സൗദിയില്‍ സ്ഥാപനങ്ങളുടെ നിതാഖാത് കണക്കാക്കുന്ന പുതിയ നിയമം. ഫെബ്രുവരി രണ്ടു മുതല്‍ നിലവില്‍ വന്നു.

സൗദിയില്‍ സ്ഥാപനങ്ങളുടെ നിതാഖാത് കണക്കാക്കുന്ന പുതിയ നിയമം തൊഴില്‍ – സാമൂഹിക വികസനം മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ നിയമം ഫെബ്രുവരി രണ്ടു മുതല്‍ നിലവില്‍ വന്നു. ബ്ലോക്ക് വിസ അനുവദിക്കുന്ന കാര്യത്തിലും തൊഴിലാളികളുടെ രേഖകള്‍ പുതുക്കുന്ന കാര്യത്തിലും  ഗുണകരമായി ബാധിക്കുന്നതാണ് പുതിയ രീതി.

പുതിയ രീതി അനുസരിച്ച് തൊഴിലുടമകള്‍ ഒരു പുതിയ സൗദി തൊഴിലാളിയെയോ വിദേശ തൊഴിലാളിയെയോ ജോലിക്കെടുക്കുമ്പോള്‍ തന്നെ ആ സ്ഥാപനത്തിന്‍റെ സ്വദേശിവല്‍ക്കരണ തോത് കണക്കാക്കുവാന്‍ തുടങ്ങും. അത് പോലെ തന്നെ തൊഴിലാളികള്‍ സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞു പോകുമ്പോഴും ഈ തോത് കണക്കാക്കല്‍ ഉടനെ ആരംഭിക്കും.

ഇതനുസരിച്ച് പ്രസ്തുത കമ്പനിയുടെ നിതാഖാത് നിലവാരം ഉടനെ തന്നെ കണക്കാക്കാന്‍ സാധിക്കും. ഈ നിയമത്തിന് മുന്‍പ് നിതാഖാത് നിലവാര തോത് അറിയുന്നതിനായി 26 ആഴ്ചകള്‍ വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു.

എന്നാല്‍ ഈ ആനുകൂല്യം എല്ലാ  കമ്പനികള്‍ക്കും ലഭ്യമാകില്ല. കഴിഞ്ഞ 13 ആഴ്ചകളോ അതിലധികമോ ആയി നിതാഖാതിലെ മേല്‍ത്തട്ടില്‍ സ്ഥാനം പിടിച്ച കമ്പനികള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. അതായത് ഈ കാലയളവില്‍ പ്ലാറ്റിനം, ഉയര്‍ന്ന പച്ച വിഭാഗം, ഇടത്തരം പച്ച വിഭാഗം, താഴ്ന്ന പച്ച വിഭാഗം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രം ഇതിന്‍റെ ആനുകൂല്യം അനുഭവിക്കാം.

പുതിയ നിയമം നിലവില്‍ വന്ന ഫെബ്രുവരി രണ്ടിന് മുന്‍പ് ഓരോ സ്ഥാപനവും തങ്ങളുടെ നിതാഖാത് നിലവാരം അറിയുന്നതിനും പുതുക്കുന്നതിനും 26 ആഴ്ചകള്‍ വരെ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു.  അത് കൊണ്ട് തന്നെ നിതാഖാത് സമ്പ്രദായത്തിലെ തങ്ങളുടെ പോരായ്മകള്‍ നികത്താന്‍ ഈ കാലാവധിക്ക് ശേഷം മാത്രമേ ഓരോ സ്ഥാപനത്തിനും സാധ്യമായിരുന്നുള്ളൂ.

പുതിയ നിയമ പ്രകാരം ബ്ലോക്ക് വിസകള്‍ക്കായി അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക്  മേല്‍ പറഞ്ഞ കാലാവധി വരെ കാത്തിരിക്കാതെ തന്നെ തങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. അത് കൊണ്ട് തന്നെ ഈ നിയമം ഏറ്റവും ഗുണകരമായി ഭവിക്കുക ഇവര്‍ക്കാണ്. കാരണം ബ്ലോക്ക് വിസകള്‍ക്കായും വര്‍ക്ക്‌ പെര്‍മിറ്റിനായും മറ്റും അപേക്ഷിച്ച് 26 മാസം വരെ കാത്തിരിക്കുന്ന അവസരത്തില്‍ ആ കാലയളവില്‍ തന്നെ ഏതെങ്കിലും തൊഴിലാളിയുടെ പിരിഞ്ഞു പോകല്‍ വിസകളുടെ നടപടി ക്രമത്തെ വിപരീതമായി ബാധിക്കുമായിരുന്നു.

അത് പോലെ തന്നെ പഴയ നിയമ പ്രകാരം പ്ലാറ്റിനം വിഭാഗത്തിലും ഉയര്‍ന്ന പച്ച വിഭാഗത്തിലും പെടുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ ബ്ലോക്ക് വിസകള്‍ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. പുതിയ നിയമം മൂലം നിതാഖാത് നിലവാരത്തില്‍ ഇടത്തരം പച്ച വിഭാഗത്തിനും താഴ വരുന്ന സ്ഥാപനങ്ങള്‍ക്കും ബ്ലോക്ക് വിസകള്‍ക്കായി അപേക്ഷിക്കാന്‍ സാധിക്കും.

Copy Protected by Chetan's WP-Copyprotect.