«

»

Print this Post

ഒരിക്കല്‍ക്കൂടി പ്രവാസച്ചൂടിലേക്ക് ………..!!!!

By  സിറാജ്  ബിന്‍ കുഞ്ഞിബാവ  (ഫേസ്‌ബുക്ക് സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതന്‍. ഖത്തറില്‍ പ്രവാസി. സ്വദേശം തൃശ്ശൂര്‍.)

ഒന്ന് മയക്കം പിടിച്ചതെയുള്ളൂ. അലാറം അടിച്ചു. ചുറ്റിപ്പിടിച്ച കൈ പതുക്കെ എടുത്തുമാറ്റി എണീറ്റു ബാത്ത്‌റൂമിലേക്ക് നടന്നു. പിന്നില്‍ നിന്നും വിതുമ്പല്‍. അവള്‍ ഉറങ്ങിയില്ലായിരുന്നു!

കുളി കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴേക്കും മക്കളും എഴുന്നേറ്റിരുന്നു. ഹായ്‌! ചക്കരക്കുട്ടികള്‍ എണീറ്റോടാ? പത്തുമണി ആയില്ലല്ലോ? തമാശ ഏറ്റില്ല! സാധാരണ അയാള്‍ എന്തേലും പറഞ്ഞാ മതി മക്കള്‍ കുടുകുടെ ചിരിക്കാന്‍. രണ്ടാളും അടുത്ത് വന്ന് തോളിലൂടെ കയ്യിട്ട് കെട്ടിപ്പിടിച്ച് പറഞ്ഞു. പപ്പ പോവണ്ട   പപ്പാ….! ഹൃദയത്തില്‍ കൂര്‍ത്ത മുനയുള്ള കത്തി കുത്തിയിറക്കിയ പോലെ…………..! രണ്ടാളെയും നെഞ്ചോട്‌ ചേര്‍ത്ത് നെറ്റിയില്‍ ഓരോ മുത്തം കൊടുത്ത് അയാള്‍ എണീറ്റു.

വാപ്പയും ഉമ്മയും നിസ്കാരം കഴിഞ്ഞ് ഉമ്മറത്തെ സെറ്റിയില്‍ ഇരിക്കുന്നു. എപ്പോഴും ചിരിയുള്ള വാപ്പാടെ മുഖത്ത് ദുഖത്തിന്റെ കാര്‍മേഘങ്ങള്‍! ഉമ്മ എന്തൊക്കെയോ ചൊല്ലുന്നുണ്ട്. സൂറത്ത് യാസീന്‍ (ഖുര്‍ആനിലെ ഒരദ്ധ്യായം) ആവാനാണ് സാധ്യത. ഉമ്മ ഒരു മാതിരിപ്പെട്ട എല്ലാ കാര്യങ്ങളും കോമ്പ്രമൈസ് ചെയ്യുന്നത് യാസീനിലൂടെ ആണ്!

ഇഷ്ടമുള്ള ചപ്പാത്തിയും ഇഷ്റ്റൂവും.. പക്ഷെ തൊണ്ടയില്‍ സിമന്‍റ് ഇട്ട് അടച്ചപോലെ. സുലൈമാനി പോലും ഇറങ്ങുന്നില്ല. മക്കളും പ്ലേറ്റില്‍ ചിത്രം വരച്ച് ഇരിക്കുന്നു. എണീറ്റ്‌ കൈ കഴുകി.   

നെഞ്ചില്‍ ഇറ്റുവീണ കണ്ണീരിന്റെ കൊടിയ ചൂടില്‍ മാറിലെ രോമങ്ങള്‍ തളര്‍ന്നു മയങ്ങി. അയാളുടെ ഓറഞ്ചു നിറമുള്ള ടീ ഷര്‍ട്ടില്‍ അവളുടെ കണ്ണീര്‍പ്പാടുകള്‍ ഭൂപടങ്ങള്‍ വരച്ചു. താടിയില്‍ പിടിച്ച് മുഖം പതുക്കെ ഉയര്‍ത്തി. മൂക്കും കവിളുകളും ചുവന്ന് തുടുത്തിരിക്കുന്നു കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ദയനീയമായി നോക്കി. പോവാതിരുന്നുകൂടെ എന്നാണോ അതിന്‍റെ അര്‍ഥം? പക്ഷെ തിരിച്ചുപോക്ക് അനിവാര്യം ആണെന്ന് അവള്‍ക്കറിയാം. ജീവിതം ഒന്ന് പച്ചപിടിച്ച് വരുന്നതേയുള്ളൂ.  

ഇടറിയ ശബ്ദത്തില്‍ പതിവുപോലെ ഉപദേശങ്ങള്‍ തുടങ്ങി. എന്നും ഫോണ്‍ ചെയ്യണം. കൊളസ്ട്രോളിന്റെ ഗുളിക മുടങ്ങാതെ കഴിക്കണം. ഉപ്പും മുളകും വറുത്തതും പലഹാരങ്ങളും ഒഴിവാക്കണം. എന്നും വൈകീട്ട് നടക്കാന്‍ പോകണം. തിരിച്ചുള്ള ഉപദേശങ്ങളും.. മക്കളെ നന്നായി നോക്കണം. വാപ്പാക്കും ഉമ്മാക്കും ബുദ്ധിമുട്ടൊന്നും ഇല്ലാതെ നോക്കണം. അവരെ ഇടയ്ക്കിടെ ഫോണില്‍ വിളിക്കണം……..! മറുപടിയെല്ലാം മൂളലിലും ശക്തമായ ഒരു ആലിന്ഗനത്തിലും ഒതുക്കി നെറ്റിയില്‍ ചുണ്ടുകള്‍ അമര്‍ത്തി യാത്രാമൊഴി നല്‍കി.

ചന്നം പിന്നം ചാറുന്ന മഴയിലും വിയര്‍ത്തിരുന്നു. മനസ്സിനെ കല്ലാക്കി, ചെവികള്‍ രണ്ടും കൊട്ടിയടച്ച് പിന്നില്‍ നിന്നുയരുന്ന തേങ്ങലുകള്‍ കേട്ടില്ലെന്ന് നടിച്ച് നിറകണ്ണുകളോടെ അനുജനോടൊപ്പം കാറില്‍ കയറി. അകലുന്ന കാറിനൊപ്പം തേങ്ങലുകളും നേര്‍ത്തു. പിന്നില്‍ ഓടി മറയുന്ന വലിയ കല്‍മതിലും മരങ്ങളും.  എന്തോ എടുക്കാന്‍ മറന്നിരിക്കുന്നു. എന്തായിരിക്കും? എന്തോ ഉണ്ട്! തീര്‍ച്ച………….!

മഴ ശക്തിയാര്‍ജ്ജിച്ചു. നിശബ്ദത. അനുജന്‍റെ ശ്രദ്ധ ഡ്രൈവിങ്ങില്‍ തന്നെ. വൈപ്പറിന്റെ താളാത്മകമായ ശബ്ദം. അയാളുടെ കണ്ണുകള്‍ മെല്ലെ അടഞ്ഞു! ഇക്കാ.. നമ്മള്  എത്തീട്ടാ..! രണ്ടു മണിക്കൂറോളം ഉറങ്ങിയോ?? മൊബൈലില്‍ അവളുടെ മൂന്ന് നാല് മിസ്സ്ഡ്‌ കോളുകള്‍ ഉണ്ടായിരുന്നു. ഇനി ഈ മിസ്സ്ഡ്‌ കോളുകള്‍ അവസാനിക്കണമെങ്കില്‍ അടുത്ത ലീവ് ആവണം.

യാന്ത്രീകമായ ചലനങ്ങളോടെ ക്യൂവില്‍. എമിഗ്രേഷന്‍ കഴിഞ്ഞ് ലോഞ്ചില്‍ ഇരുന്നു. പല ഭാവങ്ങളോടെ പല മുഖങ്ങള്‍! ആദ്യമായി ഗള്‍ഫില്‍ പോകുന്നതിന്‍റെ പകപ്പ്! ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ചിലര്‍! നേരെ മുന്നില്‍ ഇരുന്നിരുന്ന ചെറുപ്പക്കാരന്‍ ചെവിയില്‍ തിരുകിയ ഇയര്‍ഫോണില്‍ പാട്ട് കേള്‍ക്കുയാണോ അതോ ആരോടെങ്കിലും സംസാരിക്കുന്നോ? കരഞ്ഞു തളര്‍ന്ന് ഉറങ്ങുന്ന കുഞ്ഞിനെ മാറോടണച്ചു ഒരമ്മ! പരിചയമുള്ള മുഖം. ആ .. ആരാണാവോ?

അയാള്‍ മൊബൈല്‍ എടുത്ത് “മൈ ഹാര്‍ട്ട് ബീറ്റ്‌സ്” കുത്തി! ഹലോ! അപ്പുറത്ത് തേങ്ങല്‍ മാത്രം! മക്കള്‍ പിന്നെയും കിടന്നിരുന്നു. എത്തിയിട്ട് വിളിക്കാട്ടോ. എല്ലാരോടും പറഞ്ഞോ! മറുപടി മൂളല്‍ മാത്രം!

ഫ്ലൈറ്റിനുള്ളില്‍ കയറി. ഇപ്രാവശ്യം ജനലിനരികെയുള്ള സീറ്റ്‌ കിട്ടിയില്ല. ബാക്കിയുള്ള രണ്ടു സീറ്റിലും ആളെത്തി! ചെറുപ്പക്കാര്‍ തന്നെ! ഒരാള്‍ ടിപ് ടോപ്‌! പക്ഷെ ആദ്യമായി കടലിന്നക്കരെ പോകുന്നു എന്ന് കണ്ടാലെ അറിയാം. മറ്റേത് കുറച്ചു കൂടി പ്രായമുണ്ട്. കോട്ടും ടൈയും ഒക്കെ ഉണ്ടെങ്കിലും കണ്ണൊക്കെ ചുവന്നു കലങ്ങിയിരിക്കുന്നു. ഇനീപ്പോ കല്യാണം കഴിഞ്ഞ് പുതുമോടി വല്ലതും ആണോ?? കയ്യിലെ വി ഐ പി ബാഗ്‌ മുകളില്‍ തിരുകി വെക്കുന്നതിനിടയില്‍ ഒന്ന് നോക്കി! കുറച്ചു പുച്ഛം ഉണ്ടോ ആ നോട്ടത്തില്‍?? ആആആആആആ…! ഒതുങ്ങിയിരുന്നു കടക്കാനുള്ള വഴി തരപ്പെടുത്തിക്കൊടുക്കുന്നതിനിടയില്‍ യാത്രാമധ്യേ കൊച്ചിയില്‍ എത്തിയ മണം! ചുവന്നു കലങ്ങിയ കണ്ണുകളുടെ അര്‍ഥം പിടികിട്ടി! ഭാഗ്യത്തിന് വിന്‍ഡോ സീറ്റ്‌ ആയിരുന്നു അദേഹത്തിന്റെ! അല്ലെങ്കി ആ സ്മെല്‍ അടിച്ച് അയാള്‍ വാള് വെച്ചേനെ!!  

മുന്നേ ലോഞ്ചില്‍ കണ്ട ആ ഉമ്മയും കുഞ്ഞും അടുത്ത നിരയില്‍. വാപ്പയുടെ അടുത്തേക്ക് പോവുന്ന സന്തോഷത്തില്‍ ആയിരുന്ന അവന്‍ ഉറക്കത്തില്‍നിന്നു എണീറ്റ്‌ വലിയ വായിലെ കരച്ചില്‍ തുടങ്ങിയിരുന്നു. മിട്ടായിക്കും കളിപ്പാട്ടങ്ങള്‍ക്കും ആ കരച്ചില്‍ നിറുത്താനായില്ല! വല്ലാത്ത കരച്ചില്‍ തന്നെയായിരുന്നു. അതിനിടയില്‍ ഒരു എയര്‍ഹോസ്റ്റസ് എന്തോ സ്പ്രേ രണ്ടു കയ്യിലും പിടിച്ച് മേപ്പട്ടു തൂറ്റിച്ചു നടന്നു പോയി! ഇത് കൂടി ആയപ്പോള്‍ ആ കുഞ്ഞിന്‍റെ അസ്വസ്ഥത വര്‍ദ്ധിച്ചു എന്ന് തോന്നുന്നു. കരച്ചിലിന്റെ കൂടെ ചുമയും!

എയര്‍ഹോസ്റ്റസ്സിന്റെ കയ്യീന്ന് കിട്ടിയ ആട്ടുംകാട്ടം പോലയുള്ള രണ്ടു മിട്ടായി കൊടുത്ത് നോക്കി! എവിടെ? രണ്ടു കൈകളും ഒന്ന് വെറുതെ നീട്ടിയപ്പോള്‍ അവന്‍ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി! ഒരു ആശ്വാസം കിട്ടിയപോലെ ആ കുഞ്ഞിക്കൈകള്‍ അയാളുടെ നേര്‍ക്ക്‌ നീണ്ടു! ഒരു നിമിഷം സംശയിച്ച ഉമ്മയുടെ കയ്യില്‍ നിന്നും അയാളുടെ കയ്യിലേക്ക് ചാടി!

മക്കളെ കുഞ്ഞുന്നാളുകളില്‍ ഇരുത്തിയിരുന്നത് പോലെ കുഞ്ഞിക്കാലുകള്‍ കുമ്പയുടെ വശങ്ങളിലെക്കിട്ട് നെഞ്ചോട്‌ ചേര്‍ത്ത് കിടത്തി. ഒന്നുകൂടെ സുഖവും സുരക്ഷിതത്വവും തോന്നിയത് കൊണ്ടോ എന്തോ വേഗം കുഞ്ഞിക്കണ്ണുകള്‍ പൂട്ടി അവന്‍ ഉറക്കമായി! അയാളുടെ കണ്ണുകളും മെല്ലെ അടഞ്ഞു….!

മനസ്സ് വീണ്ടും നാട്ടിലെത്തി. മക്കളുടെ മുഖം തെളിഞ്ഞുവന്നു. രാത്രി ഏറെ വൈകിയാലും ഇളയമകള്‍ അയാളെ തന്നെ ചുറ്റിപ്പറ്റി നില്‍ക്കും. വളര്‍ന്ന് വലുതായെങ്കിലും കെട്ടിപ്പിടിച്ച് കൂടെ കിടക്കാന്‍ തന്നെ!! ചെറുതായുള്ള “സ്വാര്‍ഥത” മൂലം അയാളുടെ ഭാഗത്ത്‌ നിന്നും അനുകൂലമായ നീക്കം കാണാതെ ആ മുഖം കടന്നല്‍ കുത്തിയത് പോലെ ആകുമെങ്കിലും പതിവുള്ള മുത്തവും ഗുഡ് നൈറ്റും പറഞ്ഞ് മനസില്ലാമനസ്സോടെ പോകും മോള്‍! പക്ഷെ പിറ്റേ ദിവസം ഉറക്കമെഴുന്നെല്‍ക്കുമ്പോ രണ്ട് മക്കളുടെയും തലയിണകള്‍ക്ക് പകരം അയാളുടെ കൈത്തണ്ടകകള്‍ കാണുമെന്ന് അവര്‍ക്കറിയാം!

തൊട്ടപ്പുറത്ത്‌ ഇരുന്ന ചെറുപ്പക്കാരനെ “കോട്ടിട്ട കള്ളുകുടിയന്‍” ഇംഗ്ലീഷ് പറഞ്ഞ് കൊല്ലുന്നു! കെണിയില്‍ പെട്ട എലിയെപ്പോലെ ചെക്കന്‍ ഞെരിപിരി കൊള്ളുന്നു!! ഇടയ്ക്കിടെ ദയനീയമായി അയാളെ നോക്കുന്നുണ്ട് പാവം! കണ്ടില്ലെന്നു നടിച്ചു! എക്സ്പീരിയന്‍സ് ആയിക്കോട്ടെ!!!

“ഇനി ഞാന്‍ എടുത്തോളാം”! ഉമ്മയുടെ ശബ്ദം കേട്ട് അവനും കണ്ണു തുറന്നിരുന്നു. വാശിയെല്ലാം മാറി നല്ല കുട്ടിയായി എയര്‍ഹോസ്റ്റസ് കൊടുത്ത പാവയുമായി ഉമ്മയുടെ മടിയില്‍ കളിച്ചിരിപ്പായി.

കള്ളുകുടിയന്‍ ഇടയ്ക്കിടെ തലക്ക് മുകളില്‍ ഉള്ള ബട്ടണ്‍ അമര്‍ത്തി എയര്‍ഹോസ്റ്റസിനെ വിളിച്ചുകൊണ്ടിരുന്നു. ഓരോ പ്രാവശ്യവും യാതൊരു അസഹിഷ്ണുതയും പ്രകടിപ്പിക്കാതെ ചിരിച്ചുകൊണ്ട് വിവരങ്ങള്‍ ആരാഞ്ഞ അവരോട് വല്ലാത്ത മതിപ്പ് തോന്നി!

ഭക്ഷണം കഴിക്കുമ്പോഴും ഇംഗ്ലീഷ് പ്രഭാഷണം നിറുത്തിയിരുന്നില്ല തൊട്ടപ്പുറത്ത്, മാത്രമല്ല കത്തിയും മുള്ളും എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ചുള്ള “കത്തിയും” നടക്കുന്നുണ്ടായിരുന്നു. ഫോര്‍ക്ക് കുത്തി ഒരു പരീക്ഷണം നടത്തിയപ്പോള്‍ ആകെയുണ്ടായിരുന്ന രണ്ടു ചെറിയ ചിക്കന്‍ കഷണം എങ്ങോട്ടോ തെറിച്ച് പോയത് ആരെങ്കിലും കണ്ടോ എന്ന് ഒറ്റക്കണ്ണ്‍ ഇട്ടു നോക്കുന്നുണ്ടായിരുന്നു പാവം! അതും ഒരു എക്സ്പീരിയന്‍സ്!!!!!

ഇടക്ക് തല നീട്ടി അയാളോടും എന്തോ ചോദിച്ചിരുന്നു ഇന്ഗ്ലിഷില്‍! കേള്‍ക്കാത്ത പോലെ സീറ്റ്‌ ഒന്ന് കൂടി പുറകിലേക്കാക്കി ചാരിക്കിടന്ന് കണ്ണുകള്‍ അടച്ചു!

ഖത്തറില്‍ എത്താറായി എന്ന അറിയിപ്പ് കേട്ടാണ് പിന്നെ കണ്ണ് തുറന്നത്. എയര്‍ഹോസ്റ്റസ് ഇടക്കെപ്പോഴോ കൊണ്ട് തന്ന എമ്ബാര്‍ക്കെഷന്‍ കാര്‍ഡ് വേഗം പൂരിപ്പിച്ച് പാസ്പ്പോര്ട്ടിനുള്ളില്‍ വെച്ചു. തൊട്ടടുത്തിരുന്ന ചെറുപ്പക്കാരന്‍ പാസ്പോര്‍ട്ടും കാര്‍ഡും നീട്ടി. ചേട്ടാ ഇതുകൂടി ഒന്ന് ഫില്‍ ചെയ്ത് തരാമോ? ആദ്യായിട്ടാണെയ്! ആയ്ക്കോട്ടെ…! എഴുതി തരാലോ! താങ്ക്യൂ ചേട്ടാ!

സാറേ… പ്ലീസ്‌… ഇതും കൂടി ഒന്ന് എഴുതി തര്വോ? ചെക്കന്‍ പിന്നേം! തനിക്ക് എത്ര പാസ്പോര്‍ട്ട് ഉണ്ടെടോ?? അയ്യോ! ചേട്ടാ. ഇത് എന്റെയല്ല!! അപ്പുറത്ത് ഇരിക്കുന്ന ആ ചേട്ടന്റ്യാ. ചെറുക്കന് ചിരി അടക്കാന്‍ കഴിയുന്നില്ല. ഒന്ന് പാളി നോക്കി അയാള്‍. യ്യോ! ഇതാര്?? നമ്മടെ കോട്ടിട്ട കള്ളുകുടിയന്‍ ഇന്ഗ്ലിഷ് ചേട്ടന്‍! നമ്രമുഖനായി ഷൂവിട്ട കാലുകൊണ്ട് പ്ലെയിനിന്റെ തറയില്‍ കോലം വരക്കുന്നു!!!!! നന്ദി ചേട്ടാ…!

വെറുതെ ഒന്ന് പരതിനോക്കി ഉമ്മയെയും കുഞ്ഞിനേയും ചെറുപ്പക്കാരെയും പിന്നെ കണ്ടില്ല! വൈറ്റിംഗ് ഏരിയയില്‍ അയാളെ നോക്കി കൈ ഉയര്‍ത്തിക്കാണിച്ച ഫിറോസിനെ നോക്കി ചിരിച്ച് പുറത്തെ ചുട്ടുപൊള്ളുന്ന പ്രവാസത്തിന്‍റെ ചൂടിലേക്ക് നടന്നു.

 

Permanent link to this article: http://pravasicorner.com/?p=2020

Copy Protected by Chetan's WP-Copyprotect.