«

»

Print this Post

സൗദി അറേബ്യയിലെ ഹൌസ് വൈഫ്‌ – ടീച്ചര്‍മാര്‍

ഞാന്‍ ജുബൈലില്‍ പ്രശസ്തമായ ഒരു കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു. കഴിഞ്ഞ നാല്‌ വര്‍ഷമായി എന്റെ ഭാര്യയും ഫാമിലി വിസയില്‍ കൂടെയുണ്ട്. ഞാന്‍ താമസിക്കുന്ന സിറ്റിയില്‍ തന്നെയുള്ള ഒരു പ്രൈവറ്റ് സ്കൂളില്‍ നിന്നും എന്റെ ഭാര്യക്ക് ടീച്ചര്‍ ആയി ജോലി ചെയ്യാനുള്ള ഒരു ഓഫര്‍ വന്നിട്ടുണ്ട്. നല്ല ശമ്പളവും നല്‍കും. നിയമപരമായ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടോ?

നിങ്ങളുടെ ഭാര്യയുടെ ഇവിടുത്തെ നിയമപരമായ റെസിഡന്‍സി പദവി ‘ഹൌസ് വൈഫ്‌’ എന്നതാണ്. നിങ്ങളാണ് അവരുടെ നിയമപരമായ സ്പോണ്സര്‍.  നിങ്ങള്ട് ഭാര്യ എന്ന നിലയിലാണ് അവര്‍ക്ക് ഇവിടെ നിങ്ങളോടൊപ്പം താമസിക്കാനുള്ള കുടുംബവിസ അനുവദിച്ചു നല്‍കിയിരിക്കുന്നത്. അതിനാല്‍ അവര്‍ക്ക് ഇവിടെ ജോലി ചെയ്യാനുള്ള അനുവാദമില്ല.  മാത്രമല്ല അത് നിയമവിരുദ്ധവുമാണ്. നിങ്ങളുടെ ഭാര്യക്ക് ഇവിടെ നിയമപരമായി ടീച്ചര്‍ ആയി ജോലി ചെയ്യണമെങ്കില്‍ പ്രസ്തുത സ്കൂളിന്റെ വിസയില്‍ വരികയോ അല്ലെങ്കില്‍ സ്പോന്സര്ഷിപ്പ്‌ സ്കൂളിന്റെതാക്കി മാറുകയോ ചെയ്യേണ്ടി വരും.  അല്ലാത്ത പക്ഷം അത് നിയമ വിരുദ്ധമാണ്.

സാധാരണ ഗതിയില്‍ സൗദി അറേബ്യയില്‍ സ്വകാര്യ വിദേശ സ്കൂളുകള്‍ ഫാമിലി വിസയില്‍ വരുന്നവരെ ടീച്ചര്മാരായി നിയമിക്കാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചു വരുന്നുണ്ട്. അതിനു കാരണം അവരുടെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും, എളുപ്പത്തില്‍ നിയമത്തിന്റെ മറ്റു നൂലാമാലകളില്ലാതെ അവരെ ലഭ്യമാവുന്നു എന്നത് കൊണ്ടും വളരെ കുറവ് ശമ്പളം നല്‍കിയാല്‍ മതിയാകും എന്നത് കൊണ്ടാണ്. മാത്രമല്ല സ്കൂളുകളുടെ വിസയില്‍ കൊണ്ട് വരുന്ന ടീച്ചര്‍മാര്‍ക്ക് നല്‍കുന്ന നിയമപരമായ യാതൊരു ആനുകൂല്യങ്ങളും അവര്‍ക്ക് നല്‍കേണ്ടതില്ല എന്നതും കൂടാതെ എന്തെങ്കിലും തരത്തിലുള്ള തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തൊഴില്‍ കോടതിയെ സമീപിക്കാന്‍ അവര്‍ക്ക് സാധിക്കില്ല എന്നത് കൊണ്ടും കൂടിയാണ്. അതായത് ഒരു സ്കൂള്‍ അവരുടെ വിസയില്‍ ഒരു ടീച്ചറെ മറ്റു രാജ്യങ്ങളില്‍ നിന്ന് കൊണ്ട് വരികയാണെങ്കില്‍ അവര്‍ക്ക് വിസ, റിക്രൂട്ട്മെന്റ്, വിമാന ടിക്കറ്റ് എന്നിങ്ങനെ ഒരു സംഖ്യ ചിലവാക്കേണ്ടി വരുന്നു. അതിനു ശേഷം സൗദി തൊഴില്‍ നിയമ പ്രകാരം അവര്‍ക്ക് താമസം, ഭക്ഷണ അലവന്‍സ്‌, വാഹന സൗകര്യം, വാര്‍ഷികഅവധി, വാര്‍ഷികഅവധിയുടെ ശമ്പളം, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, ഇ.എസ.ബി എന്നിങ്ങനെയുള്ള ചിലവുകളും ഏറ്റെടുക്കേണ്ടി വരും. കൂടാതെ ഇഖാമ പുതുക്കല്‍, കാര്‍ഡ് പുതുക്കല്‍ എന്നിങ്ങനെയുള ചിലവുകളും.

എന്നാല്‍ ഫാമിലി വിസയില്‍ ലഭ്യമായ ഒരാളെ ടീച്ചര്‍ ആയി നിയമിക്കുകയാനെന്കില്‍ മേല്പറഞ്ഞ യാതൊരു ആനുകൂല്യങ്ങളും അവര്‍ക്ക് നല്‍കേണ്ടി വരില്ല. ചിലപ്പോള്‍ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തേണ്ടി വന്നേക്കാം. മറ്റുള്ള ചിലവുകള്‍ എല്ലാം അവര്‍ സ്വയം വഹിച്ചു കൊള്ളും. മാത്രമല്ല നിയമപരമായ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ അവരെ പിരിച്ചു വിടുകയും ചെയ്യാം. നിയമപരമായ പ്രശ്നങ്ങളുടെ പേരില്‍ അവര്‍ക്ക് തൊഴില്‍ കോടതിയെ സമീപിക്കാനും സാധ്യമല്ല. എന്നാല്‍ ഇത്തരം നിയമനങ്ങള്‍ രാജ്യത്തെ തൊഴില്‍ നിയമത്തിനും മറ്റും നിയമങ്ങള്‍ക്കും എതിരാണ്. ഏതെന്കിലും തരത്തിലുള്ള പരാതികള്‍ ലഭിച്ചാല്‍ ലേബര്‍ ഓഫീസുകള്‍ക്ക് പരിശോധനകള്‍ നടത്തി നിയമ ലങ്ഘനതിനു നടപടിയെടുക്കാം.  എന്നാല്‍ സൌദിയിലെ തൊണ്ണൂറു ശതമാനം സ്വകാര്യ- വിദേശ സ്കൂളുകളും ലാഭകരമായി നടത്തി കൊണ്ട് പോകുന്നത് ഇങ്ങിനെ തന്നെയാണ്.

നിങ്ങളുടെ ഭാര്യ ജോലി സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ പ്രസ്തുത സ്കൂള്‍ അധികാരികളോട് അവര്‍ക്ക് വിസ നല്‍കുകയോ അല്ലെങ്കില്‍ സ്പോന്സര്ഷിപ്പ്‌ മാറ്റുകയോ ചെയ്യാന്‍ ആവശ്യപ്പെടുക. കൂടാതെ തൊഴില്‍ കരാറിന്റെ ഒരു കോപ്പി ആവശ്യപ്പെടുകയും അത് സൂക്ഷ്മമായി പരിശോദിച്ചു സൗദി തൊഴില്‍ നിയമപ്രകാരമുള്ള മേല്പറഞ്ഞ ആനുകൂല്യങ്ങളെല്ലാം ഉണ്ട് എന്ന് ഉറപ്പു വരുത്തുക. വാക്കാലുള്ള യാതൊരു ഉറപ്പിന്റെയും വിശ്വാസത്തില്‍ മുന്നോട്ടു പോകാതിരിക്കുക, എഴുതാത്ത യാതൊന്നിലും ഒപ്പിട്ടു നല്‍കാതിരിക്കുക..

ഇതാണ് അതിന്റെ നിയമപരമായ വഴി. താല്‍ക്കാലികമായ ഒരു ജോലി മാത്രമാണ് ആവശ്യമെന്കില്‍ നിങ്ങളുടെ മനോധര്‍മം അനുസരിച്ച് പ്രവര്‍ത്തിക്കാം. പക്ഷെ അത് നിയമവിരുദ്ധമായതിനാല്‍ അതിനെക്കുറിച്ച് ഇവിടെ വിവരിക്കാന്‍ സാധിക്കില്ല.  

 

Permanent link to this article: http://pravasicorner.com/?p=2050

Copy Protected by Chetan's WP-Copyprotect.