വിദേശികളുടെ ലെവി പിന്‍ വലിക്കില്ലെന്ന് ആവര്‍ത്തിച്ച് രണ്ടു സൗദി മന്ത്രിമാര്‍

വിദേശികളുടെ മേല്‍ ചുമത്തിയിരിക്കുന്ന ലെവി ഒരു കാരണവശാലും സര്‍ക്കാര്‍ കുറയ്ക്കില്ലെന്നും പിന്‍വലിക്കില്ലെന്നും ഉറപ്പായി. മന്ത്രി സഭയിലെ രണ്ടു മുതിര്‍ന്ന അംഗങ്ങള്‍ ഇത് സംബന്ധിച്ച് വ്യത്യസ്ത വേദികളില്‍ ഏക രൂപമായ അഭിപ്രായ പ്രകടനം നടത്തിയത്. ഇതോടെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് സുവ്യക്തവും മാറ്റമുണ്ടാകാന്‍ സാധ്യത ഇല്ലാത്തതുമാണെന്നു വ്യക്തമായി.

ബജറ്റ് അവതരണത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിലാണ് സാമ്പത്തിക വകുപ്പ് മന്ത്രി മുഹമ്മദ്‌ അല്‍ ജദാന്‍ ലെവി പിന്‍വലിക്കില്ലെന്ന സര്‍ക്കാരിന്‍റെ അഭിപ്രായം തുറന്നു പറഞ്ഞത്. അതിനെ കുറിച്ചുള്ള യാതൊരു ആലോചനകളും ഇപ്പോള്‍ മന്ത്രി സഭയുടെ മുന്നിലില്ല.

ഒരു  ബിസിനസ് ടി വി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൗദി  സാമ്പത്തിക ആസൂത്രണ വകുപ്പ് മന്ത്രി മുഹമ്മദ്‌ അല്‍ തുവൈജിരിയും സര്‍ക്കാരിന്‍റെ നിലപാട് ആവര്‍ത്തിച്ചു. വിദേശികളുടെ മേല്‍ ചുമത്തിയിരിക്കുന്ന ലെവി പിന്‍ വലിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സാമ്പത്തികമായി മറിച്ചൊരു സാഹചര്യം ഉണ്ടാവുന്നത് വരെ ലെവി സമ്പ്രദായം തുടരുമെന്ന് റിയാദില്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വിദേശികളുടെ ലെവി സമ്പ്രദായത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബിസിനസ് മേഖലകളില്‍ നിന്നും അനേകം പരാതികള്‍ ലെവി സമ്പ്രദായത്തെ കുറിച്ച് ഉയരുന്നുണ്ട്. എങ്കിലും ഇന്നത്തെ നില തന്നെ തുടരുമെന്നും തുവൈജിരി പറഞ്ഞു.

എണ്ണ ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് രാജ്യം വിദേശികളുടെ മേല്‍ ലെവി ചുമത്തിയിട്ടുള്ളത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നവീകരിക്കുന്നത് ലക്ഷ്യമാക്കിയ കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ് ഇവ രണ്ടും.

രാജ്യത്തെ ഏതെങ്കിലും വ്യവസായ മേഖലയിലോ അത് പോലുള്ള പ്രത്യേക വിഭാഗത്തിലോ ഉള്ള ലെവിയെ കുറിച്ച് പുനര്‍ ചിന്തനത്തിന് സര്‍ക്കാര്‍ തയ്യാറാണ്. രാജ്യത്തിന്റെ വിശാല ലക്‌ഷ്യം കൈവരിക്കാന്‍ സാധിക്കുന്ന തരത്തില്‍ അതായത് സ്വദേശികള്‍ക്ക് കൂടുതല്‍ ജോലി ലഭിക്കുകയോ അല്ലെങ്കില്‍ വേതന സന്തുലനം സാധ്യമാകുകയോ ചെയ്യുന്ന അവസ്ഥ ആ മേഖലയില്‍ ഉണ്ടാവണം. അത്തരം സന്ദര്‍ഭത്തില്‍ ആ മേഖലയിലെ ലെവിയെ കുറിച്ച് പ്രത്യേകമായ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും തുവൈജിരി പറഞ്ഞു.

 

You may have missed

Copy Protected by Chetan's WP-Copyprotect.