തച്ചങ്കരിക്കെതിരെ വൈക്കം വിശ്വന്‍. കെ.എസ്.ആര്‍.ടി. സി യുടെ വരുമാനം കൂടിയത് തച്ചങ്കരിയുടെ കഴിവല്ല

കോട്ടയം: കെ.എസ്.ആര്‍.ടി.സി യുടെ  വരുമാനം വര്‍ദ്ധിച്ചത് ടോമിന്‍ തച്ചങ്കരിയുടെ കഴിവ് കൊണ്ടല്ലെന്നും യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചതും ശബരിമല വരുമാനവും ചേര്‍ത്താണ് കളക്ഷന്‍ കൂടിയതെന്നും കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന്‍.

25 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കോര്‍പ്പറേഷനില്‍ നിന്ന് ശമ്ബളം കൊടുത്തതെന്നുള്ളത് വ്യാജ പ്രചാരണമാണ്. കോട്ടയം പാലാ കേന്ദ്രീകരിച്ചുള്ള ഒരു സംഘടനക്കാര്‍ തച്ചങ്കരിയെ സ്വാധീനിച്ചിരുന്നു . അവര്‍ പറയുന്നത് മാത്രമായിരുന്നു തച്ചങ്കരി നടപ്പാക്കിയിരുന്നത്. ടോമിന്‍ തച്ചങ്കരി ആറ് മാസം കൂടി എം.ഡി സ്ഥാനത്തു തുടര്‍ന്നിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി സ്വകാര്യവത്കരിച്ചേനെയെന്നും വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കോര്‍പ്പറേഷനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടുത്തുക എന്ന ഇടതു സര്‍ക്കാര്‍ നയം അട്ടിമറിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടന്നത്. ആ ശ്രമം പരാജയപ്പെട്ടതിലുള്ള വിഷമമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സ്ഥാപനത്തിന് നഷ്ടം സംഭവിക്കുമ്പോള്‍ തൊഴിലാളികളെ പ്രതിസ്ഥാനത്തു നിറുത്തി പ്രതിസന്ധിയുടെ ഉത്തരവാദിത്വം അവരുടെ തലയില്‍ കെട്ടിവെക്കുന്ന സമീപനം മാറണം. തൊഴിലാളികളെ കൂടി വിശ്വത്തിലെടുത്തായിരിക്കണം പ്രതിസന്ധി മറികടക്കാനാവശ്യമായ ശ്രമങ്ങള്‍ നടത്തേണ്ടത്.

കോര്‍പ്പറേഷന്‍ ഇല്ലാതാക്കാന്‍ യൂണിയനുകള്‍ ശ്രമിക്കുകയാണെന്ന വ്യാജപ്രചാരണം തച്ചങ്കരി നടത്തുകയായിരുന്നുവെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു. കോര്‍പ്പറേഷന്‍ നില നിന്നു പോവാന്‍ ഏറെ വിട്ടുവീഴ്ചകള്‍ യൂണിയനുകള്‍ ചെയ്തിരുന്നു എന്ന കാര്യം വിസ്മരിചായിരുന്നു ഈ വ്യാജ പ്രചരണം.

ജനകീയ ട്രാന്‍സ്‌പോര്‍ട്ട് -ജനപക്ഷ വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തി എംപ്ലോയീസ് അസോസിയേഷന്‍ 20ന് ബസ് ഡേ ആചരിക്കും. പുതിയ എം.ഡിക്ക് എല്ലാ സഹായവും അസോസിയേഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Copy Protected by Chetan's WP-Copyprotect.