രണ്ട് സംസ്ഥാനങ്ങളില്‍ വ്യാജ മദ്യ ദുരന്തം; 38 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇനിയും മരണ സംഖ്യ കൂടുമെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരങ്ങള്‍. ഉത്തര്‍പ്രദേശിലെ സഹരന്‍പുറില്‍ 16 പേരും സമീപജില്ലയായ, ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 12 പേരും മരിച്ചു. ര നിരവധിയാളുകള്‍ ചികിത്സയിലാണ്. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സഹരാന്‍പുറിലെ ഉമാഹി ഗ്രാമത്തില്‍ അഞ്ചുപേര്‍ മരിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശര്‍ബത്പുര്‍ ഗ്രാമത്തില്‍ മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സമീപപ്രപദേശങ്ങളിലും ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ മേഖലയില്‍ പതിനാറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് സൂചന.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അമ്പതിനായിരം രൂപയുടെ സഹായധനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് ജില്ലാ ഭരണകൂടത്തോട് വിശദമായ റിപ്പോര്‍ട്ടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നുദിവസം മുമ്പ് കുഷിനഗറില്‍ പത്തുപേര്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഒമ്പത് ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം സസ്പെന്‍ഡ് ചെയ്തിരുന്നു.

Copy Protected by Chetan's WP-Copyprotect.