പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഹാന്‍ഡ് ലിംഗ് ചാര്‍ജ്ജ് ഈടാക്കുന്നത് നിയമ വിരുദ്ധം

 

ഷോറൂമില്‍ നിന്നും കാര്‍ വാങ്ങിയപ്പോള്‍ 3000 രൂപ ഹാന്‍ഡ് ലിംഗ് ചാര്‍ജ്ജ് ആയി ഈടാക്കിയതായി കാണുന്നു. ഇത്തരത്തില്‍ കാര്‍ വാങ്ങുന്ന വ്യക്തിയില്‍ നിന്നും പണം ഈടാക്കാന്‍ പാടുണ്ടോ? ഈ ചാര്‍ജ്ജുകള്‍ നിയമ വിരുദ്ധമല്ലേ ?

ഹാന്‍ഡ് ലിംഗ് ചാര്‍ജ്ജ് എന്നാല്‍ ഒരു വാഹനം ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്നും ഷോറൂമില്‍ എത്തിക്കാനും   തുടര്‍ന്ന് രജിസ്ട്രേഷന്‍ നടപടികള്‍ക്ക് കൊണ്ട് പോയി തിരിച്ചു കൊണ്ട് വരാനും ഡീലര്‍ഷിപ്പുകള്‍ ഈടാക്കുന്ന നിരക്കാണ്. ഇത് കാര്‍ വാങ്ങുന്ന വ്യക്തിയുടെ പക്കല്‍ നിന്നും ഡീലര്‍മാര്‍ ഈടാക്കാറുണ്ട്. ഇത് നിയമ വിരുദ്ധമാണ്.

വാഹന നിര്‍മ്മാണ കമ്പനി നിര്‍ദ്ദേശിക്കുന്നതില്‍ കവിഞ്ഞ് യാതൊരു ചാര്‍ജ്ജും ഡീലര്‍മാര്‍ ഈടാക്കാന്‍ പാടില്ല. ഏതെങ്കിലും ഡീലര്‍മാര്‍ ഉപഭോക്താവിന്റെ പക്കല്‍ നിന്നും ഹാന്‍ഡ് ലിംഗ് ചാര്‍ജ്ജ് വാങ്ങിയിട്ടുണ്ടെങ്കില്, കോടതി വഴിയും അല്ലാതെയുമുള്ള മൂന്ന് തരത്തിലുള്ള വഴികളുണ്ട് ഉപഭോക്താവിന്റെ മുന്നില്‍. അക്കാര്യം കാണിച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ പരാതി നല്‍കാം. കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിക്ക് ഇമെയില്‍ മുഖേനയോ മറ്റോ അറിയിക്കുകയാനെങ്കില്‍ ഡീലര്‍ക്കെതിരെ കമ്പനി നടപടികള്‍ സ്വീകരിക്കും. നിയമ നടപടിക്കു താല്‍പ്പര്യമില്ലെങ്കില്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കാം. അല്ലാത്ത പക്ഷം ഉപഭോക്തൃ കോടതിയെ സമീപിക്കാം.

2015 ല്‍ അനധികൃത ഹാന്‍ഡ് ലിംഗ് ചാര്‍ജ്ജ് ഈടാക്കിയ ചെന്നയിലെ മാരുതി ഡീലര്‍ക്ക് ഒരു ലക്ഷം രൂപ ഉപഭ്ക്തൃ കോടതി പിഴ ഈടാക്കിയതോടെയാണ് ഇക്കാര്യത്തില്‍ ജനങ്ങള്‍ ബോധാവാന്മാരായത്. കൂടാതെ മറ്റ് കോടതി വിധികളും ഉണ്ടായിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതി 2012 ല്‍ ഈ വിഷയത്തില്‍ ഒരു പൊതു താല്‍പ്പര്യ ഹര്‍ജി തീര്‍പ്പാക്കിയിട്ടുണ്ട്. അതിലും ഈ രീതിയിലുള്ള അധിക നിരക്കുകള്‍ വാങ്ങാന്‍ പാടില്ലെന്നും അത്തരത്തിലുള്ള പരാതി ലഭിച്ചാല്‍ ഗതാഗത വകുപ്പ് നടപടി എടുക്കണമെന്നും വിധിയില്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇത്തരത്തില്‍ ചാര്‍ജ്ജുകള്‍ ഈടാക്കുന്നത് അണ്‍ഫെയര്‍ ട്രേഡ് പ്രാക്റ്റിസ്‌ ആയാണ് നിയമം കണക്കാക്കുന്നത്. ഡീലര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള പെര്‍മിറ്റ്‌ കണ്ടീഷന്റെ ഭാഗമല്ലാത്തതിനാല്‍ ഹാന്‍ഡ് ലിംഗ് ചാര്‍ജ്ജ് ഈടാക്കരുതെന്ന് കാണിച്ച് ഗതാഗത മന്ത്രാലയം 2012 ല്‍ ഡല്‍ഹിയില്‍ എല്ലാ കാര്‍ ഡീലര്‍മാര്‍ക്കും സര്‍ക്കുലര്‍ അയക്കുകയും ചെയ്തിരുന്നു.

 

You may have missed

Copy Protected by Chetan's WP-Copyprotect.