10 മാസമായി ശമ്പളം ലഭിക്കാതെ ദുബൈയിലെ ലെജന്‍ഡ് പ്രോജക്റ്റ് കോണ്ട്രാ ക്റ്റിംഗ് കമ്പനിയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍

 

യു.എ.ഇ/ദുബൈ: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്റ്റിംഗ് കമ്പനി കഴിഞ്ഞ പത്തു മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ നരകിപ്പിക്കുന്നതായി പരാതി. ഇതിന് പുറമേ തൊഴിലാളികള്‍ നാട്ടില്‍ പോകാതിരിക്കുന്നതിനായി പാസ്പോര്‍ട്ടുകള്‍ പിടിച്ചു വെച്ചിരിക്കുകയാണെന്നും തൊഴിലാളികള്‍ പറയുന്നു. കമ്പനി ശമ്പളം നല്‍കാത്തതിനാല്‍ ഭക്ഷണം കഴിക്കാനോ നാട്ടിലേക്ക് പണം അയക്കാനോ സാധിക്കാതെ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള നിരവധി തൊഴിലാളികള്‍ മുസഫയിലെ ലേബര്‍ ക്യാമ്പില്‍ നരക യാതന അനുഭവിക്കുകയാണ്.
ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലെജന്‍ഡ് പ്രോജക്റ്റ് കോണ്‍ട്രാക്റ്റിംഗ് എന്ന കമ്പനിയാണ് ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെയും പാസ്പോര്‍ട്ട് പിടിച്ചു വെച്ചും തൊഴിലാളികളെ ദുരിതത്തിലാക്കിയത്. സിറിയന്‍ മാനേജ്മെന്റിന് കീഴിലുള്ള കമ്പനി കഴിഞ്ഞ പത്തു മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. അബ്ദുള്‍ മതീന്‍ അലാലി എന്ന സിറിയക്കാരനാണ് കമ്പനിയുടെ ഉടമസ്ഥന്‍. പല തവണ പലരും കമ്പനിയുമായും ഉടമസ്ഥനുമായും പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ടിട്ടും ഇവര്‍ സഹകരിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഒരു തൊഴിലാളിക്ക് ജീവഹാനി സംഭവിച്ചിട്ടും ഇടപെടാനോ ആവശ്യമായ സഹായങ്ങള്‍ ചെയ്യാനോ ആരും തയ്യാറായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. 
എന്നാല്‍ കഴിഞ്ഞ ദിവസം യു.എ.ഇ യിലെ പ്രമുഖ പത്രത്തിന്‍റെ ലേഖകന്റെ സമയോചിതമായ ഇടപെടലിലൂടെ മുസഫയില്‍ ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്ന തൊഴിലാളികള്‍ക്ക് തൊഴിലുടമയില്‍ നിന്ന് പാസ്പോര്‍ട്ട് തിരിച്ചു കിട്ടിയതായി തൊഴിലാളികള്‍ പറയുന്നു. തങ്ങളുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി സ്ഥലത്തെത്തിയ ഖലീജ് ടൈംസ്‌ പത്രത്തിന്റെ ലേഖകന്‍ അശ്വിനി കുമാര്‍ തൊഴിലാളികളോടൊപ്പം ഇരുന്നു അവരുടെ ദുരിതം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യുകയായിരുന്നു. പോസ്റ്റ്‌ വൈറല്‍ ആയതോടെ ഇക്കാര്യത്തില്‍ കമ്പനിയെ വിമര്‍ശിച്ചു കൊണ്ടും പ്രതിസ്ഥാനത്ത് നിര്‍ത്തി കൊണ്ടും അനേകം ആളുകള്‍ പ്രതികരണം അറിയിച്ചു.
ഇതോടെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും യു.എ.ഇ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും പ്രതിനിധികള്‍ തൊഴിലാളികളെ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. എത്രയും പെട്ടെന്ന് പാസ്പോര്‍ട്ട് തിരിച്ചു ലഭിക്കാനും നാട്ടിലെത്തിക്കാനും അവസരം ഒരുക്കുന്ന നടപടികള്‍ സ്വീകരിക്കാമെന്ന വാഗ്ദാനവും നല്‍കി. വിസ നടപടികള്‍ക്കുള്ള രേഖകള്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തുവെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ എംബസ്സി ഓരോ തൊഴിലാളിക്കും 1200 ദിര്‍ഹം വീതം ഭക്ഷണത്തിനും മറ്റുമായി സഹായ ധനം വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പ്രോസസ് ചെയ്യുന്നതിനായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സന്ദേശം അയച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസ്സിയുടെ കമ്മ്യൂണിറ്റി അഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പറഞ്ഞു.   
ഇതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയായപ്പോള്‍ അടുത്ത ദിവസം തന്നെ കമ്പനിയുടെ അക്കൌണ്ടന്റ് തൊഴിലാളികളുടെ പാസ്പോര്‍ട്ടുമായി ക്യാമ്പില്‍ എത്തി തൊഴിലാളികള്‍ക്ക് കൈമാറുകയായിരുന്നു. ശമ്പളത്തെ കുറിച്ചുള്ള തങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഇയാള്‍ തയ്യാറായില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. ഇന്ത്യന്‍ എംബസ്സിയും കോണ്‍സുലേറ്റും ഇടപെട്ട് താമസിയാതെ തന്നെ ശമ്പള കുടിശ്ശികയും കമ്പനിയില്‍ നിന്നും തങ്ങള്‍ക്കു ലഭ്യമാക്കി നാട്ടിലേക്ക് കയറ്റി വിടുമെന്നാണ് പ്രതീക്ഷയെന്നും തൊഴിലാളികള്‍ പറയുന്നു.  

 

You may have missed

Copy Protected by Chetan's WP-Copyprotect.