«

»

Print this Post

യെമനില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഇന്ത്യക്കാരിയുടെ ട്വിറ്റര്‍ അപേക്ഷ. സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

Sushma Swaraj

 

ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് സഖ്യ സേനയുടെ ഹൂതികള്‍ക്ക് എതിരെയുള്ള വ്യോമാക്രമണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യെമനില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന ഇന്ത്യാക്കാരിയുടെ അപേക്ഷ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിരസിച്ചു. യെമന്‍ തലസ്ഥാനമായ സനയില്‍ നിന്നും ഏതാണ്ട് 127 കിലോമീറ്റര്‍ അകലെയുള്ള ഹജ്ജയില്‍ അകപ്പെട്ട ഇന്ത്യന്‍ വനിതയാണ്‌ ട്വിറ്ററിലൂടെ മന്ത്രിയോട് സഹായാഭ്യര്‍ത്ഥന നടത്തിയത്. ഭര്‍ത്താവ് തന്നെയും മക്കളെയും ഉപേക്ഷിച്ച് അമേരിക്കയിലേക്ക് കടന്നതിനാല്‍ നാട്ടിലെത്താന്‍ സഹായിക്കണം എന്നായിരുന്നു ആവശ്യം.
വ്യോമാക്രമണം ശക്തമായ യെമനിലെ ഇന്ത്യന്‍ എംബസ്സി മാസങ്ങള്‍ക്ക് മുന്പ് തന്നെ അടച്ചു പൂട്ടാന്‍ ഇന്ത്യ നിര്‍ബന്ധിതമായി എന്നും ഇന്ത്യന്‍ എംബസ്സി ഇപ്പോള്‍ അവിടെ പ്രവര്‍ത്തിക്കാത്തതിനാല്‍ സഹായിക്കാന്‍ നിര്‍വാഹമില്ല എന്നുമായിരുന്നു വിദേശകാര്യ മന്ത്രിയുടെ മറുപടി ട്വീറ്റ്. അത് കൊണ്ട് തന്നെ ഇനി ഒരു ഇന്ത്യക്കാരനേയും അവിടെ നിന്ന് രക്ഷപ്പെടുത്തി കൊണ്ട് വരാന്‍ സാധിക്കില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു.
ആക്രമണം ശക്തമായ ദിവസങ്ങളില്‍ ഏതാണ്ട് 4500 ഓളം ഇന്ത്യക്കാരെയും 2,500 വിദേശികളെയും ഇന്ത്യന്‍ ദൗത്യ സംഘം യെമനില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ഇന്ത്യക്കാരോട് യെമനില്‍ നിന്നും തിരിച്ചു പോരാന്‍ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥന ചെവിക്കൊള്ളാതെ പലരും അവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു. രക്ഷപ്പെടുത്തി കൊണ്ട് വന്ന ചിലര്‍ പോലും പിന്നീട് തിരിച്ചു പോയതായി സുഷമ ട്വീറ്റ് ചെയ്തു.
ഹൂതി വിമതര്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയുടെ ആക്രമണം അതിശക്തമാണ്. കഴിഞ്ഞ 16 മാസങ്ങളായി തുടരുന്ന ആക്രമണങ്ങളില്‍ 6500 ഓളം പേര്‍ കൊല്ലപ്പെട്ടു. 25 ലക്ഷത്തോളം പേര്‍ പലായനം ചെയ്തു. സാഹചര്യങ്ങള്‍ അതിരൂക്ഷമായത്തോടെ യെമനിലെ ഇന്ത്യന്‍ എംബസ്സി അടച്ചു പൂട്ടി.
എംബസ്സി പ്രവര്തിക്കാതതിനാല്‍ ഈ സാഹചര്യത്തില്‍ യെമനില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ട് ഇപ്പോള്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാട്.  

 

Permanent link to this article: http://pravasicorner.com/?p=19395

Copy Protected by Chetans WP-Copyprotect.