നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്നആക്ഷന്‍ ചിത്രം ഓണത്തിന്

നയന്‍താരയുമൊത്ത് നിവിന്‍ പോളി ആദ്യമായി ഒന്നിക്കുന്ന ആക്ഷന്‍ ചിത്രം ഓണത്തിനെത്തും. നയന്‍താരയുമൊത്ത് ആദ്യമായി നിവിന്‍ ഒരുമിക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിനിമാപ്രവേശത്തിലേക്ക് തന്നെ നയിച്ച ഗുരു വിനീത് ശ്രീനിവാസന്റെ സഹോദരനൊപ്പം പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം സഹകരിക്കാനായതിന്റെ സന്തോഷത്തിലാണ് നിവിന്‍. അതും ധ്യാനിന്റെ കന്നിസംവിധാന സംരംഭത്തില്‍ത്തന്നെ.

ഏറെ തിരക്കുള്ള നയന്‍താരയെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തതുകൊണ്ട് തന്നെ ഇരുവരുടെയും ഡേറ്റുകള്‍ ഒരുക്കുന്നതിലെ പെടാപ്പാട് മൂലം പലപ്പോഴും ഷൂട്ടിങ് തടസ്സപ്പെട്ടിരുന്നു. എന്തായാലും ഇപ്പോള്‍ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സെപ്തംബര്‍ അഞ്ച് ഓണക്കാലമാണ് ചിത്രം റിലീസ് ചെയ്യുക.

പലകാരണങ്ങള്‍കൊണ്ട് ലവ്ആക്ഷന്‍ ഡ്രാമ പ്രേക്ഷകരില്‍ കൗതുകമുയര്‍ത്തിയിരുന്നു. നിവിനും നയനുമൊന്നിക്കുന്നു എന്നതുതന്നെയായിരുന്നു അതില്‍ പ്രധാനം. ധ്യാന്‍തന്നെയാണ് തിരക്കഥ. അച്ഛന്റെ തിരക്കഥയില്‍ അച്ഛന്‍തന്നെ സംവിധാനം ചെയ്ത് എക്കാലത്തെയും മെഗാഹിറ്റ് ആയി മാറിയ വടക്കുനോക്കിയന്ത്രം സിനിമയിലെ നായകകഥാപാത്രങ്ങളുടെ പേര് തന്നെയാണ് ലവ് ആക്ഷന്‍ ഡ്രാമയിലെ നായകര്‍ക്കും. പക്ഷേ പേരില്‍മാത്രമേ ഈ സാമ്യമുള്ളൂവെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നുണ്ട്.

ഗീതു മോഹന്‍ദാസ് സംവിധാനംചെയ്യുന്ന മൂത്തോന്‍, ഗീതുവിന്റെ ഭര്‍ത്താവ് കൂടിയായ ഛായാഗ്രാഹകന്‍ രാജീവ് രവിയുടെ സംവിധാനത്തില്‍ തുറമുഖം എന്നിവയാണ് വരാനിരിക്കുന്ന നിവിന്‍ചിത്രങ്ങള്‍. ഐരാ, കൊലൈയുതിര്‍കാലം, സൈരാ നരസിംഹറെഡ്ഡി എന്നിവയാണ് റിലീസിനൊരുങ്ങുന്ന നയന്‍താര സിനിമകള്‍

Copy Protected by Chetan's WP-Copyprotect.