്രാലയമോ മറ്റു ഉന്നത അധികാരികളോ ഈ കമ്പനിയില്‍ നിന്നും അത് വാങ്ങി തരുമെന്നും പ്രതീക്ഷിക്കാനാവില്ല. കാരണം സൗദി രാജ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവനാണ് സാദ് അല്‍ ഹരിരി. അത് കൊണ്ട് തന്നെ കടുത്ത നടപടികളൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണ്. ഈ ധാര്‍ഷ്ട്യം കൊണ്ട് മാത്രമാണ് തൊഴിലാളികളെ യാതനയിലാക്കി സ്ഥലം വിടാന്‍ കമ്പനിക്കും ധൈര്യം ഉണ്ടായത്. തൊഴിലാളി പ്രശ്നം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് തൊഴിലാളികള്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്‌ രണ്ടു മാസം മുന്‍പ് ഹരിരി മക്കയിലെത്തി അല സഫാ കൊട്ടാരത്തില്‍ വെച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ കണ്ടു സന്ദര്‍ശനം നടത്തി മടങ്ങിയത്. 

കമ്പനിയുടെ നിര്‍മ്മാണ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പല പദ്ധതികളില്‍ നിന്നും പണം ലഭിക്കാനുണ്ട് എന്നതാണ് കമ്പനിയെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും കമ്പനി അധികൃതര്‍ പറയുന്നു.ശമ്പളം ലഭിക്കാത്തതിനാല്‍ പല തൊഴിലാളികളും കമ്പനിയില്‍ നിന്ന് സ്വമേധയാ വിടുതല്‍ വാങ്ങി മറ്റു കമ്പനികളിലേക്ക് മാറിയിരുന്നു. ഇത്തരത്തില്‍ മാറുന്നവര്‍ക്ക് കൊടുക്കാനുള്ള ശമ്പള ബാക്കിക്ക് എഴുതി കൊടുക്കുന്നതല്ലാതെ പണം നല്‍കാനുള്ള നീക്കമൊന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. കൊടുക്കാനുള്ള തുക തവണകളായി നല്‍കുമെന്ന് കമ്പനി ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഒന്നും നല്‍കാതെ ലേബര്‍ ക്യാമ്പിലെ കമ്പനി ഓഫീസ് പൂട്ടി കമ്പനി അധികൃതര്‍ സ്ഥലം വിടുകയാണ് ഉണ്ടായത്.   

തൊഴില്‍ മന്ത്രാലയത്തിന്റെ വേതന സുരക്ഷാ പദ്ധതി അനുസരിച്ച് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനാല്‍ സൗദി ഓജര്‍ കമ്പനിക്കുള്ള സേവനങ്ങള്‍ തൊഴില്‍ മന്ത്രാലയം നിര്‍ത്തി വെച്ചിരുന്നു. ഇത് മൂലമാണ് തൊഴിലാളികളുടെ ഇഖാമകള്‍ പുതുക്കാന്‍ സാധിക്കാത്തത് എന്നാണ് കമ്പനി അധികൃതരുടെ വാദം. ഗോസിയും (ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്ഷുറന്സ്) ഓജറിനുള്ള സേവനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.  

കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ രോഷാകുലരായ തൊഴിലാളികള്‍ കുറച്ചു ദിവസം മുന്‍പ് കമ്പനിയുടെ ജിദ്ദ ഓഫീസിന് മുന്‍പില്‍ നടത്തിയ രോഷപ്രകടനം അക്രമാസക്തമായിരുന്നു. രോഷാകുലരായ തൊഴിലാളികള്‍ കമ്പനിയുടെ ഓഫീസില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പോലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തിയാണ് തൊഴിലാളികളെ ശാന്തരാക്കിയത്. ഇക്കാര്യം ജിദ്ദ പോലീസ് വക്താവ് ആത്തി അല്‍ ഖുറൈഷി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തൊഴിലാളികള്‍ ജിദ്ദയിലെ ഇന്റര്‍സെക്ഷനില്‍ തടിച്ചു കൂടി ഗതാഗതം സ്തംഭിപ്പിക്കുകയും പെട്രോള്‍ പമ്പ് ബലമായി അടപ്പിക്കുകയും ചെയ്തു. പിന്നീട് പോലീസ് എത്തി ഇവരെ പിരിച്ചു വിടുകയായിരുന്നു.

സൗദി ഒജര്‍ കമ്പനിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി തൊഴില്‍ മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതി റിയാദ് ഗവര്‍ണറേറ്റില്‍ നിന്നാണ്. എങ്കിലും തൊഴിലാളികളുടെ ദുരിതങ്ങള്‍ കുറയ്ക്കുന്നതിനോ ശമ്പളമോ ഭക്ഷണമോ ലഭ്യമാക്കുന്നതിനുള്ള നടപടികളോ ഇത് വരെ ഉണ്ടായിട്ടില്ല.