നന്മ വറ്റാത്ത ഈ കണ്ടക്ടറും ഡ്രൈവറും രക്ഷിച്ചത്‌ ഒരു പ്രവാസിയുടെ ഭാവിയും കുടുംബവും ജീവിതവും

മനസ്സില്‍ നന്മ മരിക്കാത്ത രണ്ടു പേര്‍. കെ.എസ്.ആര്‍.ടി.സി  ബസ്സിലെ ഡ്രൈവര്‍ കൃഷ്ണദാസും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരും. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ മനസ്സിന്റെ നന്മയറിഞ്ഞ കേരളം ഇവര്‍ക്കായി കയ്യടിക്കുകയാണ്.

നന്മ വറ്റാത്ത ഈ കണ്ടക്ടറും ഡ്രൈവറും യാത്രക്കാരും കൂടി രക്ഷിച്ചത്‌ ഒരു പ്രവാസിയുടെ ഭാവിയും കുടുംബവും ജീവിതവുമാണ്. കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യവേ ബസ്സില്‍ വിസയടിച്ച പാസ്പോര്‍ട്ടും രേഖകളും മറന്ന് വെച്ച യാത്രക്കാരനെ ബസ് ജീവനക്കാര്‍ ബസ്സുമായി തിരികെ ചെന്ന് കണ്ടെത്തി രേഖകള്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കൊച്ചിയിലെ അന്താരാഷ്ട്രാ വിമാനത്താവളം വഴി ഏറണാകുളത്തേക്ക് പോകുന്ന KL – 15 A 627  നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ സഞ്ചരിച്ചിരുന്ന മലപ്പുറം സ്വദേശി മൊയ്തീനാണ് ജീവനക്കാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം രേഖകള്‍ തിരികെ ലഭിച്ചത്. മൊയ്തീന്‍ വിമാനത്താവളത്തില്‍ ഇറങ്ങി കഴിഞ്ഞായിരുന്നു അയാളുടെ ചെറിയ ബാഗ് ഒരു യാത്രക്കാരന്റെ ശ്രദ്ധയില്‍ പെടുന്നത്. തുറന്നു നോക്കിയപ്പോള്‍ അതില്‍ വിസയടിച്ച പാസ്പോര്‍ട്ടും രേഖകളും കണ്ടെത്തി.

മൊയ്തീന്റെ വിലാസം ഉണ്ടായിരുന്നുവെങ്കിലും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ അതില്‍ ഉണ്ടായിരുന്നില്ല. രേഖകള്‍ നഷ്ടപ്പെട്ടയാളുടെ ദയനീയാവസ്ഥ ഊഹിച്ച കണ്ടക്ടര്‍ ഡ്രൈവറുമായി കൂടിയാലോചിച്ച ശേഷം  രേഖകളുടെ ഉടമസ്ഥനായ യാത്രക്കാരനെ തേടി കെ.എസ്.ആര്‍.ടി.സി ബസ്സുമായി വിമാനത്താവളത്തിലേക്ക്  തിരിച്ചു പോകുകയായിരുന്നു.

വിമാന താവളത്തില്‍ എത്തിയിട്ടും രേഖകളുടെ ഉടമസ്ഥനെ കണ്ടെത്താന്‍ സാധിച്ചില്ല. ബസ്സിലെ യാത്രക്കാരും ഇറങ്ങി തിരച്ചില്‍ നടത്തിയപ്പോള്‍ കുറച്ചു സമയത്തിനുള്ളില്‍ തന്നെ രേഖകള്‍ നഷ്ടമായി എന്ത് ചെയ്യണമെന്നു അറിയാതെ വിഷമിച്ചു നില്‍ക്കുന്ന മൊയ്തീനെ കണ്ടെത്തുകയായിരുന്നു.

You may have missed

Copy Protected by Chetan's WP-Copyprotect.