രാഹുല്‍ ഈശ്വരിന്റെ ജാമ്യം കോടതി റദ്ദാക്കി

പത്തനംതിട്ട: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഈശ്വറിന് അനുവദിച്ച ജാമ്യം കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം റദ്ദാക്കിയത്.

കര്‍ശനമായ ഒന്‍പത് വ്യവസ്ഥകളോടെ ആയിരുന്നു രാഹുല്‍ ഈശ്വറിന് കോടതി ജാമ്യം നല്‍കിയത്. അതിലെ പ്രധാനപ്പെട്ട വ്യവസ്ഥ ആയിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പാകെ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയാണ്‌ രാഹുല്‍ ലംഘിച്ചത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. പമ്പയിലെ പോലീസ് സ്റ്റേഷനില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഹാജരായി ഒപ്പിടണം എന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ജാമ്യം റദ്ദാക്കിയ സാഹചര്യത്തില്‍ രാഹുല്‍ ഈശ്വറിനെ ഉടനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

അതിനിടെ ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്നുള്ള മടക്ക യാത്രയില്‍ വിമാനം വൈകിയതിനാലാണ് ഒപ്പിടാന്‍ സാധിക്കാതിരുന്നത് എന്നാണു രാഹുലിന്‍റെ വിശദീകരണം. തന്നെ മനപ്പൂര്‍വ്വം ജയിലിലടക്കാനുള്ള പോലീസിന്‍റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.

You may have missed

Copy Protected by Chetan's WP-Copyprotect.