ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഭാര്യക്കും കാമുകനും ജാമ്യം

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഭാര്യക്കും കാമുകന് ജാമ്യം. തൃശൂര്‍ തിരൂര്‍ സ്വദേശി കൃഷ്ണ കുമാറിന്‍റെ ഭാര്യ സുജാത (42), തൃശൂര്‍ കിള്ളന്നുര്‍ വടക്കേ തൊടിയില്‍ മാത്തച്ചന്‍ മകന്‍ സുരേഷ് ബാബു (36) എന്നിവര്‍ക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യം നല്‍കുന്നുണ്ടെങ്കില്‍ തന്നെയും പ്രതികളുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം അതീവ ഗുരുതരമെന്ന് കോടതി വിലയിരുത്തി. എന്നാല്‍ കേസിന്‍റെ അന്വേഷണം കാര്യമായി പുരോഗമിക്കുന്നു. അതേ സമയം ഫൈനല്‍ റിപ്പോര്‍ട്ട്‌ പോലീസ് സമര്‍പ്പിചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഈ കാരണം മുന്‍ നിറുത്തി ജാമ്യം അനുവദിക്കുകയാണെന്ന് ജസ്റ്റിസ് സുനില്‍ തോമസ്‌ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

എഴുപതിനായിരം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവും വേണം. ഏഴ് ദിവസത്തിനകം പ്രതികളുടെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. മൂന്നു മാസക്കാലത്തേക്ക് എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മൂന്ന് വര്‍ഷമായി അടുപ്പത്തിലായിരുന്ന സുജാതയും സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും ഒരുമിച്ച്‌ ജീവിക്കാനായി സുജാതയുടെ ഭര്‍ത്താവ് കൃഷ്ണകുമാറിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. ഇതിനായി തൃശൂരിലെ ക്വട്ടേഷന്‍ സംഘാംഗങ്ങളെ നാല് ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. പതിനായിരം രൂപയും ഒന്നരപ്പവന്‍ സ്വര്‍ണവും അഡ്വാന്‍സായി നല്‍കുകയും ചെയ്തു.

കൃഷ്ണകുമാറിനെ കാറിടിച്ച്‌ കൊല്ലാനായിരുന്നു ശ്രമം. സംഭവ ദിവസം വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണകുമാറിന്റെ ഓരോ നീക്കവും ഭാര്യ കാമുകനെ അറിയിച്ചു. കാമുകന്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറി. കൃഷ്ണകുമാറിനെ പിന്തുടര്‍ന്ന സംഘം കാറിടിച്ച്‌ കൊല്ലാന്‍ ശ്രമം നടത്തിയെങ്കിലും പദ്ധതി നടന്നില്ല.

അപകടത്തില്‍ കാലിന് പരിക്കേറ്റ കൃഷ്ണകുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് സംഭവത്തില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സ്വന്തം ഭാര്യ തന്നെ നല്‍കിയ ക്വട്ടേഷനാണെന്ന് അറിഞ്ഞത്.

അപകടം ഉണ്ടാക്കിയ കാര്‍ കണ്ടെത്തിയതോടെ ക്വട്ടേഷന്‍ സംഘം പിടിയിലായി. ഇതോടെ ഭാര്യയും കാമുകനും ചേര്‍ന്ന് നല്‍കിയ ക്വട്ടേഷനാണെന്ന് തെളിയുകയും ചെയ്തു. ക്വട്ടേഷന്‍ തെളിഞ്ഞതോടെ ഭാര്യയും കാമുകനും പൊലീസ് പിടിയിലായി.

ഭര്‍ത്താവ് വയനാട്ടില്‍ പോകുമ്പോള്‍ മക്കളെ സ്‌കൂളില്‍ വിടാന്‍ സുജാത സ്വകാര്യ ബസിലാണ് പോകാറുളളത്. ആ ബസ്സിലെ ഡ്രൈവറാണ് സുരേഷ് ബാബു. ഭര്‍ത്താവിനെ വകവരുത്തിയാല്‍ തങ്ങളുടെ പ്രണയ ബന്ധം സഫലമാകുമെന്ന് കരുതിയാണ് സുജാത ഈ കൊടുംപാതകത്തിന് മുതിര്‍ന്നത്.

Copy Protected by Chetan's WP-Copyprotect.