പുതുവത്സര ദിനത്തില്‍ ഹോണ്ടയും മലയാള മനോരമയും മാതൃഭുമിയും ചേര്‍ന്ന് ചില മലയാളികളെ കബളിപ്പിച്ച വിധം

ഇന്ന് രാവിലെ മുതല്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പരസ്യം കണ്ട മലയാളി ഒരു നിമിഷം അമ്പരന്നു കാണും. അതില്‍ 2019 ലെ പുതുവര്‍ഷദി നത്തില്‍ ‘Happy 2009’ എന്നാണ് അച്ചടിച്ചിരിക്കുന്നത്.

ഇത്രയും പണം ചിലവാക്കി കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള ദിനപത്രത്തിന്‍റെ ഒന്നാം പേജില്‍ പരസ്യം അച്ചടി പിശകാണ് എന്ന ധാരണയില്‍ നിരവധി പേര്‍ ഈ പരസ്യത്തിന്റെ ഫോട്ടോ സഹിതവും വീഡിയോ സഹിതവും സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങി.

2019 ന് പകരം 2009 എന്ന് പ്രിന്‍റ് ചെയ്ത പത്ര മുത്തശ്ശിയായ മനോരമക്ക് പിണഞ്ഞ ബീമാബദ്ധം എന്ന രീതിയിലാണ് ആളുകളുടെ അഭിപ്രായ പ്രകടനങ്ങള്‍ വന്നു കൊണ്ടിരുന്നത്. പരസ്യം ഡിസൈന്‍ ചെയ്ത വ്യക്തിയുടെ അബദ്ധമായും ജീവനക്കാരുടെ മൊത്തം അബദ്ധമായും ഇത് ചിത്രീകരിക്കപ്പെട്ടു.

എന്നാല്‍ മലയാളത്തിലെ രണ്ടാമത്തെ പ്രമുഖ പത്രമായ മാതൃഭുമിയിലും ഇതേ പരസ്യം ഇതേ രീതിയില്‍ തന്നെ അച്ചടിച്ച്‌ വന്നിട്ടുണ്ട് എന്ന് അറിഞ്ഞപ്പോള്‍ പലര്‍ക്കും ആശങ്കയായി. രണ്ടു പ്രമുഖ പത്രങ്ങളുടെ ജീവനക്കാര്‍ക്ക് ഒരേ രീതിയില്‍ തെറ്റ് പറ്റുക സ്വാഭാവികമല്ലല്ലോ എന്ന് പലരും ചിന്തിച്ചു.

എന്താണ് ഇതിന് പിന്നിലെ പ്രചാരണ ആശയം എന്ന് പലരും ചിന്തിച്ചു തുടങ്ങിയപ്പോഴാണ് ഉത്തരവും കിട്ടി തുടങ്ങിയത്. പത്രത്തില്‍ 2009 എന്ന് ഹൈലൈറ്റ് ചെയ്ത് ആള്‍ക്കാരെ തെറ്റിധരിപ്പിക്കുന്നു എങ്കിലും അതിനടിയില്‍ പുതുവത്സരാശംസകള്‍ 2019 എന്ന് വളരെ കൃത്യമായി എഴുതി ചേര്‍ത്തിട്ടുമുണ്ട്.

പരസ്യത്തിന്റെ ആശയം ഹോണ്ടയുടെ ആക്ടീവാ സ്കൂട്ടറിന്റെ കോംബി ബ്രേക്ക് സിസ്റ്റത്തിന്റെ പ്രചാരണമാണ്. ‘കോംബി ബ്രേക്ക് സിസ്റ്റം ഹോണ്ട അവതരിപ്പിച്ച വര്‍ഷമാണ് 2009. മറ്റ് നിര്‍മാതാക്കള്‍ ഈ വര്‍ഷം അതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടേയുള്ളൂ, ഞങ്ങള്‍ എന്നേ നടപ്പാക്കി കഴിഞ്ഞു’ എന്നാണ് പരസ്യ വാചകം.

അതായത് മറ്റുള്ള വാഹന നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് പത്ത് വര്ഷം മുന്‍പ് തന്നെ തങ്ങള്‍ നടപ്പാക്കി കഴിഞ്ഞു എന്ന് പരസ്യത്തിലൂടെ പറയുകയായിരുന്നു ലക്‌ഷ്യം. അതിനായി മനപ്പൂര്‍വ്വം 2009 എന്നത് ഹൈലൈറ്റ് ചെയ്ത് കാണിക്കുകയായിരുന്നു.

എന്തായാലും ഹോണ്ട കമ്പനിയുടെ പരസ്യ ഏജന്‍സി ഉദ്ദേശിച്ച ഫലം തന്നെ ഈ പരസ്യത്തിന് ലഭിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്നെ ലോകം മുഴുവന്‍ ഈ പരസ്യം ചര്‍ച്ച ആയി കഴിഞ്ഞു. ഒരു സാധാരണ പരസ്യം നല്‍കുന്നതിനേക്കാള്‍ ഇരട്ടി പബ്ലിസിറ്റി ഇതിനകം തന്നെ ഈ പരസ്യം നേടി.

You may have missed

Copy Protected by Chetan's WP-Copyprotect.