«

»

Print this Post

നാട്ടില്‍ പോകാന്‍ കഴിയാതെ ദുരിത കിടക്കയില്‍ പട്ടാമ്പി സ്വദേശി മൂസക്കുട്ടി. 15 ലക്ഷം ദിര്‍ഹം നല്കാിനില്ലാത്തതിനാല്‍ കോടതിയുടെ യാത്രാ നിരോധനം

moosa

 

യു.എ.ഇ/ഷാര്‍ജ: സ്പോണ്‍സര്‍ നല്‍കിയ ചെക്ക് കേസുകളില്‍ 15 ലക്ഷം ദിര്‍ഹം (2.55 കോടി രൂപ) നല്കാനില്ലാത്തതിനാല്‍ കോടതി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ പട്ടാമ്പി സ്വദേശി മൂസക്കുട്ടി (45) കഴിഞ്ഞ അഞ്ചു മാസമായി ദുരിതക്കിടക്കയില്‍. ശരീരത്തിന്‍റെ വലതു വശം തളര്‍ന്ന നിലയില്‍ അഞ്ചു മാസം  മുന്‍പ് ഷാര്‍ജയിലെ കുവൈറ്റ്‌ ആശുഅപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള മൂസകുട്ടിക്ക് ശരീരം ചലിപ്പിക്കാനോ സംസാരിക്കാനോ സാധിക്കില്ല.
2004 മുതല്‍ റാസല്‍ഖൈമയില്‍ നിര്‍മ്മാണ സാമഗ്രികളുടെ ഷോപ്പ് നടത്തി വരികയായിരുന്നു മൂസകുട്ടി. രണ്ടു വര്‍ഷത്തോളം ബിസിനസ് നല്ല രീതിയില്‍ തന്നെ നടന്നു. കടമായി സാധനങ്ങള്‍ വാങ്ങിയ ചില കക്ഷികള്‍ പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് 2006 ഓടു കൂടി ബിസിനസ് നഷ്ടത്തിലേക്ക്‌ നീങ്ങി തുടങ്ങി. പിന്നീട് ആ കടങ്ങളില്‍ നിന്നും തിരിച്ചു കയറാന്‍ മൂസക്കുട്ടിക്കു സാധിച്ചിട്ടില്ല. പണം നല്‍കാനുണ്ടായിരുന്ന പലര്‍ക്കും താല്ക്കാലികാശ്വാസത്തിനു വേണ്ടി സെക്യൂരിറ്റി ചെക്കുകള്‍ നല്‍കിയിരുന്നു.  
ഈ സമയത്ത് തന്നെ സ്പോണ്‍സറുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായി. പണം നല്‍കാനുണ്ട് എന്ന് കാണിച്ചു സ്പോണ്‍സര്‍ മൂസകുട്ടിക്കെതിരെ റാസല്‍ഖൈമ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പിന്നീട് ചെക്ക് കേസുകളുടെ ഒരു നിര തന്നെ മൂസക്കുട്ടിക്കു എതിരായി ഫയല്‍ ചെയ്യപ്പെട്ടു. കോടതി വിധി എതിരായതോടെ 2007 ല്‍ മൂസകുട്ടിക്ക് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു. 2008 ല്‍ ജയില്‍ ശിക്ഷ അവസാനിച്ചുവെങ്കിലും മൂസകുട്ടിക്കെതിരെ സ്പോണ്‍സര്‍ പണം ലഭിക്കുന്നതിനു വേണ്ടി സിവില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ സ്പോണ്‍സര്‍ക്ക് 15 ലക്ഷം റിയാല്‍ നല്‍കുന്നതിനു കോടതി ഉത്തരവായി. കടം കയറി സ്വന്തം ചിലവിന് പോലും പണം ഇല്ലാതിരുന്ന മൂസകുട്ടിക്കു പണം കൊടുത്തു തീരും വരെ കോടതി യാത്രാ നിരോധനം ഏര്‍പ്പെടുത്തി.
നാട്ടിലെ വസ്തുവകകള്‍ വിറ്റ് പണം കണ്ടെത്തി കേസ് തീര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ആവശ്യമായ പണം കണ്ടെത്താന്‍ സാധിച്ചില്ല. കോടതി വിധി വീണ്ടും എതിരായതോടെ 2012 ല്‍ മൂസകുട്ടി വീണ്ടും ജയിലിലായി. മൂന്നു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2015 ല്‍ ജയില്‍ മോചിതനായെങ്കിലും സ്പോണ്‍സര്‍ക്ക് നല്‍കാന്‍ കോടതി വിധിച്ച പണം നല്‍കി കഴിഞ്ഞാല്‍ മാത്രമേ യാത്രാ നിരോധനം നീങ്ങൂ എന്നതിനാല്‍ നാട്ടില്‍ പോകാന്‍ സാധിച്ചില്ല.
ഷാര്‍ജയില്‍ ഒരു സുഹൃത്തിന്‍റെ കൂടെയായിരുന്നു ജയില്‍ മോചിതനായ ശേഷം മൂസക്കുട്ടി താമസിച്ചിരുന്നത്. നാല് മാസം കടുത്ത നെഞ്ചു വേദനയെ തുടര്‍ന്ന് ഷാര്‍ജയിലെ കുവൈറ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂസകുട്ടിക്കു പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ വലതു ഭാഗം കൂടി തളര്‍ന്നു.    
കഴിഞ്ഞ മൂന്നു മാസമായി സന്ദര്‍ശന വിസയില്‍ ഷാര്‍ജയില്‍ എത്തിയ സഹോദരന്‍ ഹൈദരാണ് മൂസകുട്ടിയെ പരിചരിക്കുന്നത്. സന്ദര്‍ശന വിസയുടെ കാലാവധി അവസാനിക്കുന്നതിനാല്‍ ഞായറാഴ്ച ഹൈദറിന് നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഇപ്പോള്‍ സംസാരിക്കാനും ശരീരം ചലിപ്പിക്കാനും മൂസകുട്ടിക്കു കഴിയില്ല. തിരിഞ്ഞു കിടക്കണമെങ്കില്‍ പോലും പരസഹായം ആവശ്യമാണ്‌.  
മൂസകുട്ടിക്കു വേണ്ടി ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥര്‍ സ്പോണ്‍സറുമായി സംസാരിച്ചുവെങ്കിലും പത്തു ലക്ഷം ദിര്‍ഹമെങ്കിലും ലഭിച്ചാല്‍ മാത്രമേ കേസ് പിന്‍വലിക്കൂ എന്ന നിലപാടിലാണ് അദ്ദേഹം. ഈ അവസ്ഥയില്‍ പത്തു ലക്ഷം ദിര്‍ഹം എന്നത് മൂസകുട്ടിയുടെ കുടുംബത്തിനു സ്വപ്നം കാണാന്‍ പോലും സാധിക്കാതെ തുകയാണ്.
11 വര്‍ഷം മുന്‍പാണ് മൂസക്കുട്ടി അവസാനമായി നാട്ടില്‍ പോയത്. അതിനു ശേഷം ഭാര്യയെയോ കുട്ടികളെ നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല. നാട്ടില്‍ ഭാര്യയും മൂന്നു കുട്ടികളും ഉദാരമതികളുടെ കാരുണ്യത്തിലാണ് ജീവിതം തള്ളി നീക്കുന്നത്. മൂത്ത മകള്‍ക്ക് 222 വയസ്സായെങ്കിലും ജോലിയില്ല. മൂസകുട്ടിയെ നാട്ടിലേക്ക് കൊണ്ട് വരുന്നതിനായി സമാഹരിക്കാവുന്ന പരമാവധി പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് വീട്ടുകാര്‍. കാരുണ്യവാന്മാരായ ഏതെങ്കിലും വ്യക്തികള്‍ സഹായിക്കാതിരിക്കില്ല എന്ന ഉറച്ച വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് കുടുംബം ഇപ്പോള്‍. 

 

Permanent link to this article: http://pravasicorner.com/?p=19345

Copy Protected by Chetan's WP-Copyprotect.