യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ കീറി മംഗളൂരു വിമാനതാവളത്തില്‍ ഉദ്യോഗസ്ഥരുടെ ക്രൂര വിനോദം; ഒടുവില്‍ ഇരയായത് കൈക്കുഞ്ഞുമായെത്തിയ യുവതി

മംഗളൂരും വിമാനത്താവളത്തില്‍ വീണ്ടും ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. ദുബായ് പോകുന്നതിനായി കൈക്കുഞ്ഞുമായി വിമാനതാവളത്തിലെത്തിയ യുവതിയ്ക്കാണ് ഏറ്റവുമൊടുവില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റം ഉണ്ടായത്. വിമാനത്താവളത്തിലെ പ്രവേശന കൗണ്ടറിലെ കവാടത്തില്‍ വച്ച് വതിയുടെ പാസ്പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാരന്‍ കീറിയതായാണ് പരാതി.

ഇതേ തുടര്‍ന്ന് കൈക്കുഞ്ഞുങ്ങളുമായി ദുബൈയിലേക്ക് പോകാനെത്തിയ യുവതിക്ക് ഏറെ നേരം പണിപ്പെട്ട ശേഷമാണ് എമിഗ്രെഷന്‍ വിഭാഗം യാത്രാനുമതി നല്‍കിയത്. മംഗളൂരു വിമാനത്താവളത്തില്‍ നേരെ്‌ത്തെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

 

കാസര്‍കോട് ജില്ലയില്‍ നിന്നു യാത്ര പോകുന്ന പ്രവാസികളായ യുവാക്കളുടെ പാസ്പോര്‍ട്ടുകള്‍ വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരും മറ്റും കീറിയ ഒട്ടനവധി സംഭവങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഉണ്ടായിരുന്നു. ഈമാസം രണ്ടിന് കാസര്‍കോട് കീഴൂര്‍ സ്വദേശി ഹാഷിന്റെ ഭാര്യയ്ക്കാണ് ഏറ്റവും ഒടുവില്‍ വിമാനത്താവളത്തില്‍ വച്ച് കൈപ്പേറിയ അനുഭവം ഉണ്ടായത്.

വിമാനത്താവള കവാടത്തില്‍ എത്തിയ യുവതിയോട് പാസ്പോര്‍ട്ട് വാങ്ങിയ ശേഷം ട്രോളി എടുത്തു വരാന്‍ പറഞ്ഞ് യുവതിയെ അവിടെ നിന്ന് ഒഴിവാക്കുകയും തിരികെ വന്നപ്പോള്‍ യുവതിയുടെയും രണ്ടു മക്കളുടെയും പാസ്പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാര്‍ തിരിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് യുവതി ബോഡിംഗ് പാസ് എടുക്കാനായി പാസ്പോര്‍ട്ട് നല്‍കിയപ്പോഴാണ് പാസ്പോര്‍ട്ട് രണ്ട് കഷണങ്ങളായി കീറി കളഞ്ഞ കാര്യം മനസ്സിലാക്കുന്നത്.

പ്രസ്തുത പാസ്പോര്‍ട്ട് കൊണ്ട് യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെ ഇവര്‍ വെട്ടിലായി. പാസ്പോര്‍ട്ട് ഇവിടെ നിന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് യുവതി കരഞ്ഞു പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. രണ്ട് കൈക്കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്ന ഭാര്യയോട് വളരെ ക്രൂരമായാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്ന് ഇവരുടെ ഭര്‍ത്താവ് ഹാഷിം പറഞ്ഞു.

ഒരു നിലക്കും കീറിയ പാസ്പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാനാവില്ല എന്ന് അധികൃതര്‍ ശാഠ്യം പിടിച്ചതോടൊപ്പം ഒരു സ്ത്രീയെന്ന പരിഗണന നല്‍കിയില്ലെന്ന് മാത്രമല്ല രണ്ട് കൈകുഞ്ഞുങ്ങള്‍ കൂടി കൂടെയുണ്ടെന്ന് മനുഷ്യത്വപരമായ പരിഗണനയും വിമാനത്താവള അധികൃതര്‍ നല്‍കിയില്ലെന്നും ഹാഷിം ആരോപിച്ചു.ഒടുവില്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരെ കാണുകയും കേണപേക്ഷിച്ചു കാര്യങ്ങള്‍ പറയുകയും ചെയ്തതിനെ തുടര്‍ന്ന് യുവതിക്കും കുഞ്ഞുങ്ങള്‍ക്കും യാത്രാനുമതി നല്‍കുകയായിരുന്നു.

ദുബൈ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ല എന്ന് ഒരു പേപ്പറില്‍ എഴുതി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് ഇവര്‍ക്ക് യാത്രാനുമതി നല്‍കിയത്.അതേ സമയം ദുബൈ വിമാനത്താവളത്തില്‍ അധികൃതര്‍ വളരെ മാന്യമായ രീതിയില്‍ പെരുമാറുകയും അടുത്ത യാത്രക്ക് മുമ്പായി പാസ്പോര്‍ട്ട് മാറ്റണമെന്ന ഉപദേശം നല്‍കിയതായും ഹാഷിം പറഞ്ഞു.

Copy Protected by Chetan's WP-Copyprotect.