കുവൈറ്റില്‍ ആരോഗ്യ മേഖലയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഊര്‍ജ്ജിതമാക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ജോലി നേടിയവരുടെ നിയമനങ്ങള്‍ റദ്ദാക്കും. ഇത് വരെ കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചു പിടിക്കും.

0
1

കുവൈറ്റ്‌ സിറ്റി: കുവൈറ്റില്‍ ആരോഗ്യ മേഖലയില്‍ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ഊര്‍ജ്ജിതമാക്കുന്നു. ആരോഗ്യ മന്ത്രി ഡോ. ബാസ്സില്‍ അല്‍ സബാഹ് ആണ് ഇതിനായി നിര്‍ദ്ദേശം നല്‍കിയത്. ആറു മാസത്തിനകം പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ഇതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേക സമിതി പരിശോധിക്കും. വിദേശികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തോടൊപ്പം വിദേശകാര്യ മന്ത്രാലയം ഉള്‍പ്പെടെയുള്ള മറ്റു മന്ത്രാലയങ്ങളുടേയും സഹകരണത്തോടെ ആയിരിക്കും സര്‍ട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കുക.

പരിശോധനയില്‍ സട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഡോക്ടര്‍മാരുടെ മാത്രമല്ല നഴ്സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍, ആരോഗ്യ മേഖലയിലെ മറ്റു സാങ്കേതിക ജോലികള്‍ ചെയ്യുന്നവര്‍ എന്നിവരുടെയും പേരില്‍ നടപടികള്‍ എടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നല്‍കിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും തിരിച്ചു പിടിക്കും.

മന്ത്രാലയത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെ മാത്രമല്ല, ജോലിയില്‍ നിന്ന് രാജി വെച്ചവരുടെയും സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കും.