ഒടുവില്‍ പോപ്പും സമ്മതിച്ചു; സഭാ സ്ഥാപനങ്ങളില്‍ കന്യാസ്ത്രീകളെ ബിഷപ്പുമാരും വൈദീകരും പീഡിപ്പിക്കുന്നു

കന്യാസ്തികളേ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേരളത്തില്‍ വിവാദങ്ങള്‍ ആളികത്തവേ ലോകമെങ്ങും ബിഷപ്പുമാരും വൈദികരും കന്യസ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ച് പോപ്പ്.യുഎയില്‍ നിന്ന് മടങ്ങും മുമ്പ് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സമ്മതിച്ചത്. സഭയുടെ സ്ഥാപനങ്ങളില്‍ വച്ച് കന്യാസ്ത്രീകള്‍ പീഡിപ്പിക്കപെടുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ കത്തോലിക്കാ സഭയില്‍ തന്നെ വന്‍ കോളിളക്കങ്ങള്‍ക്ക് ഇടയാക്കും.

ഇതാദ്യമായിട്ടാണ് പോപ്പ് ഇക്കാര്യത്തില്‍ ഒരു തുറന്ന് സമ്മതിക്കല്‍ നടത്തിയിരിക്കുന്നത്. കന്യാസ്ത്രീകളെ ലൈംഗിക അടിമകളായി മാറുന്നതിന് പുരോഹിതന്മാര്‍ സമ്മര്‍ദം ചെലുത്തുന്ന പരിതാപകരമായ അവസ്ഥ ലോകമെമ്പാടുമുണ്ടെന്നാണ് പോപ്പ് സമ്മതിച്ചിരിക്കുന്നത്. ഇതിനെതിരെ സഭ ശക്തമായ നീക്കം നേരത്തെ ആരംഭിച്ചിട്ടുണ്ടെങ്കിലും അത് ഇനിയും ശക്തിപ്പെടുത്തുമെന്നും പോപ്പ് ഉറപ്പ് നല്‍കി ഇന്ത്യ, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് അമേരിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം കന്യാസ്ത്രീകളെ പുരോഹിതന്മാര്‍ ചൂഷണം ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ മോശം പ്രവര്‍ത്തി ചെയ്യുന്ന പുരോഹിതരോട് മുന്‍ പോപ്പായ ബെനഡിക്ട് പതിനാറാമന്റെ കാലം മുതല്‍ തന്നെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നത് തന്റെ പ്രസംഗത്തില്‍ പോപ്പ് ഫ്രാന്‍സിസ് എടുത്ത് കാട്ടിയിരുന്നു. മീടൂ വെളിപ്പെടുത്തലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭകളില്‍ നിന്നും ഇത്തരത്തില്‍ പുരോഹിതര്‍ പീഡിപ്പിച്ചുവെന്ന പരാതികള്‍ ഉയര്‍ന്ന് വന്നത് സഭയെ കഴിഞ്ഞ വര്‍ഷം പിടിച്ച് കുലുക്കിയിരുന്നു. മലയാളി ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവവും സഭയ്ക്ക് കടുത്ത പേര് ദോഷമുണ്ടാക്കിയിരുന്നു.

കന്യാസ്ത്രീകളോട് മോശമായി പെരുമാറിയ നിരവധി പുരോഹിതരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന കാര്യം ഈ അവസരത്തില്‍ പോപ്പ് ഫ്രാന്‍സിസ് എടുത്ത് കാട്ടിയിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്ന പ്രവണത പൊതു സമൂഹത്തില്‍ വര്‍ധിച്ച് വരുന്നുവെന്നും അത് സഭയെയും ബാധിച്ചതാണെന്നും പോപ്പ് വിശദീകരിക്കുന്നു. സമൂഹത്തില്‍ പൊതുവെ സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന രീതി നിരവധി ഇടങ്ങളിലുണ്ടെന്നും അത് അവസാനിപ്പിച്ചേ മതിയാവൂ എന്നും പോപ്പ് ആവശ്യപ്പെട്ടു.

ലോക സമാധാനത്തിനായി കൈറോ ഇമാമുമായി ഒരു കരാറില്‍ ഒപ്പ് വച്ച് ചരിത്രം കുറിക്കാനും ഈ സന്ദര്‍ശനത്തിനിടെ പോപ്പിന് സാധിച്ചു.
ആവശ്യമെങ്കില്‍ വെനിസ്വലയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് അറുതി വരുത്താനായി ഇടപെടുമെന്നും പോപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അബുദാബിയില്‍ പോപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ വിശുദ്ധ കുര്‍ബാനയില്‍ ഒന്നേകാല്‍ ലക്ഷം വിശ്വാസികള്‍ നേരിട്ട് പങ്കെടുത്തിരുന്നു. ഇതിന് പുറമെ ലക്ഷക്കണക്കിന് പേര്‍ ടെലിവിഷനിലൂടെ കുര്‍ബാന ദര്‍ശിക്കുകയും ചെയ്തിരുന്നു. ഈ വിശുദ്ധ കുര്‍ബാനക്കിടെ തെറ്റുകള്‍ ഏറ്റ് പറയാനും ലോകസമാധാനത്തിന് ആഹ്വാനം ചെയ്യാനും പോപ്പ് ഫ്രാന്‍സിസ് തയ്യാറായിരുന്നു.

Copy Protected by Chetan's WP-Copyprotect.