കോടതിയുടെ സമയം പാഴാക്കിയതിന് തോമസ്‌ ചാണ്ടിക്കും മകനും പിഴ ശിക്ഷ

കൊച്ചി: അനാവശ്യ ഹര്‍ജി സമര്‍പ്പിച്ച്‌ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിനു മുന്‍മന്ത്രി തോമസ് ചാണ്ടി, മകന്‍ ബോബി ചാണ്ടി ഉള്‍പ്പടെ നാല് പേര്‍ക്ക് ഹൈക്കോടതി 25,000 രൂപ വീതം പിഴ ശിക്ഷ വിധിച്ചു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി ഭൂമി കൈയേറി റോഡ് നിര്‍മിച്ചുവെന്ന വിജിലന്‍സ് കേസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിക്കാന്‍ തോമസ്‌ ചാണ്ടിയും കേസിലെ മറ്റു കക്ഷികളും തയ്യാറായത്. കേസില്‍ തോമസ് ചാണ്ടി അടക്കം 22 പേരെ പ്രതിയാക്കിയാണ് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസ് തള്ളുമെന്ന് ഉറപ്പായതോടെ പിന്‍ വലിക്കാന്‍ അനുവാദം തേടുകയായിരുന്നു.

ഈ കേസില്‍ കോടതി നിരവധി തവണ വാദം കേട്ടിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിധി പറയാനായി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി വെച്ചപ്പോഴാണ് ഹര്‍ജി പിന്‍വലിക്കാനുള്ള അനുവാദം തേടിയത്. കോടതിയുടെ വിലപ്പെട്ട സമയം അനാവശ്യമായി പാഴാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതൊരു കീഴ്വഴക്കമാകാന്‍ അനുവദിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

തുടര്‍ന്നാണ്‌ കേസിലെ കക്ഷികള്‍ക്ക് പിഴ വിധിച്ചത്. പത്ത് ദിവസത്തിനകം നാല് പേരും പിഴയടയ്ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

Copy Protected by Chetan's WP-Copyprotect.