«

»

Print this Post

പ്രശ്ന പരിഹാരത്തിനായി സൗദി ഓജര്‍ ഉടമ സാദ് ഹരിരി സൗദിയില്‍. കമ്പനി വില്‍ക്കാനോ ഓഹരി കൈമാറാനോ ശ്രമം. പത്ത് ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടായേക്കും

SAD

സൗദി അറേബ്യ: സൗദി ഓജര്‍ കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തൊഴിലാളികളുടെ മുടങ്ങി കിടക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള വഴികള്‍ കാണുന്നതിനുമായി സൗദി ഓജര്‍ ഉടമയും മുന്‍ ലെബനന്‍ പ്രധാന മന്ത്രിയുമായ സാദ് അല്‍ ഹരിരി സൗദിയില്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.  
സൗദി ഓജര്‍ തൊഴിലാളി പ്രശ്നം ലോക ശ്രദ്ധ ആകര്‍ഷിക്കുകയും വിവിധ രാജ്യങ്ങള്‍ തങ്ങളുടെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു സൗദി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതിന്റെ ഫലമായി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
സൗദി ഓജര്‍ കമ്പനിയുടെ ഉടമസ്താവകാശം സൗദി സര്‍ക്കാരിനോ രാജകുടുംബത്തിലെ ഏതെങ്കിലും അംഗത്തിനോ കൈമാറാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അന്തിമ ഘട്ടത്തിലുള്ള ചര്‍ച്ചയിലൂടെ പത്തു ദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമ്പനിയുടെ ഉടസ്ഥാവകാശം കൈമാറിയാലും 40 ശതമാനം ഓഹരി നിലനിര്‍ത്താനുള്ള ഹരിരിയുടെ ശ്രമങ്ങളാണ് ചര്‍ച്ച ഫലപ്രാപ്തിയിലെത്തുന്നത് നീളാന്‍ കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  
എണ്ണ വിലയിടിവ് മൂലവും സൗദി സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള തുക ലഭിക്കാതെ നീണ്ടു പോകുന്നത് മൂലവുമാണ് കമ്പനിക്കു ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. അതിനു പുറമേ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തുകകള്‍ നല്‍കാതെ ബില്ലുകള്‍ പാസ്സാക്കി നല്‍കരുതെന്ന സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശവും സര്‍ക്കാരില്‍ നിന്നും തുക ലഭിക്കുമെന്ന കമ്പനിയുടെ പ്രതീക്ഷകള്‍ക്ക് വിഘാതമായി.
സര്‍ക്കാരിനോ രാജകുടുംബത്തിലെ അംഗങ്ങള്‍ക്കോ കമ്പനി കൈമാറുന്നത് മൂലം സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള തുകയുടെ ഒരു ഭാഗം എത്രയും പെട്ടെന്ന് ലഭിക്കുമെന്നും അതിലൂടെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് ഭാഗികമായെങ്കിലും പരിഹാരം കാണാമെന്നും കമ്പനി അധികൃതര്‍ പ്രതീക്ഷിക്കുന്നു. കൂടാതെ തുക ലഭിക്കുന്നതോടെ നിലവിലുള്ള പദ്ധതികള്‍ പൂര്തിയാക്കാനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനും അതിലൂടെ നിലവിലുള്ള തൊഴിലാളികളില്‍ ഒരു വിഭാഗത്തെ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനി അധികൃതരുടെ കണക്കു കൂട്ടല്‍.

 

Permanent link to this article: http://pravasicorner.com/?p=19356

Copy Protected by Chetans WP-Copyprotect.