സൗദിയില്‍ അനധികൃത തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന തൊഴിലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ജവാസാത്ത്

രാജ്യത്ത് അനധികൃതമായി താമസിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന തൊഴിലുടമകള്‍ക്ക് ജവാസാത്തിന്റെ ശക്തമായ താക്കീത്. രാജ്യത്ത് താമസ നിയമ ലംഘനവും, തൊഴില്‍ നിയമ ലംഘനവും, അതിര്‍ത്തി ലംഘനവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഓരോ വര്‍ഷവും ഇരുപത്തി അഞ്ചു ലക്ഷത്തില്‍ അധികം വിദേശികളാണ് തൊഴില്‍ നിയമവും, താമസ നിയമവും അതിര്‍ത്തി ലംഘനവും നടത്തുന്നതിന് പിടിയിലാകുന്നത്.

നിയമം ലംഘിച്ചെത്തുന്ന വിദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നത് കൊണ്ടാണ് ഈ ലംഘനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതെന്ന് ജവാസാത്തിന്റെ വിലയിരുത്തല്‍. കുറഞ്ഞ വേതനം നല്‍കിയാല്‍ മതിയെന്നത് കൊണ്ട് അധികാരികളുടെ വിലക്ക് മാറി കടന്നു കൊണ്ട് തൊഴിലുടമകള്‍ ഇവര്‍ക്ക് തൊഴില്‍ നല്‍കുന്നു. തുച്ഛമായ വേതനത്തിന് പുറമേ തൊഴില്‍ നിയമം അനുശാസിക്കുന്ന യാതൊരു ആനുകൂല്യവും അധികമായി നല്‍കേണ്ടതില്ല എന്നത് കൊണ്ടും തൊഴിലുടമകള്‍ ഇവര്‍ക്ക് തൊഴില്‍ നല്‍കുന്നു.

ഇത്തരം തൊഴിലുടമകളെ ലക്ഷ്യമാക്കി കൊണ്ടാണ് ജവാസാത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് പ്രവേശിക്കുന്നവരെയും നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവരെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ തൊഴിലുടമകള്‍ യാതൊരു കാരണ വശാലും സ്വീകരിക്കരുതെന്ന് ജവാസാത്ത് മുന്നറിയിപ്പ് നല്‍കുന്നു.

ഇത്തരം നിയമ ലംഘനം നടത്തുന്ന തൊഴിലുടമകള്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ ഉനാവും. നിയമ ലംഘനം നടത്തുന്ന തൊഴിലുടമകള്‍ക്ക് തടവ്‌ ശിക്ഷയും പിഴ ശിക്ഷയും കൂടാതെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിരോധനവും ഏര്‍പ്പെടുത്തും. ഇത്തരം തൊഴിലുടമകള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവാദം നല്‍കില്ല.

അനധികൃത തൊഴിലാളികളുടെ സാന്നിധ്യം ഒരു സ്ഥാപനത്തിന്റെയും തൊഴില്‍ സ്ഥലത്തോ വാഹനത്തിലോ താമസ സ്ഥലത്തോ ഉണ്ടാകാന്‍ പാടില്ല. അത്തരം സാന്നിധ്യം കണ്ടെത്തിയാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തൊഴിലുടമക്കായിരിക്കും. ഇത്തരം സാന്നിധ്യങ്ങള്‍ കണ്ടെത്തിയാല്‍ തൊഴിലുടമക്ക്‌ ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും. ആറു മാസം വരെ തടവ്‌ ശിക്ഷയും ഉണ്ടാകും.

നിയമ ലംഘനത്തിന് പിടികൂടപ്പെടുന്നത് വിദേശ തൊഴിലാളിയാണെങ്കില്‍ നാട് കടത്തും. നിയമം ലംഘിക്കുന്ന സ്ഥാപനത്തിന്‍റെ മാനേജര്‍ വിദേശിയാണെങ്കില്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തുകയും ചെയ്യും.

സന്ദര്‍ശന വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്ന വിദേശികള്‍ വിസ കാലാവധി ശേഷം രാജ്യത്ത് ഉണ്ടാകാന്‍ പാടില്ല.

ഒരു വിദേശിക്ക് തൊഴില്‍ നല്‍കുന്നതിന് മുന്‍പായി തൊഴിലുടമകള്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നല്‍കി.

Copy Protected by Chetan's WP-Copyprotect.