ജുഡീഷ്യറി അഴിമതിക്ക് എതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം ഒമാന്‍ അടച്ചു പൂട്ടി. ചീഫ് എഡിറ്റര്‍ അടക്കം മൂന്നു പേര്‍ കസ്റ്റഡിയില്‍

0
1

pic

 

ഒമാന്‍/മസ്ക്കറ്റ്: ഒമാനില്‍ ജുഡീഷ്യറിക്ക് അപമാനകരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രം ആസാം (Asamn) സര്‍ക്കാര്‍ അടച്ചു പൂട്ടി. പത്രത്തിന്റെ മൂന്നു ചീഫ് എഡിറ്ററും ഡെപ്യൂട്ടി ചീഫ് എഡിറ്ററും ലേഖകനും അടക്കം മൂന്നു പത്രപ്രവര്ത്തകരെ അറസ്റ്റ് ചെയ്തു. പത്രത്തിന്‍റെ ഓണ്‍ലൈന്‍ വിഭാഗവും അടച്ചു പൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 26 നാണ് പത്രം ഒമാനിലെ നീതിന്യായ രംഗത്തെ കുറിച്ചുള്ള അഴിമതികള്‍ പ്രസിദ്ധപ്പെടുത്തി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. രാജ്യത്തെ സുപ്രീം കോടതിയെ വിമര്‍ശിച്ചും സ്വാധീനമുള്ള ഉദ്യോഗസ്ഥരുടെ കുറ്റകൃത്യങ്ങള്‍ക്ക് എതിരായി വരാനിരിക്കുന്ന വിധിയില്‍ ഒമാനിലെ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇടപെടുന്നതായും വ്യക്തമാക്കി വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പത്രത്തിന്‍റെ ചീഫ് എഡിറ്റര്‍ ഇബ്രാഹിം അല്‍ മാമരിയെ ചോദ്യം ചെയ്യുന്നതിനായി അധികൃതര്‍ വിളിച്ചു വരുത്തുകയും തടഞ്ഞു വെക്കുകയും ചെയ്തിരുന്നു. അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തുടര്‍ന്നാല്‍ പത്രം അടച്ചു പൂട്ടുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
എന്നാല്‍ അഴിമതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് പത്രം തുടര്‍ന്നു. തുടര്‍ന്ന് ആഗസ്റ്റ് മൂന്നിന് പത്രത്തിന്റെ ലേഖകന്‍ സാഹിര്‍ അല്‍ അബ്രിയെ തടഞ്ഞു വെക്കുകയും ചെയ്തു. എങ്കിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു കൊണ്ട് പത്രം മുന്നോട്ടു പോയി. അഗസ്റ്റ് 9 ന് പത്രം മുന്‍പ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയ അഴിമതി ആരോപണങ്ങള്‍ രാജ്യത്തെ സുപ്രീം കോടതി വൈസ് പ്രസിഡന്റ് അലി അല്‍ നൊമാനി ശരി വെക്കുന്ന അഭിമുഖം പ്രസിദ്ധീകരിച്ചു.    
ഇതിനെ തുടര്‍ന്ന് പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ യൂസഫ്‌ അല്‍ ഹജ്ജിനെ ചോദ്യം ചെയ്യുന്നതിനായി പോലീസിന്റെ പ്രത്യേക വിഭാഗം മസ്ക്കറ്റിലെ അല്‍ ഖിസം അല്‍ ഖാസിലുള്ള ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി. അസാം ഡെയിലി ന്യൂസ്പപ്പേര്‍ അടച്ചു പൂട്ടാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഉത്തരവിടുകയും ചെയ്തു. പത്രത്തിന്റെ ഓണ്‍ലൈന്‍ വിഭാഗവും അടച്ചു പൂട്ടി ഉത്തരവായി. പോലീസ് ചോദ്യം ചെയ്യലില്‍ അവശനായ യൂസഫ്‌ ഹജ്ജിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പത്ര പ്രവര്‍ത്തകര്‍ക്ക് എതിരെ ചുമത്തിയിട്ടുള്ള വകുപ്പുകളെ സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം ഇത് വരെ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ പത്രം നടത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണെന്നും രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പ്രസിദ്ധപ്പെടുത്തി.
2014 ല്‍ അസം ദിനപത്രം വ്യവസായ പ്രമുഖരും കമ്പനി ഉദ്യോഗസ്ഥരും അധികൃതരും നടത്തിയ അഴിമതിയുടെ കഥകള്‍ പുറത്തു കൊണ്ട് വന്നിരുന്നു. ഇതേ തുടര്‍ന്ന് പല വ്യവസായികളും ഉദ്യോഗസ്ഥന്മാരും ശിക്ഷിക്കപ്പെടുകയും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരികയും വന്‍തുക പിഴ നല്‍കേണ്ടി വരികയും ചെയ്തിരുന്നു.