«

»

Print this Post

വിദേശങ്ങളിലുള്ള കുറ്റവാളികളായ മലയാളികളെ നാട്ടിലെത്തിക്കാന്‍ കേരള പോലീസ് നടപടി തുടങ്ങി

handcuff

 

തിരുവനന്തപുരം: കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ നടത്തി വിദേശങ്ങളിലേക്ക് കടന്നു ഒളിവില്‍ താമസിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേരള പോലീസ് നടപടികള്‍ ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമായി ഒളിവില്‍ കഴിഞ്ഞു ജോലിയെടുക്കുന്ന 450 ഓളം മലയാളികള്‍ ഈ നടപടികളില്‍ കുടുങ്ങും.

സംസ്ഥാന പോലീസ് മേധാവി ലോകനാഥ ബെഹറയുടെ നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്ത്‌ ആണ് നടപടികള്‍ക്ക് നേതൃത്വന്‍ നല്‍കുന്നത്. കേരള പോലീസിന്റെ ഇന്റര്‍പോള്‍ നോഡല്‍ ഓഫീസറാണ് ഐ ജി ശ്രീജിത്ത്‌. രണ്ടു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.

ഇപ്രകാരം കണ്ടെത്തി നാട്ടിലെത്തിക്കേണ്ട കുറ്റവാളികളുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കി കഴിഞ്ഞു. പകുതിയോളം പേരെ അവര്‍ ഇപ്പോള്‍ താമസിക്കുന്ന രാജ്യങ്ങളുമായുള്ള പരസ്പര കുറ്റവാളികളെ കൈമാറല്‍ ഉടമ്പടിയിലൂടെ നാട്ടിലെത്തിക്കാനാണ് തീരുമാനം. ഇവര്‍ ഏതൊക്കെ രാജ്യങ്ങളില്‍ ഉണ്ട് എന്നതിനെ കുറിച്ച് വ്യക്തമായ വിവരം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്മാര്‍ക്ക് ലഭ്യമായിട്ടുണ്ട്. ശേഷിക്കുന്നവരെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. ഇതോടെ എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍ തുടങ്ങി രാജ്യാതിര്‍ത്തികളില്‍ വന്നിറങ്ങുന്നതോടെ ഇവര്‍ അറസ്റ്റിലാകും. നൂറില്‍ പരം സ്ത്രീകളും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഇത്രയാധികം പേരെ ഒറ്റയടിക്ക് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേരള പോലീസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. സമീപ കാല രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടിയെന്നാണ് സൂചന. 450 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെങ്കിലും അതില്‍ കൂടുതല്‍ ആളുകള്‍ വിദേശങ്ങളില്‍ ഉണ്ടെന്നാണ് അനൌദ്യോഗിക വിവരം. കാസര്‍കോട്‌ നിന്നാണ് അധികം പേരും രാജ്യം വിട്ടിട്ടുള്ളത്. കുറ്റകൃത്യങ്ങള്‍ കൂടാതെ മതപരമായ കാരണങ്ങള്‍ കൊണ്ടും ആളുകളെ ഇവിടെ നിന്നും കാണാതായിട്ടുണ്ട്.

ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കിലും ഗള്‍ഫ് മേഖലയിലാണ് കൂടുതല്‍ പേരും ഉള്ളതെന്നാണ് സൂചന. കുറ്റകൃത്യങ്ങള്‍ നടത്തി വിസിറ്റ് വിസ സംഘടിപ്പിച്ചു ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കുക എന്താണ് തന്ത്രം. കുറ്റകൃത്യങ്ങള്‍ നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുമ്പോള്‍ തന്നെ ഇതിനായുള്ള നടപടികള്‍ തുടങ്ങിയിരിക്കും. മാധ്യമ ശ്രദ്ധ അവസാനിക്കുമ്പോഴും പ്രശ്നങ്ങളുടെ ചൂടാറുമ്പോഴും തിരിച്ചു വന്ന് പോലീസില്‍ കീഴടങ്ങുകയാണ് രീതി. കീഴടങ്ങിയ പ്രതികള്‍ കേസുകള്‍ നടത്തി വിധി അനുകൂലമാകുമ്പോള്‍ തിരിച്ചു നാട്ടിലെത്തി ക്രിമിനല്‍ നടപടി ക്രമങ്ങള്‍ക്ക്‌ വിധേയമാകുന്ന തന്ത്രവും നടപ്പിലാക്കുന്നുണ്ട്.

Permanent link to this article: http://pravasicorner.com/?p=19457

Copy Protected by Chetan's WP-Copyprotect.