പ്ലാസ്റ്റിക് നിരോധനം. ചായ കുടിച്ച് വലിച്ചെറിയുന്ന കപ്പ്, ജ്യൂസ് കുടിച്ച് കളയുന്ന സ്ട്രോ പോലും കുടുക്കിലാക്കും.

തമിഴ് നാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ അലക്ഷ്യമായി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് 5,000 രൂപ വരെ പിഴ ചുമത്തും.

നിലവാരമില്ലാത്ത, ഒരു പ്രാവശ്യം ഉപയോഗിച്ചതിന് ശേഷം കളയാവുന്ന തരം ഉല്‍പ്പന്നങ്ങള്‍ക്കാണ് നിരോധനം. ഇന്ന് മുതല്‍ ഈ നിയമം കര്‍ശനമായി നടപ്പിലാക്കി തുടങ്ങും.

കഴിഞ്ഞ വര്‍ഷം ജൂണില്‍ സര്‍ക്കാര്‍ ഈ നിരോധനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനെതിരെ പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല.

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ പാരിസ്ഥിതിക ആഘാതം ഗുരുതരമാണ് എന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചു കൊണ്ട് ഹൈക്കോടതി നിയമം റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ വാദത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു.

പ്ലാസ്റ്റിക് ക്യാരി ബാഗ്, ശീതള പാനീയങ്ങള്‍ കുടിച്ച ശേഷം വലിച്ചെറിയുന്ന സ്ട്രോ, പ്ലാസ്റ്റിക് കൊടി, ഹോട്ടലുകളില്‍ ഭക്ഷണം പാര്‍സല്‍ ചെയ്തു നല്‍കുന്ന പ്ലാസ്റ്റിക് പേപ്പര്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവയ്ക്ക് നിരോധനമുണ്ട്. ചായ, കാപ്പി എന്നിവയ്ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആവരണമുള്ള ഡിസ്പോസിബിള്‍ കപ്പുകള്‍ക്കും നിരോധനമുണ്ട്.

നിയമം കര്‍ശനമായി നടപ്പിലാക്കാനും ലംഘിക്കുന്നവരെ പിടികൂടാനും 10,000 സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

തമിഴ്നാട്ടില്‍ നിരോധനം നടപ്പിലായ സാഹചര്യത്തില്‍ ഇത്തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലേക്ക് കടത്തുന്നത് തടയാന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും.

You may have missed

Copy Protected by Chetan's WP-Copyprotect.