«

»

Print this Post

കേന്ദ്രമന്ത്രി വി.കെ സിങ്ങിന്റെ് രണ്ടാം സൗദി സന്ദര്ശനം: മന്ത്രിയുടെ അഭ്യര്ത്ഥന തള്ളി ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍. തൊഴിലാളികള്ക്ക് മുന്നില്‍ രണ്ടു മാര്ഗ്ഗങ്ങള്‍ ഉള്ളൂ എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ്

vk0

 

സൗദി അറേബ്യ: സൗദിയില്‍ നിന്നും ഇന്ത്യക്കാരായ തൊഴിലാളികളെ പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം പാളി. ഇതിന്റെ ഭാഗമായി രണ്ടാം തവണ സൗദി സന്ദര്‍ശനം നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗിന്റെ ഫോര്‍മുല ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ തള്ളിക്കളഞ്ഞു.
പ്രശ്ന പരിഹാരത്തിനായി കിണഞ്ഞ് ശ്രമിച്ചിട്ടും തിരികെ വരാന്‍ തയ്യാറാകാത്ത തൊഴിലാളികളെ കാര്യങ്ങള്‍ വിശദീകരിച്ച് പരമാവധി പേരെ തിരികെ കൊണ്ട് വരാനായിരുന്നു ശ്രമം. മാധ്യമങ്ങള്‍ പ്രശ്നം ഏറ്റെടുത്തതോടെ ഉടനെ സൗദിയിലെത്തി ഉന്നത തല ചര്‍ച്ചകള്‍ നടത്തി ഉറപ്പുകള്‍ നേടിയെടുത്തിട്ടും തിരികെ വരാന്‍ തയ്യാറായത് നാമമാത്രമായ തൊഴിലാളികള്‍ മാത്രമാണെന്നുള്ളത് തങ്ങള്‍ക്ക് രാഷ്ട്രീയമായ ഗുണം ചെയ്യില്ലെന്ന് തിരിച്ചറിഞ്ഞതോടെ പാരമാവധി തൊഴിലാളികളെ നാട്ടിലെത്തിക്കുക എന്നതായിരുന്നു സിംഗിന്റെ ദൗത്യം.
കഴിഞ്ഞ ദിവസം മക്ക ഹൈവേയിലുള്ള ലേബര്‍ ക്യാമ്പ് വി.കെ സിംഗ് സന്ദര്‍ശിച്ചു. ബുധനാഴ്ച ജിദ്ദയിലുള്ള ലേബര്‍ ക്യാമ്പും സിംഗ് സന്ദര്‍ശിച്ചിരുന്നു. തൊഴിലാളികളോട് ഉടനെ നാട്ടിലേക്ക് മടങ്ങാനും ലഭിക്കാനുള്ള ശമ്പള ബാക്കിയും ആനുകൂല്യങ്ങളും പിന്നീട് ലഭിക്കുമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആനുകൂല്യങ്ങള്‍ക്കായി ദീര്‍ഘ കാലം അനിശ്ചിതമായി തങ്ങുന്നത് പ്രായോഗികമല്ലെന്നും തൊഴിലാളികളെ ധരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. പ്രശ്ന പരിഹാരത്തിനായി ഇരു രാജ്യങ്ങളും ശ്രമിക്കുന്നെന്ടെന്നും എന്നാല്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും നടപടി ക്രമങ്ങളും ഉണ്ട് എന്നതിനാല്‍ കാല താമസം വന്നേക്കാംഎന്നും അദ്ദേഹം തൊഴിലാളികളോട് വ്യക്തമാക്കി.
എന്നാല്‍ തൊഴിലാളികള്‍ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചില്ല. ഉണ്ടായിട്ടുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ തൊലി പുറമേ പുരട്ടാനുള്ള മരുന്നുകള്‍ മാത്രമാണെന്നും യഥാര്‍ത്ഥ പരിഹാരം ഇനിയും ഉണ്ടായിട്ടില്ലെന്നുമാണ് തൊഴിലാളികളുടെ നിലപാട്. കേന്ദ്ര മന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി അറേബ്യ നല്‍കിയ പെട്ടെന്നുള്ള ഫൈനല്‍ എക്സിറ്റും സൗജന്യ വിമാന ടിക്കറ്റും രാജ്യത്ത് നിന്നും തങ്ങളെ ഒഴിവാക്കാനുള്ള മാര്ഗ്ഗമാണെന്ന് ഭൂരിഭാഗം തൊഴിലാളികളും വിശ്വസിക്കുന്നു. ഒരിക്കല്‍ സൗദി വിട്ടു പോയാല്‍ പിന്നീട് തങ്ങള്‍ക്കു ലഭിക്കാനുള്ള ആറു മാസത്തിലധികം വരുന്ന ശമ്പള ബാക്കിയും വര്‍ഷങ്ങളുടെ സേവനാനന്തര ആനുകൂല്യങ്ങളും പിന്നീടൊരിക്കലും ലഭിക്കില്ല എന്നുള്ള ഭയത്തില്‍ നിന്നും അവര്‍ മുക്തരല്ല. സമയ ബന്ധിതമായി തന്നെ മുടങ്ങി കിടക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കണമെന്നും അതിനായി കമ്പനി ഉദ്യോഗസ്ഥരില്‍ നിന്നോ അധികൃതരില്‍ നിന്നോ രേഖാ മൂലം ഉറപ്പ് ലഭിക്കണമെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം. 
ഇതിനിടയില്‍ സൗദിയില്‍ മാസങ്ങളായി ശമ്പളം മുടങ്ങി ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക പ്രശ്ന പരിഹാരത്തിനായി മുന്നില്‍ വെക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രമേ വിദേശകാര്യ മന്ത്രാലയത്തിന് ഇപ്പോള്‍ ഉള്ളൂ എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ്‌ രംഗത്ത് വന്നു. 
ഇത്തരത്തില്‍ കുടുങ്ങി കിടക്കുന്നവര്‍ സൗദി അറേബ്യ പ്രത്യേക പരിഗണന പ്രകാരം ഫൈനല്‍ എക്സിറ്റില്‍ പോകുന്നവര്‍ക്ക് നല്‍കുന്ന ഇളവു പ്രകാരം ഉടനെ തന്നെ നാട്ടിലേക്ക് മടങ്ങാം. മടങ്ങാന്‍ തയ്യാറല്ലാത്തവര്‍ക്ക് സൗദിയില്‍ തന്നെയുള്ള മറ്റു കമ്പനികളില്‍ ജോലി സ്വീകരിച്ചു അവിടെ തങ്ങാം. ഈ രണ്ടു മാര്‍ഗ്ഗങ്ങളാണ് അടിയന്തിര പ്രശ്ന പരിഹാരത്തിനായി മന്ത്രാലയത്തിനു മുന്‍പില്‍ ഉള്ളതെന്ന് മന്ത്രാലയത്തിന്റെ ആഴ്ച തോറുമുള്ള പത്ര സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കി.
സൗദി ഓജര്‍, സൗദി ബിന്‍ ലാദിന്‍, സാദ് ഗ്രൂപ്പ് എന്നീ മൂന്ന് കമ്പനികളിലാണ് ബഹുഭൂരിപക്ഷം ഇന്ത്യക്കാരും ശമ്പളം ലഭിക്കാതെ ദുരിതങ്ങള്‍ അനുഭവിക്കുന്നത്. ഈ മൂന്ന് കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് മുന്‍പില്‍ വെക്കാന്‍ തല്‍ക്കാലം മറ്റൊരു മാര്‍ഗ്ഗം മന്ത്രാലയം മുന്നില്‍ കാണുന്നില്ല. ലഭിക്കാനുള്ള ശമ്പള ബാക്കിയും സേവനാനന്തര ആനുകൂല്യവുമെല്ലാം ലഭ്യമാകുമെന്ന് സൗദി അറേബ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിനുള്ള ചര്‍ച്ചകള്‍ സൗദി അധികൃതരും കമ്പനികളും തമ്മില്‍ നടക്കുന്നുണ്ട്. പക്ഷെ വളരെ പെട്ടെന്ന് അത് പ്രായോഗികമാകുമെന്നു മന്ത്രാലയം പ്രതീക്ഷിക്കുന്നില്ലെന്നും സ്വരൂപ്‌ പറഞ്ഞു.   
ഇന്ത്യയില്‍ നിന്നുള്ള ഉന്നത തല സംഘം സൗദിയില്‍ എത്തി വിവരങ്ങള്‍ ധരിപ്പിച്ചത് പ്രകാരം സൗദി ഭരണാധികാരികള്‍ ഉടനെ തന്നെ പ്രശ്ന പരിഹാരത്തിന് മുന്‍കൈ എടുത്തു. തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്സിറ്റ് വിസ നല്‍കാനുള്ള തീരുമാനവും നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കാനുള്ള സൗദിയുടെ തീരുമാനവും ഇന്ത്യയുടെ ത്വരിത ഗതിയിലുള്ള ഇടപെടല്‍ കൊണ്ട് സാധിച്ചെടുത്തതാണ്. ഇന്ത്യയുടെ ആവശ്യങ്ങളോട് വളരെ മഹാമനസ്കതയോട് കൂടിയാണു സൗദി അറേബ്യ പ്രതികരിച്ചത്. ഇത്തരം കാര്യങ്ങള്‍ കൂടി ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളെ ധരിപ്പിക്കുന്നതിനായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് രണ്ടാമതും സൗദിയില്‍ സന്ദര്‍ശനം നടത്തുന്നതെന്നും വികാസ് സ്വരൂപ്‌ വ്യക്തമാക്കി.
പ്രശ്ന പരിഹാരത്തിനായി ഇന്ത്യയുടെ ഭാഗത്ത് നിന്നും ഗൗരവ തരമായ നടപടികളാണ് ഉണ്ടായിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം തുടരെ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ്‌ രാജാവിനുള്ള കത്ത് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ജാവേദ് അഹമ്മദ് സൗദി വിദേശകാര്യ മന്ത്രി ആദല്‍ അല്‍ ജുബൈറിന് കൈമാറി. ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ പത്ര കുറിപ്പില്‍ വ്യക്തമാക്കിയെങ്കിലും കത്തിലെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല.
ഇതിനിടെ സൗദി നിലപാട് കടുപ്പിച്ചതും വിദേശകാര്യ മന്ത്രാലയത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ ഫൈനല്‍ എക്സിറ്റ് ഇളവുകള്‍ സ്വീകരിച്ചു രാജ്യം വിടുകയോ അല്ലെങ്കില്‍ മറ്റു ഏതെങ്കിലും കമ്പനികളിലേക്ക് മാറുകയോ ചെയ്യണം. രാജ്യത്ത് ഏറെക്കാലം ഇത്തരത്തില്‍ കഴിയാന്‍ സാധിക്കില്ല. ഇപ്പോള്‍ നല്‍കുന്ന നടപടികളിലെ ഇളവും ഭക്ഷണവും മെഡിക്കല്‍ സഹായവും മറ്റ് സൗജന്യങ്ങളും എക്കാലത്തും തുടരാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സൗദി അറേബ്യ.     
 

Permanent link to this article: http://pravasicorner.com/?p=19399

Copy Protected by Chetan's WP-Copyprotect.