ഒമാന്‍: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞു പോകുന്ന തൊഴിലാളികളുടെ NOC (No Objection Certificate) മറയാക്കി കമ്പനികള്‍ ചൂഷണം നടത്തുന്നുവെന്ന് വ്യാപകമായി പരാതികള്‍ ഉയരുന്നു. പിരിഞ്ഞു പോകുന്ന തൊഴിലാളികള്‍ക്ക് സേവനാനന്തര ആനുകൂല്യങ്ങള്‍ നല്കാതിരിക്കുന്നതിനോ ഗണ്യമായ കുറവ് വരുത്തുന്നതിനോ ആണ് സ്ഥാപന ഉടമകള്‍ ഇത്തരം നിയമ വിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നത്.
ഒമാനില്‍ ഒരു സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞു മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് മുന്‍ തൊഴിലുടമയുടെ NOC ആവശ്യമാണ്. എന്നാല്‍ പല സ്ഥാപന ഉടമകളും ആദ്യ ഘട്ടത്തില്‍ NOC നല്കാന് വിസമ്മതിക്കുകയാണ് ചെയ്യുന്നത്. പിരിഞ്ഞു പോകുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്കാതിരിക്കാനായി വേണ്ടിയാണ് ആദ്യ ഘട്ടത്തില്‍ ഇത്തരം തന്ത്രങ്ങള്‍ ഉടമകള്‍ സ്വീകരിക്കുന്നത്. തുടര്‍ന്ന് സമ്മര്‍ദ്ദത്തിലാകുന്ന തൊഴിലാളി ആനുകൂല്യങ്ങള്‍ ഇല്ലെങ്കിലും പകരമായി NOC മതിയെന്ന നിലപാടിലേക്ക് എത്തുന്നു.
സോഷ്യല്‍ ഇന്‍ഷൂറന്‍സ് ഗുണഭോക്താക്കള്‍ അല്ലാത്ത തൊഴിലാളികള്‍ക്ക് പിരിഞ്ഞു പോകുന്ന അവസരത്തില്‍ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ 15 ദിവസത്തെ വേതനത്തിന് തുല്യമായ തുകയും പിന്നീടുള്ള ഓരോ വര്‍ഷത്തിനും ഓരോ മാസത്തെ ശമ്പളവും വീതം സേവനാനന്തര ആനുകൂല്യമായി നല്‍കണമെന്ന് ഒമാന്‍ തൊഴില്‍ നിയമത്തിലെ വകുപ്പ് 39 വ്യവസ്ഥ ചെയ്യുന്നു. തൊഴിലാളിയുടെ അവസാന മാസത്തെ അടിസ്ഥാന ശമ്പളം അടിസ്ഥാനമാക്കിയാണ് സേവനാനന്തര ആനുകൂല്യം കണക്ക്കാക്കേണ്ടത്.
ഇത്തരം നിലപാടുകള്‍ ഒമാന്‍ തൊഴില്‍ നിയമത്തിലെ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണെന്ന് മിനിസ്ട്രി ഓഫ് മാന്‍പവര്‍ വ്യക്തമാക്കുന്നു. പരാതി ലഭിച്ചാല്‍ നിയമ ലംഘനം നടത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.