മലയാളിയായ പ്രവാസി പ്രമുഖന്‍ സണ്ണി വര്‍ക്കിയുടെ ജെംസ് എജുക്കേഷന്‍ ഗ്രൂപ്പിന്റെ വരുമാനത്തിന്‍റെ ഒരു ഭാഗം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ഫോക്സ് ന്യൂസ് ആരോപണം. യു.എ.ഇ യില്‍ പ്രതിഷേധം

0
2

 

യു എ ഇ: മലയാളിലായ പ്രവാസി പ്രമുഖന്‍ സണ്ണി വര്‍ക്കി ദുബായ് ആസ്ഥാനമാക്കി നടത്തുന്ന ജെംസ് സ്കൂളുകളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു ഭാഗം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നുവെന്ന് ആരോപണം. അമേരിക്കയിലെ ഫോക്സ് ടെലിവിഷന്‍ ഷോയിലാണ് ചാനലിന്‍റെ എഡിറ്റര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ആരോപണത്തിനെതിരെ യു.എ.ഇ യുടെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.
അമേരിക്കയിലെ രാഷ്ട്രീയ വെബ്സൈറ്റായ ഡൈലി കാളര്‍ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം ഉദ്ധരിച്ചാണ് ആരോപണം ഉന്നയിച്ചത്. അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ടെലിവിഷന്‍ കാമ്പയിനിന്‍റെ ഭാഗമായിരുന്നു ആരോപണം. ആരോപണത്തിന് ശേഷം പ്രസ്തുത ആരോപണം വെബ്‌സൈറ്റിന്റെ നിലപാടാണെന്നും ചാനലിന്റെ നിലപാടല്ലെന്നും ഫോക്സ് ന്യൂസ് വ്യക്തമാക്കി.  
ഫോക്സ് ചാനലിന്റെ വിദേശകാര്യ മാര്‍ക്കറ്റിംഗ് എഡിറ്റര്‍ ആഷ്‌ലി വെബ്സ്റ്ററാണ് വെബ്സൈറ്റിലെ പ്രസ്തുത ഭാഗം ടെലിവിഷന്‍ ഷോയില്‍ ഉദ്ധരിച്ചത്. യു.എ.ഇ യിലെ ജെംസ് എജുക്കേഷന്‍ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഏഷ്യയിലുമായി നൂറു കണക്കിന് സ്കൂളുകള്‍ നടത്തുന്നുണ്ടെന്നും അവിടങ്ങളില്‍ മറ്റു വിഷയങ്ങളുടെ കൂടെ ശരിഅത് നിയമം കൂടി പഠിപ്പിക്കുന്നുവെന്നും ആഷ്‌ലി വ്യക്തമാക്കുന്നു. മതപരമായ നികുതി എന്ന പേരില്‍ ജെംസ് എജുക്കേഷന്‍ നല്‍കുന്ന നികുതിയുടെ ഒരു ഭാഗം സക്കാത്ത് എന്ന മതപര നികുതുയെന്ന പേരില്‍  ഇസ്ലാമിക് ജിഹാദിന് വേണ്ടിയാണ് പോകുന്നതെന്നും ആഷ്‌ലി കൂട്ടിച്ചേര്‍ത്തു.  
ഇത്തരത്തില്‍ കിട്ടുന്ന വരുമാനത്തില്‍ നിന്നും ജെംസ് എജുക്കേഷന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനു 50 ലക്ഷം ഡോളര്‍ ഫീസ്‌ ആയി നല്‍കിയെന്നും വാര്‍ണര്‍ പറയുന്നു. സണ്ണി വര്‍ക്കിയുടെ സാമൂഹിക പ്രവര്‍ത്തനത്തിനായുള്ള ഫൌണ്ടേഷന്‍റെ ഹോണററി ചെയമാനാണ് ബില്‍ ക്ലിന്റന്‍. വര്‍ക്കിയുടെ വിവിധ സ്കൂളുകളില്‍ ബില്‍ ക്ലിന്റന്‍ ഇടയ്ക്കിടെ പ്രഭാഷണങ്ങള്‍ നടത്താറുണ്ട്‌. പ്രസിഡന്റ് തിരഞെടുപ്പില്‍ മത്സരിക്കുന്ന ബില്‍ ക്ലിന്റന്റെ ഭാര്യ ഹിലരി ക്ലിന്റന്‍ എതിരാകുന്ന വിധമാണ് ആരോപണം ഉന്നയിച്ചതെങ്കിലും ജെംസ് എജുക്കേഷന്‍ ഗ്രൂപ്പിന് എതിരെയുള്ള പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കുട്ടികളുടെ രക്ഷിതാക്കളും മറ്റും രംഗത്ത് വന്നു കഴിഞ്ഞു.
ഹിലരി ക്ലിന്റന്റെ ജനസമ്മതി കുറക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ആരോപണത്തില്‍ സംശയത്തിന്റെ നിഴലിലായത് ഏറെ പ്രശസ്തമായ വിദ്യഭ്യാസ ഗ്രൂപ്പാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. അങ്ങേയറ്റം നിരുത്തരവാദപരമായ പ്രസ്താവനയാണ് ഫോക്സ് ന്യൂസ് നടത്തിയിട്ടുള്ളത്. രാജ്യത്തെ സ്ഥാപനങ്ങള്‍ നല്‍കുന്നത് രാജ്യത്ത് നിയമപരമായി വ്യവസ്ഥാപിതമായ നികുതിയാണ്. പ്രസ്താവന നടത്തിയവര്‍ക്ക് രാജ്യത്തെ വിദ്യാഭ്യാസ സംസ്കാരത്തെ കുറിച്ച് അറിയില്ല. യു.എ.ഇ യിലെ എല്ലാ സ്കൂളുകളിലും ഇസ്ലാമിക വിഷയം പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് ഇത് പഠിക്കേണ്ടത് നിര്‍ബന്ധമില്ല. അവര്‍ക്ക് മറ്റു വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുവാദമുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കാതെ ഗുരുതരമായ ആരോപണം ഉന്നയിച്ചത് തെറ്റാണെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.
വിഷയത്തില്‍ ജെംസ് എജുക്കേഷനല്‍ ഗ്രൂപ്പ് ഇത് വരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിഷയത്തില്‍ ആരോപണം പിന്‍വലിച്ചു ഫോക്സ് ന്യൂസ് മാപ്പ് പറയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌. എന്നാല്‍ തങ്ങളുടെ ഷോയില്‍ ഉദ്ധരിച്ചത് പ്രസ്തുത വെബ്സൈറ്റിലെ ഭാഗം മാത്രമാണെന്നും അതില്‍ തങ്ങള്‍ക്കു വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥരല്ലെന്നുമാണ് ഫോക്സ് ന്യൂസിന്‍റെ നിലപാട്.