ദലിത് നേതാവിന്റെ കൊല പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തമിഴ്നാട്ടിലെ കുംഭകോണത്തില്‍ ദളിത് കോളനിയില്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചവരെ തടഞ്ഞ പി എം കെ നേതാവ് രാമലിംഗത്തിന്റെ കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. തിരുഭുവനം സ്വദേശിയായ രാമലിംഗം (42 )കൊല്ലപ്പെട്ടത് ചൊവ്വാഴ്ച വൈകിട്ടോടെയാണ്. കൊലപാതകവുമായി ബന്ധപ്പെട്ടു മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, നിസ്സാം അലി, സര്‍ബുദ്ദീന്‍ ,മുഹമ്മദ് റിയാസ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതില്‍ നിസാം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനാണ്.

മതപരിവര്‍ത്തനത്തിന് ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീട് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.’മതപരിവര്‍ത്തനത്തെ എതിര്‍ത്തതിന് ഒരാളെ കൊന്നൊടുക്കുന്നത് ആരും അംഗീകരിക്കില്ല. ഇത്തരം പ്രവൃത്തികള്‍ മനുഷ്യത്വത്തിനെതിരാണ്. മതപരമായ സഹവര്‍ത്തിത്വം നശിപ്പിക്കുന്നതാണ്. വര്‍ഗീയ കലാപം ഇളക്കിവിടാന്‍ പാടില്ല’- പിഎംകെ നേതാവ് അന്‍പുമണി രാംദാസ് പറഞ്ഞു.’ടൗണിലുള്ള മുസ്ലിം മതവിശ്വാസികള്‍ നാട്ടിലെത്തി, അവിടെ താമസിക്കുന്നവര്‍ക്ക് മതപരമായ ക്ലാസെടുക്കുന്നത് പതിവാണ്. സാധാരണയായി മുസ്ലിംഭൂരിപക്ഷ പ്രദേശത്ത് മാത്രമാണ് ഇവരെത്തുന്നത്- പൊലീസ് പറയുന്നു.

എന്നാല്‍ ചൊവ്വാഴ്ച ദളിത് വിഭാഗങ്ങള്‍ താമസിക്കുന്ന തെരുവില്‍ ഇവരെത്തി. ഈ സമയം തന്റെ കാറ്ററിംഗ് ബിസിനസിന് ജോലിക്കാരെ തിരക്കി രാമലിംഗം യാദൃശ്ചികമായി ഇവിടെ എത്തുകയായിരുന്നു. പുറത്ത് നിന്ന് വന്ന് സംസാരിച്ചത് രാമലിംഗം ചോദ്യം ചെയ്തു. ഇതു തര്‍ക്കമായെങ്കിലും മുസ്ലിം ഇമാമുമാര്‍ ഇടപ്പെട്ട് പ്രശ്‌നം പറഞ്ഞുതീര്‍ത്തു. എന്നാല്‍ വൈകിട്ട് ഒരുകൂട്ടര്‍ എത്തി രാമലിംഗത്തെ ആക്രമിക്കുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കുംഭകോണത്ത് സംഘര്‍ഷം പുകയുകയാണ്. കൊലപാതകത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മകന്റെ മുന്നില്‍വച്ച് രാമലിംഗത്തിന്റെ രണ്ടു കൈകളും വെട്ടിയെടുത്ത സംഘം കൊടുവാള്‍ കൊണ്ട് നിരവധി തവണ വെട്ടുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളനിയില്‍ ചിലര്‍ മതപരിവര്‍ത്തനത്തിനായി എത്തിയെന്നും രാമലിംഗവും ഇവരുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുംഭകോണത്തും പരിസരത്തുമായി 250 ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മരിച്ച രാമലിംഗത്തിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി.

Copy Protected by Chetan's WP-Copyprotect.