കുട്ടികളുമായി അടുത്തിടപഴകുമ്പോള്‍ ജാഗ്രത പാലിക്കണം; വൈദികരുടെ താമസ സ്ഥലത്ത് കുട്ടികള്‍ തങ്ങാന്‍ പാടില്ല പീഡനം തടയാന്‍ മാര്‍ഗനിര്‍ദ്ദേശവുമായി കെസിബിസി

സഭയിലെ ലൈംഗീക പീഡനങ്ങള്‍ തടയാനുള്ള മാര്‍ഗരേഖയുമായി കെസിബിസി. കഴിഞ്ഞ ജൂണില്‍ വിതരണത്തിനായി തയ്യാറായെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ബിഷപ് ഉള്‍പ്പടെയുള്ളവര്‍ പ്രതികളാകുന്ന പീഡനകേസുകള്‍ കത്തോലിക്കാ സഭയുടെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലാക്കുമ്‌ബോള്‍ ജോലി സ്ഥലങ്ങളിലെയും കുട്ടികള്‍ക്കു നേരെയുമുള്ള പീഡന കേസുകളില്‍ വത്തിക്കാന്‍ നിര്‍ദ്ദേശ പ്രകാരം കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയിലെമ്ബാടുമുള്ള ഓരോ കോണ്‍ഗ്രിഗേഷനിലെയും തലവന്‍മാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഈ ഗൈഡില്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കുന്നതില്‍ വൈദികരും ബിഷപുമാര്‍ ഉള്‍പ്പടെയുള്ളവരും പരാജയപ്പെടുന്നതാണ് കേരളത്തിലെ സഭയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള പീഡനങ്ങളെന്നാണ് സിബിസിഐ വിലയിരുത്തല്‍.

മാര്‍ഗരേഖകളിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ…

എല്ലാ സഭാ പ്രതിനിധികളും സിവില്‍ നിയമങ്ങളും കാനന്‍ നിയമങ്ങളും ഒരുപോലെ പാലിക്കാന്‍ ബാധ്യസ്ഥരാണ്. കുട്ടികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരായ എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളും ചൂഷണങ്ങളും തടയുന്നതിനുള്ള സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കണം. കുട്ടികളുടെയോ മുതിര്‍ന്നവരുടേയോ മുന്നില്‍ വച്ച് വൈദികവരും മറ്റ് സഭാ പ്രതിനിധികളും ലൈംഗികത സ്പഷ്ടമാകുന്ന വിധത്തിലുള്ളതോ ധാര്‍മ്മികയ്ക്ക് നിരക്കാത്തതോ ആയ വസ്തുക്കളോ പ്രദര്‍ശിക്കാന്‍ പാടില്ല. ലൈംഗികത സ്പഷ്ടമാകുന്ന മാഗസിനുകള്‍, ചിത്രങ്ങള്‍, വീഡിയോ, വെബ് ചാറ്റ്, ഫിലിം, റെക്കോര്‍ഡിംഗ്, കമ്പ്യൂട്ടര്‍ സോഫ്ട്വേര്‍, കമ്പ്യുട്ടര്‍/വീഡിയോ ഗെയിംകള്‍, പ്രിന്റഡ് മെറ്റീരിയല്‍ തുടങ്ങിവയൊന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.

ലൈംഗിക ചുവയുള്ള തമാശകളിലോ സംഭാഷണങ്ങളിലോ വൈദികര്‍ ഉള്‍പ്പെടാനോ പ്രോത്സാഹിപ്പിക്കാനോ പാടില്ല. കുട്ടികളുമായി അടുത്തിടപഴകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. ശാരീരികമായി സ്പര്‍ശിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണം അനുചിതമായി കുട്ടികളെ സ്പര്‍ശിക്കുന്നില്ലെന്ന് വൈദികര്‍ ഉറപ്പാക്കണം. കുട്ടികളും സ്ത്രീകളുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളിലും വൈദികര്‍ ഏറെ ജാഗ്രത പാലിക്കണം. വൈദികരുടെ താമസ ഇടങ്ങളില്‍ കുട്ടികള്‍ തങ്ങാന്‍ പാടില്ല, അല്ലെങ്കില്‍ രക്ഷിതാക്കളൊ അവര്‍ നിര്‍ദേശിക്കുന്ന മുതിര്‍ന്നവരോ ഒപ്പമുണ്ടാകണം, കുട്ടികളെ ഒരുകാരണവശാലും വൈദികരുടെ സ്വകാര്യ ഇടങ്ങളില്‍ പ്രവേശിപ്പിക്കരുത്, പ്രായപൂര്‍ത്തിയാകാത്തയാളുമായി ഒറ്റയ്ക്കുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം, വസ്ത്രമില്ലാത്ത നിലയിലുള്ള അവരുടെ ചിത്രങ്ങള്‍ എടുക്കാന്‍ പാടില്ല.

പ്രായപൂര്‍ത്തിയാകാത്ത ആള്‍ മറ്റാരെങ്കിലും നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് അറിയുന്ന സാഹചര്യത്തില്‍, വിഷയത്തില്‍ ഉചിതമായ ഇടപെടല്‍ നടത്തുകയും ഇരയ്ക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കുകയും വേണം. ലൈംഗിക ചൂഷണങ്ങള്‍ നടന്നുവെന്ന വിവരം കിട്ടിയാല്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും സര്‍ക്കാര്‍ അധികൃതര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുകയും വേണം- എന്നിങ്ങനെ പോകുന്നു മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍.

കത്തോലിക്കാ പുരോഹിതഭവനങ്ങള്‍, ദേവാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ സ്ഥാപനങ്ങള്‍, സഭയുടെ കീഴിലുള്ള മന്ദിരങ്ങള്‍, സഭാ സംഘടനകള്‍ എന്നിവയില്‍ എല്ലാം മാര്‍ഗരേഖ ബാധകമാണെന്ന് കെ.സി.ബി.സി വ്യക്തമാക്കുന്നു. 2015 ഒക്ടോബര്‍ ഒന്നിന് സി.ബി.സി.ഐ ഇറക്കിയ മാര്‍ഗരേഖയുടെയും 2012ലെ പോക്സോ ആക്ടിന്റെയും വിശദാംശങ്ങളും കെ.സി.ബി.സി ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

Copy Protected by Chetan's WP-Copyprotect.