കുമ്മനം രാജശേഖരന്‍ കേരളരാഷ്ട്രീയത്തിലേയ്‌ക്കെത്തുന്നു; പ്രഖ്യാപനം ഉടനെ

നീണ്ട ഇടവേളയ്ക്ക് ശേഷം കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുവരുന്നു. മിസോറാം ഗവര്‍ണറായി രാഷ്ട്രീയ ജീവിതത്തിന് താല്‍ക്കാലിക വിരാമിട്ട കുമ്മനം കേരളത്തിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ചാണ് വീണ്ടും ബിജെപി നേതൃത്വം മടങ്ങിപോക്കിന് അനുവദിക്കുന്നത്. നീണ്ട കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള കുമ്മനത്തിന് കേന്ദ്രനേതൃത്വം നല്‍കിയ ഉപഹാരമായിരുന്നു ഗവര്‍ണര്‍ സ്ഥാനം. എന്നാല്‍ കുമ്മനത്തിന്റെ മടങ്ങിപോക്കോടെ കേരളത്തിലെ ബിജെപിയില്‍ വീണ്ടും ഗ്രൂപ്പ് യുദ്ധം മുറുകിയതാണ് മാറ്റി ചിന്തിക്കാന്‍ കേന്ദ്ര നേതൃത്വത്തെ നിര്‍ബന്ധമാക്കിയത്.കുമ്മനത്തെ കേരളത്തിലേക്കു തിരിച്ചയയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആര്‍.എസ്.എസ്. നേതൃത്വം ബി.ജെ.പി. കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

സംഘടനാചുമതലയുള്ള ബി.ജെ.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംലാലും ആര്‍.എസ്.എസ്. നേതൃത്വവുമായി ബുധനാഴ്ച കൊല്ലത്തു നടത്തിയ ചര്‍ച്ചയിലാണ്, ഔദ്യോഗികമായിത്തന്നെ ഈയാവശ്യം ഉന്നയിച്ചത്. ബി.ജെ.പി. സംസ്ഥാനനേതൃത്വവും കുമ്മനത്തെ കേരളത്തിലേക്കു തിരികെ കൊണ്ടുവരണമെന്ന ആവശ്യം രാംലാലിനെ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ബി.ജെ.പി. സംസ്ഥാന കോര്‍ സമിതി യോഗവും ചേര്‍ന്നിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് അന്തിമതീരുമാനമെടുക്കുക. ആര്‍.എസ്.എസ്. കേന്ദ്രനേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് ആലോചന. കുമ്മനം അല്ലെങ്കില്‍ സുരേഷ് ഗോപി തിരുവനന്തപുരത്തു മത്സരിക്കണമെന്നാണ് ആര്‍.എസ്.എസ്. ആഗ്രഹിക്കുന്നത്. മോഹന്‍ലാല്‍ മത്സരരംഗത്തെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നെങ്കിലും, താനില്ലെന്ന് അദ്ദേഹം ആര്‍.എസ്.എസ്. നേതൃത്വത്തെ അറിയിച്ചതായാണു സൂചന.

ഗവര്‍ണര്‍ എന്നനിലയില്‍ മുമ്പു നിശ്ചയിച്ചിരുന്ന ഔദ്യോഗികചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച വൈകീട്ട് കേരളത്തിലെത്തുന്നുണ്ട്.

Copy Protected by Chetan's WP-Copyprotect.