കെ എസ് ആര്‍ ടി സി നടത്തുന്ന സര്‍വീസുകളില്‍ യാത്രാ നിരക്കില്‍ ഇളവു ലഭിക്കുന്ന വിഭാഗങ്ങള്‍ ഏതൊക്കെ ?

 

കേരള സര്‍ക്കാരിന്‍റെ കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകളില്‍ യാത്രാ നിരക്കില്‍ ഇളവു ലഭിക്കുന്നത് ഏതൊക്കെ വിഭാഗങ്ങള്‍ക്ക് ആണെന്ന് പറഞ്ഞു തരാമോ? എത്ര ശതമാനം വരെ ഇളവും ദൂര പരിധിയും ലഭിക്കും ?

 

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ എസ് ആര്‍ ടി സി യില്‍ പല തരത്തിലുള്ള യാത്രാ ആനുകൂല്യങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നല്‍കി വരുന്നുണ്ട്. വിവിധ തരത്തിലുള്ള അംഗ വൈകല്യം ബാധിച്ചവര്‍ക്കും വിവിധ പുരസ്കാരങ്ങള്‍ നേടിയവര്‍ക്കും മുന്‍ വകുപ്പ് മന്ത്രിമാര്‍ക്കും സംഘടനാ നേതാക്കള്‍ക്കും വരെ യാത്രക്ക് ആനുകൂല്യങ്ങള്‍ ഉണ്ട്.

അംഗീകൃത തൊഴിലാളി സംഘടനയുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവര്‍ക്ക് 100 ശതമാനം യാത്രാ ഇളവു നല്‍കുന്ന കോംപ്ലിമെന്‍ററി പാസ്സുകളാണ് കെ എസ് ആര്‍ ടി സി നല്‍കുന്നത്. കൂടാതെ കായിക മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്കും 100 ശതമാനം യാത്രാ നിരക്ക് ഇളവുണ്ട്. ഏഷ്യാഡില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുള്ളവര്‍, അര്‍ജ്ജുന അവാര്‍ഡ്, ദ്രോണാചാര്യ അവാര്‍ഡ് തുടങ്ങിയവ നേടിയവവര്‍ക്കും ഇത്തരത്തിലുള്ള കോംപ്ലിമെന്‍ററി പാസ്സുകള്‍ നല്‍കും.

കബീര്‍ പുരസ്കാരം നേടിയവര്‍ക്കും പി സി ആര്‍ എ യില്‍ നിന്നുള്ള അധ്യാപകര്‍ എന്നിവര്‍ക്കും യാത്രാ നിരക്കില്‍ 100 ശതമാനം ഇളവുണ്ട്.

പത്രപ്രവര്‍ത്തകര്‍ക്കും കെ എസ് ആര്‍ ടി സി യാത്രാ നിരക്കില്‍ ഇളവു നല്‍കുന്നുണ്ട്. അക്രഡിറ്റെഷന്‍ ഉള്ള പത്ര പ്രവര്‍ത്തകര്‍ക്ക് സൂപ്പര്‍ ഡീലക്സ് വരെയുള്ള ബസ്സുകളില്‍ പരിധിയില്ലാതെ യാത്ര ചെയ്യുന്നതിനുള്ള അനുവാദമുണ്ട്.

സ്വാതന്ത്യ സമര സേനാനികള്‍ക്ക് യാത്രാ നിരക്കില്‍ 100 ശതമാനം ഇളവുണ്ട്. ഇവരുടെ വിധവകള്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും.

70 വയസ്സ് കഴിഞ്ഞ മുന്‍ എം എല്‍ എ മാരെ അനുഗമിക്കുന്ന ഒരാള്‍ക്ക്‌ യാത്രാ നിരക്കില്‍ 100 ശതമാനം ഇളവാണ് ലഭിക്കുക. മുന്‍ ഗതാഗത വകുപ്പ് മന്ത്രിമാര്‍ക്കും യാത്രാ നിരക്കില്‍ 100 ശതമാനം ഇളവു ലഭിക്കും.

കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സക്ക് പോയി വരുന്നതിനു മാത്രം യാത്രാ നിരക്കില്‍ 50 ശതമാനം ഇളവ് അനുവദിക്കും. രണ്ടു കണ്ണിനും കാഴ്ച ഇല്ലാത്തവര്‍ക്ക് 100 ശതമാനം ഇളവുണ്ട്. ഇവര്‍ക്ക് സൗജന്യ പാസ് നല്‍കും. വരുമാന പരിധി കണക്കിലെടുക്കാതെയാണ് പാസ് നല്‍കുക.

15,000 രൂപയില്‍ കുറവ് വരുമാനമുള്ള വികലാംഗര്‍ക്ക് യാത്രാ കൂലിയില്‍ 70 ശതമാനം ഇളവു നല്‍കും. ഇവര്‍ 40 ശതമാനത്തില്‍ കൂടുതല്‍ സ്ഥിരമായ അംഗ വൈകല്യം ഉള്ളവര്‍ ആയിരിക്കണം. 50 ശതമാനം വൈകല്യമുള്ള ബധിര – മൂകര്‍ക്കും 50 ശതമാനം ഇളവു ലഭിക്കും. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് 40 കിലോമീറ്റര്‍ വരെയാണ് ഈ ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയുക. ഇതിനായി പ്രത്യേക പാസ് നല്‍കും. വരുമാന പരിധി കണക്കിലെടുക്കാതെയാണ് പാസ് നല്‍കുക.

ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്ക് 50 ശതമാനം ഇളവു ലഭിക്കും. ഇതുപയോഗിച്ച് താമസിക്കുന്ന സ്ഥലത്ത് നിന്ന് 40 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. ഇതിനായി പ്രത്യേക പാസ് നല്‍കും. വരുമാനം കണക്കിലെടുക്കാതെയാണ് പാസ് നല്‍കുക. ഇവരെ അനുഗമിക്കുന്ന ഒരാള്‍ക്കും 50 ശതമാനം ഇളവു ലഭിക്കും.

40 ശതമാനം സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍ക്കും യാത്രാ നിരക്കില്‍ 50 ശതമാനം ഇളവു ലഭിക്കും. ഇവരെ അനുഗമിക്കുന്ന ഒരാള്‍ക്കും 50 ശതമാനം ഇളവു ലഭിക്കും. താമസിക്കുന്ന സ്ഥലത്ത് നിന്ന് 40 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം.

 

You may have missed

Copy Protected by Chetan's WP-Copyprotect.