നാലുവയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് തൂക്ക് കയര്‍; പീഡനകന്‍മാര്‍ക്ക് മരണം വിധിക്കുന്ന നിയമം നടപ്പാകുന്നു

നാലു വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകനൈ തൂക്കിലേറ്റാന്‍ വിധിച്ച് കോടതി. കീഴ്‌ക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതിയും മരണശിക്ഷ അംഗീകരിക്കുകയായിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഇതോടെ ശിക്ഷ നടപ്പാക്കാന്‍  കോടതി വാറണ്ട് പുറപ്പെടുവിച്ചു.
മധ്യപ്രദേശിലെ സാത്ന ജില്ലാ കോടതിയാണ് ശിക്ഷ നടപ്പാക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചത്. 2018 ജൂണ്‍ 30 നടന്ന കേസില്‍ മാസങ്ങള്‍ക്കുള്ളില്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചിരുന്നു. വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജി തള്ളിക്കളഞ്ഞ ബെഞ്ച് ജനുവരി 29ന് കീഴ്കോടതിയുടെ ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
മഹേന്ദ്ര സിംഗ് ഗോണ്ട് എന്ന അധ്യാപകനെയാണ് കോടതി ശിക്ഷിച്ചത്. മാര്‍ച്ച് രണ്ടിന് ജബല്‍പുര്‍ ജയിലില്‍ ശിക്ഷ നടപ്പാക്കണമെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. വിധി സുപ്രീം കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ അന്നു തന്നെ നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുറ്റകൃത്യം നടന്ന് ഏഴു മാസത്തിനുള്ളില്‍ ശിക്ഷാ പ്രഖ്യാപനവും വന്നുവെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. വിധി നടപ്പായാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ കൊണ്ടുവന്ന പുതിയ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെയാളാകും മഹേന്ദ്ര സിംഗ് ഗോണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നാണ് ഗോണ്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കാട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കുട്ടിയെ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടി മരിച്ചുവെന്ന് കരുതിയാണ് അയാള്‍ അങ്ങനെ ചെയ്തത്. കുട്ടിയെ കാണാതെ വന്നതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് പാതി പ്രാണനുമായി കാട്ടില്‍ നിന്നും കണ്ടെടുത്തത്. ഉടന്‍തന്നെ ഇവര്‍ ആശുപത്രിയില്‍ എത്തിക്കുകയും സര്‍ക്കാര്‍ ഇടപെട്ട് കുട്ടിയെ ഡല്‍ഹിയിലേക്ക് അയക്കുകയുമായിരുന്നു.
പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി മാസങ്ങളോളും ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടല്‍മാലയ്ക്ക് അടക്കം കേടുപാടുകള്‍ സംഭവിച്ചതിനാല്‍ നിരവധി ശസ്ത്രക്രിയകള്‍ക്കു വിധേയമായിരുന്നു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മഹേന്ദ്ര സിംഗിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പ്രതിക്ക് മരണശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന കുറ്റപത്രം സെപ്തംബര്‍ 29ന് പോലീസ് നഗോദ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി നടത്തിയ കുറ്റസമ്മതവും വീഡിയോ കോണ്‍ഫറന്‍സ് വഴി ഇരയായ പെണ്‍കുട്ടി നല്‍കി മൊഴിയും കേസില്‍ നിര്‍ണായകമായി.
Copy Protected by Chetan's WP-Copyprotect.