സൗദിയില്‍ നിന്നും തിരിച്ച് വരുന്നവര്‍ പറ്റിക്കപ്പെടാതിരിര്‍ക്കാന്‍ തങ്ങളുടെ സേവനാനന്തര ആനുകൂല്യം എത്രയാണെന്നും എങ്ങിനെ കണക്കാക്കാമെന്നും മനസ്സിലാക്കുക

 

സൗദി അറേബ്യ: സൗദിയിലെ ചില വന്‍കിട നിര്‍മ്മാണ കമ്പനികളുടെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് നിരവധി മലയാളികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നാട്ടിലേക്ക് തിരിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. ഇവരില്‍ പലര്‍ക്കും തങ്ങള്‍ക്കു നിര്‍ബന്ധമായി ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യം (ESB-END OF SERVICE BENEFIT) എന്താണെന്നോ എത്രയാണെന്നോ അറിയില്ല. ഇതെങ്ങിനെ കണക്ക് കൂട്ടണമെന്നോ ഇവര്‍ക്ക് അറിയില്ല. സൗദിയിലെ മുപ്പതു ലക്ഷം വരുന്ന ഇന്ത്യക്കാരില്‍ 80 ശതമാനത്തോളം 2000 റിയാലില്‍ താഴെ മാത്രം ശമ്പളം വാങ്ങുന്ന ബ്ലൂ കോളര്‍ ജോലിക്കാരെന്ന് അറിയപ്പെടുന്ന സാധാരണ തൊഴിലാളികളാണ്.
വളരെ ലളിതമായ ഈ കണക്കുകൂട്ടല്‍ സാധാരണ തൊഴിലാളികളെ ആശയക്കുഴപ്പത്തിലാക്കാനും മറു ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കാനും വളരെ സങ്കീര്‍ണ്ണമായ രീതിയിലാണ് സ്ഥാപനങ്ങളിലെ അക്കൌണ്ടന്റുമാര്‍ കണക്കു കൂട്ടുക. അത് കൊണ്ട് തന്നെ തിരിച്ചൊരു ചോദ്യം പോലും ഉന്നയിക്കാതെ തരുന്നത് വാങ്ങി പോരുക എന്ന നയമാണ് സാധാരണക്കാരായ തൊഴിലാളികള്‍ സ്വീകരിച്ചു പോരുന്നത്.
സാധാരണക്കാരായ പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ മനസ്സിലാകുന്നതിനു വേണ്ടി വളരെ ലളിതമായി ഒരു സാധാരണ തൊഴിലാളിയുടെ ഇ.എസ്.ബിയെക്കുറിച്ച് താഴെ വിവരിക്കുന്നു.
സൗദി അറേബ്യയില്‍ ജോലിക്കെത്തുന്ന ഓരോ പ്രവാസിയും നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ഒരു വാക്കാണ്‌ ഇ.എസ്.ബി. ഹൗസ്‌ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ ഒഴികെ സൗദി തൊഴില്‍ നിയമത്തിന്റെ കീഴില്‍ വരുന്ന എല്ലാവര്ക്കും നിര്‍ബന്ധമായി ലഭിക്കേണ്ട ഒരു ആനുകൂല്യമാണിത്.
മിക്കവരും കരുതുന്ന പോലെ ഇത് നാട്ടില്‍ പോകുന്ന സമയത്ത് തൊഴിലുടമ തരുന്ന ഒരു ഔദാര്യമല്ല, മറിച്ചു നിങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണ്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 84 വക വച്ച് തരുന്ന അവകാശം. എന്നാല്‍ ഇപ്പോഴും നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം വരുന്ന പ്രവാസികളും ഇതിനെപ്പറ്റി ബോധവാന്മാരല്ല. ഇ.എസ്.ബിയെപ്പറ്റി അറിവില്ലാത്തത് കൊണ്ട് മിക്ക പ്രവാസികള്‍ക്കും ഈ ആനുകൂല്യം നഷ്ടപ്പെടുന്നു.
സൗദി തൊഴില്‍ നിയമത്തിലെ 84 മുതല്‍ 87 വരെയുള്ള വകുപ്പുകളാണ് ഇ.എസ്.ബിയെക്കുറിച്ച് വിവരിക്കുന്നത്. അതില്‍ വകുപ്പ് 84 എന്താണ് ഇ.എസ്.ബി എന്ന് നിര്‍വചിക്കുന്നു. അത് പ്രകാരം തൊഴിലുടമയുമായുള്ള തൊഴില്‍ കരാര്‍ അവസാനിക്കുമ്പോള്‍ തൊഴിലാളിക്ക് നല്‍കേണ്ട തുകയാണ് ഇതെന്നു പറയുന്നതോടൊപ്പം തന്നെ നല്‍കേണ്ട തുക എത്രയാണെന്നും പറയുന്നു.  
ആ വകുപ്പില്‍ തന്നെ നല്‍കേണ്ട തുക എത്രയാണെന്നും വിവരിക്കുന്നു. ആദ്യത്തെ അഞ്ചു വര്‍ഷത്തിനു ഓരോ വര്‍ഷത്തിനും അടിസ്ഥാന മാസ ശമ്പളത്തിന്റെ പകുതി തുകയും അതിനു ശേഷം ഓരോ വര്‍ഷത്തിനും മുഴുവന്‍ മാസ ശമ്പളവും നല്‍കണം.
ഒരാളുടെ സര്‍വീസിലെ അവസാനം ലഭിച്ച മാസ ശമ്പളം (LAST MONTH WAGE OR LMW)  ആണ് ESB കണക്കാക്കുന്നതിനു അടിസ്ഥാനമായി എടുക്കുന്നത്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 84 പ്രകാരം ആദ്യത്തെ അഞ്ചു വര്ഷം വരെ ഓരോ വര്‍ഷത്തിനും LMW ന്റെ പകുതി ശമ്പളവും അതിനു ശേഷം ഓരോ വര്‍ഷത്തിനും മുഴുവന്‍ ശമ്പളവും ലഭിക്കും. അവസാന വര്‍ഷത്തിലെ അവശേഷിക്കുന്ന ദിവസങ്ങള്‍ക്കും കൂടി ESB ലഭിക്കേണ്ടതാണ്.  അതായത് ഒരാള്‍ നാല് വര്‍ഷവും മൂന്നു മാസവും ഒരു തൊഴിലുടമയുടെ കൂടെ ജോലി ചെയ്‌താല്‍ അവസാനത്തെ മൂന്നു മാസങ്ങള്‍ക്ക് കൂടി ESBക്ക് തൊഴിലാളി അര്‍ഹനാണ്.
ഇനി അത് കണക്കാക്കുന്ന രീതി എങ്ങിനെയെന്ന് നോക്കാം. ഉദാഹരണമായി 2000 റിയാല്‍ ശമ്പളമുള്ള ഒരാള്‍ക്ക്‌ പത്തു വര്‍ഷവും മൂന്നു മാസവും സര്‍വീസ്‌ ഉണ്ട് എന്ന് കരുതുക. എങ്കില്‍ ആദ്യത്തെ അഞ്ചു വര്‍ഷത്തേക്ക് ESB ആയി അയാള്‍ക്ക്‌ ലഭിക്കുക 1000 റിയാല്‍ വീതം ആയിരിക്കും. അതിനു ശേഷം അഞ്ചു വര്‍ഷത്തേക്ക് ESB ആയി 2000 റിയാല്‍ വച്ച് തന്നെ കിട്ടുന്നു.
ഇനി അവസാനത്തെ മൂന്നു മാസത്തേക്കുള്ള ESB എങ്ങിനെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം.
LMW നെ 365.25 കൊണ്ട് ഹരിക്കുക. അപ്പോള്‍ കിട്ടുന്നതാണ് നിങ്ങളുടെ ഒരു ദിവസത്തെ ESB. അതിനെ മൂന്നു മാസം (തൊണ്ണൂറു ദിവസം) കൊണ്ട് ഗുണിക്കുക. അപ്പോള്‍ നിങ്ങള്ക്ക് മൂന്നു മാസത്തെ ESB  ലഭിക്കും.
അതായത്: 2000 (LMW) / 365.25 = 5.48.00 (ഒരു ദിവസത്തെ ESB)
          5.48 x 90 = 493.20 ഇതാണ് നിങ്ങളുടെ തൊണ്ണൂറു ദിവസത്തെ ESB.
ഇതിനു പുറമേ വകുപ്പ് നൂറ്റി ഒന്‍പതു പ്രകാരം ഉപയോഗിക്കാത്ത വാര്‍ഷിക ലീവുകളുടെ പണവും കൂടി ലഭിക്കേണ്ടതാണ്. ആദ്യ അഞ്ചു വര്ഷം വരെ ഓരോ വര്‍ഷത്തേക്കും ഇരുപത്തി ഒന്ന് ദിവസവും അതിനു ശേഷം ഓരോ വര്‍ഷത്തേക്കും മുപ്പതു ദിവസവും ആണ് കണക്ക്.
തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന രീതി അനുസരിച്ച് ഇ എസ് ബി യുടെ കണക്കിലും വ്യത്യാസം വരാം. രണ്ടു വര്ഷം മുതല്‍ അഞ്ചു വര്ഷം വരെ സര്‍വീസുള്ള ഒരു തൊഴിലാളി സ്വമേധയാ രാജി വെക്കുകയാണെങ്കില്‍ മൊത്തം ഇ എസ് ബി യുടെ മൂന്നില്‍ ഒരു ഭാഗത്തിന് മാത്രമേ അര്‍ഹതയുള്ളൂ. അഞ്ചു മുതല്‍ പത്തു വര്ഷം വരെ സര്‍വീസുള്ള തൊഴിലാളിക്ക് സ്വയം രാജി വെച്ച് പോരുമ്പോള്‍ മൂന്നില്‍ ഒന്ന് ഭാഗം ഇ എസ് ബി ലഭിക്കും. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള തൊഴിലാളികള്‍ക്ക് സ്വയം രാജി വെച്ച് പോരുകയാനെങ്കിലും മുഴുവന്‍ തുകയും ഇ എസ് ബി യായി നല്‍കണമെന്നാണ് നിയമം.   
നിരവധി പ്രവാസികള്‍ അവര്‍ക്ക് വാര്‍ഷിക അവധിയില്‍ പോകുമ്പോള്‍ ലഭിച്ചിരുന്ന ലീവ് സാലറിയെ (Annual Leave Salary or Vacation Salary) ഇ.എസ്.ബി ആയി തെറ്റിദ്ധരിക്കുന്നു. ഇവ തമ്മിലുള്ള വ്യത്യാസം മനസിലാക്കിയിട്ടുള്ളത് വളരെ കുറച്ച് ആളുകള്‍ മാത്രമാണ്. പണം നഷ്ടമാവാതിരിക്കാന്‍ ഈ വ്യത്യാസവും മനസ്സിലാക്കേണ്ടതാണ്.
ലീവ് സാലറിയും ഇ.എസ്.ബിയും രണ്ടാണ്. ലീവ് സാലറി വാര്‍ഷികാടിസ്ഥാനത്തില്‍ ലഭിക്കുന്നതും ഇ.എസ്.ബി സൌദിയിലെ ഒരു തൊഴിലുടമയുടെ കീഴിലെ തൊഴില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്നതും ആണ്.
സൌദിയിലെ ഒരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 109 അയാള്‍ക്ക്‌ 5 വര്‍ഷം വരെ വര്‍ഷത്തില്‍ 21 ദിവസത്തില്‍ കുറയാത്ത വാര്‍ഷിക ലീവും ഒരേ തൊഴിലുടമയുടെ കീഴില്‍ തുടര്‍ച്ചയായ 5 വര്‍ഷത്തിനു ശേഷം ഓരോ വര്‍ഷവും 30 ദിവസത്തെ വാര്‍ഷിക ലീവും അനുവദിച്ചു തരുന്നുണ്ട്. 
ഇത് നിര്‍ബന്ധമായും മുന്‍കൂര്‍ ശമ്പളത്തോടു കൂടി അനുവദിച്ചു നല്‍കേണ്ടതാണ്. അല്ലാത്ത പക്ഷം കുറ്റം തെളിഞ്ഞാല്‍ തൊഴിലുടമയില്‍ നിന്നും അധികൃതര്‍ക്ക്‌ രണ്ടായിരത്തില്‍ കുറയാതെയും അയ്യായിരത്തില്‍ കൂടാതെയുമുള്ള സംഖ്യ പിഴയായി ഈടാക്കാം.
ഈ വാര്‍ഷിക അവധി തൊഴിലുടമയുടെ സമ്മതത്തോടു കൂടി അടുത്ത വര്‍ഷത്തേക്ക് മാറ്റി ഒരുമിച്ചെടുക്കുകയും ചെയ്യാവുന്നതാണ്. ഇങ്ങനെ അവധിക്കു പോകുമ്പോള്‍ ലഭിക്കുന്ന ഈ സംഖ്യയെ ആണ് പല പ്രവാസികളും ഇ.എസ്.ബി ആയി തെറ്റിദ്ധരിക്കുന്നത്.
ലീവ് സാലറി എന്നാല്‍ വര്‍ഷം തോറും ലഭിക്കുന്ന വകുപ്പ് 109 അനുസരിച്ചുള്ള ‘അവധി ആനുകൂല്യവും’, ഇ.എസ്.ബി എന്നാല്‍ പ്രസ്തുത തൊഴിലുടമയുടെ കീഴിലുള്ള തൊഴില്‍ അവസാനിപ്പിക്കുമ്പോള്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന വകുപ്പ് 84 പ്രകാരവുമുള്ള ‘മുഴുവന്‍ സര്‍വീസ്‌ ആനുകൂല്യവും’ ആണ്. ഇത് രണ്ടും തമ്മില്‍ ആശയകുഴപ്പത്തിലാവരുത്.

 

You may have missed

Copy Protected by Chetan's WP-Copyprotect.