മണി എക്സ്ചേഞ്ചിന്റെ പേരില്‍ യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

അബുദാബിയില്‍ വ്യാജ സന്ദേശമയച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം നിരവധി പേര്‍ക്ക് വാട്‌സാപ്പ് വഴിയെത്തിയ സന്ദേശം മറ്റൊരു ചതിക്കുഴിയായിരുന്നു.

നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചെന്ന പേരില്‍ വ്യാജ സന്ദേശങ്ങളയച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വിലസുകയാണ്. അല്‍ അന്‍സാരി എക്സ്ചേഞ്ചിന്റെ സമ്മാന പദ്ധതിയില്‍ രണ്ട് ലക്ഷം ദിര്‍ഹം ലഭിച്ചുവെന്ന് അറിയിക്കുന്ന സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലര്‍ക്കും ലഭിച്ചത്.

അല്‍ അന്‍സാരി എക്സ്ചേഞ്ചിന്റെയും ഇത്തിസാലാത്തിന്റെയും ലോഗോ ഉള്‍പ്പെടെയാണ് വ്യജ സന്ദേശങ്ങള്‍. എക്സ്പോ 2020ന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നതിന് പുറമെ റഫറന്‍സ് നമ്പറും തിരികെ ബന്ധപ്പെടാനുള്ള നമ്പറും ഒപ്പുമെല്ലാം ഇതിലുണ്ട്.

എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തുവെന്നും ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞുവെന്നുമൊക്കെ സന്ദേശങ്ങളയച്ച് തട്ടിപ്പ് നടത്തുന്ന വാര്‍ത്തകള്‍ നേരത്തേയും പ്രചരിച്ചിരുന്നു.

Copy Protected by Chetan's WP-Copyprotect.