റാഫാല്‍ അഴിമതിയില്‍ മോദിയ്ക്ക് നേരിട്ട് പങ്ക്; പ്രധാനമന്ത്രിയെ കുരുക്കി തെളിവുകള്‍ പുറത്ത്

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചര്‍ച്ച നടത്തിയെന്നതിനുള്ള തെളിവുകള്‍ പുറത്ത്. പി എം ഒയുടെ ഈ നടപടിക്കെതിരെ പ്രതിരോധമന്ത്രാലയം സെക്രട്ടറി പ്രതിരോധമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പി എം ഒ ചര്‍ച്ച നടത്തിയത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നാണ് വകുപ്പ് സെക്രട്ടറി കത്തില്‍ വ്യക്തമാക്കിയിരുന്നത്.

2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ നല്‍കിയ കത്ത് ‘ദ ഹിന്ദു’ ദിനപത്രം പുറത്തുവിട്ടു. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും മോഹന്‍കുമാറിന്റെ കത്ത് പറയുന്നുണ്ട്. മോഹന്‍കുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്ന കത്താണ് പുറത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയതായും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കെതിരാണെന്നുമാണ് കത്തില്‍ വ്യക്തമാക്കുന്നത്.

പ്രതിരോധ മന്ത്രാലയമാണ് ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു 2018 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഡെപ്യൂട്ടി എയര്‍ ചീഫ് ഓഫ് എയര്‍സ്റ്റാഫ് ഉള്‍പ്പെട്ട ഏഴംഗസംഘമാണ് ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. സര്‍ക്കാരിന്റെ ഈ വാദത്തെ തള്ളുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടെന്ന് അന്നു പറഞ്ഞിരുന്നുമില്ല.

വ്യോമസേനയുടെ 30,000 കോടിരൂപ മോദി മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇടപാടിലെ പ്രധാനമന്ത്രിയുടെ ഇടപെടലിനെ കുറിച്ച് ഒരുവര്‍ഷമായി കോണ്‍ഗ്രസ് ആരോപണമുന്നയിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും കള്ളം പറഞ്ഞു. അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുക്കാന്‍ മോദി നേരിട്ട് ഇടപെട്ടിരുന്നെന്ന് മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദെ വെളിപ്പെടുത്തിയിരുന്നെന്നും രാഹുല്‍ പറഞ്ഞു

Copy Protected by Chetan's WP-Copyprotect.