«

»

Print this Post

വിയ്യൂരിലെ ജയില്‍ വാര്‍ഡര്‍മാര്‍ നിയമത്തിന് അതീതാരോ ? കുളിച്ചു കൊണ്ടിരുന്ന സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത നാട്ടുകാരെ കള്ളക്കേസ് എടുപ്പിച്ചു ജയിലിലാക്കി ജയില്‍ വാര്‍ഡര്‍മാര്‍ . ജയിലില്‍ റിമാന്‍റ് പ്രതികളെ ഉപയോഗിച്ച് വീണ്ടും മര്‍ദ്ദനം…

 

തൃശ്ശൂരിലെ തൃശ്ശൂരിലെ വടക്കാഞ്ചേരിയില്‍ എളനാട് മണ്ണാത്തിപ്പാറയിലെ വെള്ളച്ചാട്ടത്തിനു സമീപം മദ്യപിക്കനെത്തിയ വിയ്യൂര്‍ ജയിലിലെ നാല് വാര്‍ഡര്‍മാര്‍ സമീപത്തെ കുളത്തില്‍ കുളിക്കാനെത്തിയ പ്രദേശവാസികളായ സ്ത്രീകളെ അപമാനിക്കുകയും ചോദ്യം ചെയ്ത നാട്ടുകാരില്‍ ചിലരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവം വിവാദമാകുന്നു.

സംഭവത്തില്‍ പ്രതികളായ വിയ്യൂര്‍ സബ് ജയിലിലെ നാലു വാര്‍ഡര്‍മാരെ അടിയന്തരമായി സര്‍വീസില്‍ നിന്നു നീക്കം ചെയ്ത് നിയമപരമായ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കണമെന്ന് അനില്‍ അക്കര എംഎല്‍എ ആവശ്യപ്പെട്ടു. നാട്ടുകാര്‍ മുഖ്യമന്ത്രിക്കും, ജയില്‍ ഡി ജി പി ക്കും , തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. നാട്ടുകാരനായ ഒരു സ്ത്രീ പീഡന കേസിലെ പ്രതിയുടെ അതിഥിയായി മദ്യപിക്കനെത്തിയ വിയൂര്‍ ജയിലിലെ നാല് വാര്‍ഡര്‍മാരാണ് സംഘര്‍ഷം ഉണ്ടാകിയത്. മുളങ്കാട്‌ ചിറയില്‍ കുളിച്ചു കൊണ്ടിരുന്ന സമീപ വാസികളായ സ്ത്രീകളോട് വാര്‍ഡര്‍മാര്‍ അപമര്യാദയായി പെരുമാറുകയും ലൈംഗിക ചുവയുള്ള അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയുമായിരുന്നു. ഭയന്നോടിയ സ്ത്രീകള്‍ വീട്ടിലെത്തി വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ സമീപ വാസികളെയും കൂട്ടി സംഭവ സ്ഥലത്തെത്തി.

അപമര്യാദയായി പെരുമാറിയവരോട് സംഭവ സ്ഥലത്ത് നിന്ന് പോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടുവെങ്കിലും തങ്ങള്‍ വിയ്യൂര്‍ ജയിലിലെ വാര്‍ഡര്‍മാര്‍ ആണെന്ന് ഭീഷണിപ്പെടുത്തി കൊണ്ട് സംഘം മദ്യപാനം തുടരുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ നാട്ടുകാരെ വെല്ലു വിളിച്ച് സംഭവ സ്ഥലം വിട്ടു പോയ ഇവര്‍ പിന്നീട് നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചു ചേലക്കര താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  സംഘത്തിലെ അസിസ്ടന്റ്റ് ജയിലര്‍ മുഖാരിക്കുന്നു ഷിറാഫ് ബഷീര്‍ ആണ് പരാതി നല്‍കിയത്.

പ്രതികളുടെ വ്യാജ പരാതിയില്‍ നാട്ടുകാരായ പൂവതു കുന്നേല്‍ ബിജു (44), ചീപ്പാറ വളപ്പില്‍ ഫഹദ്  (23) എന്നിവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പഴയന്നൂര്‍ പൊലീസ് കേസെടുക്കുകയും നാട്ടുകാരെ പിടികൂടി ജയിലില്‍ അടപ്പിക്കുകയും ച്ചെയ്യുകയായിരുന്നു.  സ്ത്രീകള്‍ക്കെതിരെ സംഘത്തിലുണ്ടായിരുന്ന വാര്‍ഡര്‍മാര്‍ ആണ് അപമര്യാദയായി പെരുമാറിയതെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിട്ടും ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാന്‍ഡിലായ ഇവരെ സംഘത്തിലെ വാര്‍ഡര്‍മാര്‍രുടെ അടുപ്പക്കാരായ ജയിലിലെ മറ്റു മൂന്നു റിമാന്‍ഡ് പ്രതികളെ ഉപയോഗിച്ച് ക്രൂരമായി ജയിലിനുള്ളില്‍ മര്‍ദ്ധിച്ചു പ്രതികാരം തീര്‍ക്കുകയായിരുന്നു. ഫഹദിനു തലക്കും ബിജുവിന് കഴുത്തിനും മുഖത്തും പരിക്കുണ്ട്.

എന്നാല്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന നാട്ടുകാരായ സ്ത്രീകളുടെ പരാതിയില്‍ സംഭവ ദിവസം കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ല. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാധീനം മൂലമാണ് വാര്‍ഡര്‍മാര്‍ക്കെതിരെ കേസേടുക്കാതിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ചു സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ പിറ്റേന്ന് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ജയി ഡി ജി പി., പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും സംഭവത്തില്‍ അനില്‍ അക്കര എം എല്‍ എ ഇടപെടുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തതോടെയാണ് വാര്‍ഡര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള സംഭവങ്ങളില്‍ സത്വര നടപടികള്‍ ആവശ്യമാണെന്ന് നിയമം അനുശാസിക്കുമ്പോള്‍ തന്നെ പ്രതികളായ വാര്‍ഡര്‍മാര്‍മാരെ പോലീസ് സ്റ്റെഷനിലേക്ക് വിളിച്ച് വരുത്താന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവം അത്യന്തം ഗൗരവമുള്ളതാണെന്നു മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. ജാമ്യത്തിലിറങ്ങുന്ന നേരത്തു നാട്ടുകാരില്‍ ഒരാളായ ഫഹദിനെ വാര്‍ഡര്‍  ഷിറാസും മാര്‍ദ്ധിച്ചതായി എം എല്‍ എ പറയുന്നു. ജയിലില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ ജയിലില്‍ വച്ചുണ്ടായ മര്‍ദ്ദനത്തില്‍ പരുക്ക് പറ്റിയിരുന്ന ബിജുവിന്റെ പ്ലാസ്റ്റര്‍ അഴിച്ചുമാറ്റാന്‍ ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടതും അന്വേഷിക്കണം. സ്ത്രീ പീഡനക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നാട്ടുകാരന്‍ കൂടിയായ അബ്ദുള്‍ റഹിമാന്‍ എന്ന ഷാനുവിനൊപ്പാണു സബ് ജയിലിലെ വാര്‍ഡര്‍മാരായ ഷിഹാസ്, ബഷീര്‍, വിവേക്, ഐബീഷ്, പ്രകാശന്‍ എന്നിവര്‍ മണ്ണാത്തിപ്പാറയില്‍ എത്തിയതെന്ന് എംഎഎല്‍ എ കത്തില്‍ വ്യക്തമാക്കി.

പ്രതിക്കൊപ്പം വാര്‍ഡര്‍മാര്‍ വെള്ളച്ചാട്ടത്തിനു സമീപത്തെ വനത്തിലിരുന്നു മദ്യപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ്‌ കുളത്തില്‍ കുളിക്കാനെത്തിയെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമം നടന്നത്. ജയില്‍ ചട്ടം അനുസരിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് തടവുകാരുമായോ മുന്‍ തടവുകാരുമായോ യാതൊരു ബന്ധവും പാടില്ലാത്തതാണ്. വാര്‍ഡര്‍മാരുടെ നടപടി ഈ ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് അനില്‍ അക്കര പറഞ്ഞു.

Permanent link to this article: http://pravasicorner.com/?p=19496

Copy Protected by Chetan's WP-Copyprotect.