യു.എ.ഇ: ക്രെഡിറ്റ് കാര്ഡ്, ചെക്ക്, ലോണ്‍ തുടങ്ങിയവയില്‍ സാമ്പത്തിക പ്രതിസന്ധിയിലായവരെ അപമാനിക്കുന്ന റിക്കവറി ഏജന്റുമാര്‍

യു.എ.ഇ: പല വിധ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് കടം തിരിച്ചടക്കാന്‍ സാധിക്കാത്തത്തവരെ ബാങ്കുകളുടെ റിക്കവറി ഏജന്റുമാര്‍  ഭീഷണിപ്പെടുത്തുകയും ഫോണിലൂടെയും നേരിട്ടും അസഭ്യം പറയുകയും ജോലി സ്ഥലത്തേക്ക് കയറി വന്നു ബഹളമുണ്ടാക്കി നാണം കെടുത്തുകയും ചെയ്യുന്നതായി പരാതി ഉയരുന്നു. ബാങ്ക് ലോണുകള്‍ എടുത്തും ക്രെഡിറ്റ്‌ കാര്‍ഡ് ഉപയോഗം വഴിയും ചെക്കുകള്‍ മടങ്ങിയും കടക്കെണിയില്‍ ആയവരുടെ പക്കല്‍ നിന്നും കുടിശ്ശിക പിരിക്കാനാണ് ഏജന്റുമാര്‍ ഭൂഷണമല്ലാത്ത രീതിയില്‍ ശ്രമിക്കുന്നത്. പല മലയാളികളും ഇവരുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇപ്പോഴും ഇത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.  
പലപ്പോഴും ചെക്ക് കേസുകളില്‍ പണം നല്കാനുള്ളവരുടെ കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ജയില്‍ ശിക്ഷ ഒഴിവാക്കുന്നതിനായി ന്യായാധിപര്‍ ഒരു തുക പിഴയായി ചുമത്താറുണ്ട്. ഈ തുക ലഭിക്കുന്നതിനായി പണം ലഭിക്കാനുള്ള ബാങ്ക് സിവില്‍ കേസ് നല്‍കുകയും പണം ഈടാക്കിയെടുക്കുകയും ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ ഈ നടപടികള്‍ക്ക് കാലതാമസം വരുമെന്നതിനാല്‍ കേസ് നടക്കുമ്പോള്‍ തന്നെ ബാങ്കുകള്‍ പണം ഈടാക്കാന്‍ റിക്കവറി ഏജന്റുമാരെ നിയോഗിച്ച് സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉപയോഗിച്ച് പണം എളുപ്പത്തില്‍ ലഭിക്കാന്‍ ശ്രമിക്കുന്നു. 
ബാങ്കുകള്‍ പണം ലഭിക്കാനുള്ളവരുടെ കേസുകള്‍ ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ റിക്കവറി ഏജന്റുമാര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. കോടതിയില്‍ ഇത് സംബന്ധിച്ച കേസുകള്‍ നിലവിലുണ്ടോ എന്നും കേസ് നടക്കുന്നുണ്ടോ എന്നും പരിഗണിക്കാതെയാണ് ഇത്തരം ബാങ്കുകള്‍ റിക്കവറി ഏജന്റുമാര്‍ക്ക് ഫയലുകള്‍ കൈമാറുന്നത്. പിന്നീട് ആ പണം എത്രയും പെട്ടെന്ന് പിരിച്ചെടുക്കേണ്ടത് റിക്കവറി ഏജന്റുമാരുടെ ചുമതലയാണ്. അതിനായി അവര്‍ പലതരത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളും ഉപയോഗിക്കുന്നു.
പലപ്പോഴും ബാങ്കുകള്‍ നിയോഗിക്കുന്ന റിക്കവറി ഏജന്റുമാര്‍ പണം തരാനുള്ളവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പോയി മറ്റുള്ള സഹപ്രവര്‍ത്തകരുടെയും മാനേജര്‍മാരുടെയും മുന്നില്‍ വെച്ച് അധിക്ഷേപിക്കുകയും ഉടനെ പണം നല്‍കിയില്ലെങ്കില്‍ പോലീസിനെ വരുത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സ്ഥാപനത്തിന്‍റെ ഹ്യൂമന്‍ റിസോഴ്സസ് വിഭാഗത്തിന്റെ മേധാവിക്കോ മറ്റു ഉദ്യോഗസ്ഥന്മാരോടോ ജീവനക്കാരനെ പറ്റി തരം താഴ്ത്തി സംസാരിക്കുകയും ചെയ്യും.  
മാനഹാനി ഭയന്ന് മറ്റുള്ളവരില്‍ നിന്ന് ഉടന്‍ പണം തരപ്പെടുത്തി കടത്തിന്റെ ഒരു ഭാഗം നല്‍കാന്‍ കുടിശ്ശികക്കാരന്‍ തയ്യാറാവുകയോ അല്ലെങ്കില്‍ പെട്ടെന്ന് തന്നെ മറ്റൊരവധി പറഞ്ഞു ആ തിയ്യതിക്ക് മുന്‍പായി പണം ഏര്‍പ്പാടാക്കി കുടിശ്ശിക തീര്‍ത്തു നല്‍കുകയോ ചെയ്യാന്‍ അയാളെ നിര്‍ബന്ധിതരാക്കുകയാണ് ഇത്തരം ഓഫീസ് സന്ദര്‍ശനങ്ങളുടെ ഉദ്ദേശം. പലപ്പോഴും വളരെ ചുരുങ്ങിയ ദിവസം അവധി തെറ്റിയവരോട് പോലും ചില റിക്കവറി ഏജന്റുമാര്‍ ഇത്തരത്തില്‍ പെരുമാറുന്നു. എന്നാല്‍ ചില നിലവാരമുള്ള ബാങ്കുകള്‍ റിക്കവറി ഏജന്റുമാര്‍ക്ക് നിശ്ചിത പ്രവര്‍ത്തന നിലവാരവും പെരുമാറ്റ സംഹിതയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതു സാഹചര്യത്തിലായാലും ഭീഷണിപ്പെടുത്തിയോ മറ്റോ പണം പിരിച്ചെടുക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശങ്ങളും ഇതിലുണ്ടാകും.  
ചില ഏജന്റുമാര്‍ പണം നല്‍കാനുള്ളവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ തിരഞ്ഞ് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഫോണ്‍ നമ്പരുകള്‍ തരപ്പെടുത്തി അവരെ വിളിച്ചു വിവരമറിയിക്കുന്നു. അവരില്‍ നിന്നും നാട്ടിലുള്ള ബന്ധുക്കളുടെയും വീട്ടുകാരുടെയും നമ്പരുകള്‍ തരപ്പെടുത്തി വിളിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചില ഏജന്റുമാര്‍ക്ക് നാട്ടിലുള്ള ഇത്തരത്തിലുള്ള സമാനമായ സ്ഥാപനങ്ങളുമായി ബന്ധങ്ങളുണ്ടാകും. ഇക്കൂട്ടരെ കുടിശ്ശികക്കാരന്റെ വീട്ടിലേക്ക് നേരിട്ട് പറഞ്ഞ് വിട്ട് കാര്യങ്ങള്‍ പറഞ്ഞു ഭീഷണിപ്പെടുത്താനും ഇക്കൂട്ടര്‍ മടി കാണിക്കുന്നില്ല.
എല്ലാ റിക്കവറി ഏജന്റുമാരും സഭ്യമല്ലാത്ത രീതികള്‍ അവലംബിക്കുന്നില്ല. എന്നാല്‍ ഭൂരിഭാഗം പേരും തങ്ങള്‍ക്കു ലഭിക്കാനുള്ള കുടിശ്ശിക എത്രയും വേഗത്തില്‍ പിരിച്ചടുക്കാന്‍ ഏതറ്റവും വരെ പോകുന്നതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
ഇത്തരം സഭ്യമല്ലാത്ത പെരുമാറ്റങ്ങള്‍ ഉണ്ടായാല്‍ പ്രസ്തുത റിക്കവറി ഏജന്റിനെ നിയോഗിച്ച ബാങ്കില്‍ അയാളുടെ ആഭാസമായ പെരുമാറ്റത്തെ കുറിച്ച് രേഖാമൂലം പരാതി നല്‍കുകയാണ് വേണ്ടത്. കയ്യേറ്റം ഉണ്ടായാല്‍ പോലീസിലും പരാതി നല്‍കണം. ഇത്തരത്തില്‍ പരാതി നല്‍കുമോ എന്ന ഭയവും റിക്കവറി എജന്റുമാര്‍ക്കുണ്ട്. എന്നാല്‍ പണം നല്‍കാതെ കടക്കെണിയില്‍ ആയവര്‍ നേരിടുന്ന നിയമപ്രശ്നങ്ങളുടെ കൂടെ മറ്റൊരു നിയമപ്രശ്നവും കൂടി സഹിക്കാന്‍ കഴിയാതെ പലരും ഔദ്യോഗികമായി പരാതി നല്‍കാതെ സഹിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടുതല്‍ സമ്മര്‍ദ്ദം ഏല്‍പ്പിക്കാന്‍ റിക്കവറി ഏജന്റുമാര്‍ക്ക് സാഹചര്യമാകുകയാണ് ചെയ്യുന്നത്.

 

You may have missed

Copy Protected by Chetan's WP-Copyprotect.