അബുദാബിയിലെ അല്‍ വസീദ എമിരേറ്റ്സ് കാറ്ററിംഗ് കമ്പനിയിലെ 70 ഓളം മലയാളികള്‍ അടക്കം 300 ഓളം തൊഴിലാളികള്‍ ദുരിതത്തില്‍.

ഉടമകള്‍ മുങ്ങിയതിനെ തുടര്‍ന്ന് അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ 300 ഓളം തൊഴിലാളികള്‍ ദുരിതത്തില്‍.

ഇന്റസ്ട്രിയല്‍ മേഖലയിലെ മുസഫ 40 ല്‍ അല്‍ വസീദ എമിരേറ്റ്സ് കാറ്ററിംഗ് കമ്പനിയിലെ തൊഴിലാളികളാണ് ഏഴ് മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടി കഴിയുന്നത്. ഇതില്‍ 70 ഓളം മലയാളികള്‍ ഉണ്ട്.

ജോര്‍ദ്ദാനി സഹോദരന്മാരും സ്വദേശിയും അടങ്ങുന്ന മാനേജ്മെന്റിന്‍റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഇത് വരെ ഉണ്ടായിട്ടില്ല. അതിനിടെ ജോര്‍ദ്ദാനി സഹോദരന്മാര്‍ നാട്ടിലേക്ക് മുങ്ങിയതായും പറയപ്പെടുന്നു.

കഴിഞ്ഞ ജൂലായ്‌ മാസം മുതല്‍ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു മാസമായി ഭക്ഷണം നല്‍കുന്നതും വെള്ളം വിതരണം ചെയ്യുന്നതും നിര്‍ത്തി.

രാത്രിയില്‍ സമീപത്തുള്ള കടകളില്‍ കയറി അവിടെ നിന്നും പുറന്തള്ളുന്ന കേടായ പച്ചക്കറികള്‍ പാകം ചെയ്താണ് ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കുന്നത്.

കുറെ ദിവസമായി മാലിന്യം നീക്കം ചെയ്യാത്തതിനാല്‍ താമസിക്കുന്ന സ്ഥലത്തെ അന്തരീക്ഷവും മോശമായി വരികയാണ്. കൂട്ടത്തില്‍ പലതരം അസുഖങ്ങള്‍ ഉള്ളവരുമുണ്ട്. വിസ കാലാവധി കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് ഇന്‍ഷുറന്‍സ് അആനുകൂല്യങ്ങളും ലഭിക്കുന്നില്ല. അത്യാവശ്യ മരുന്നിന് പോലും പണമില്ലാതെ നരക യാതന അനുഭവിക്കുകയാണ് ഇവരില്‍ പലരും.

പലരുടെയും വിസ കാലാവധി കഴിഞ്ഞ് മൂന്നു മുതല്‍ ആറു മാസം വരെയായി. വിസ പുതുക്കാനായി കമ്പനി ഉദ്യോഗസ്ഥരെ സമീപിക്കുമ്പോള്‍ പുതുക്കാനുള്ള പണം അങ്ങോട്ട്‌ ആവശ്യപ്പെടുകയാണ്. ഭക്ഷണത്തിന് പോലും കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ഇത് ആലോചിക്കുന്നതുനും അപ്പുറമാണ്.

വിസ കാന്‍സല്‍ ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ അതിനും തൊഴിലാളികളുടെ പക്കല്‍ നിന്ന് പണം ആവശ്യപ്പെടുന്നു. അതിനാല്‍ കിട്ടാനുള്ള ശമ്പളം വേണ്ടെന്നു വെച്ച് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരും കുടുങ്ങി കിടക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെയോ ഇന്ത്യന്‍ എംബസ്സിയുടെയോ ഭാഗത്ത്‌ നിന്ന് ഇത് വരെ അനുകൂല നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. അത് വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ തൊഴിലാളികള്‍.

You may have missed

Copy Protected by Chetan's WP-Copyprotect.