സൗദിയില്‍ പഴവര്‍ഗങ്ങളുടെ മൊത്തവ്യാപാരം ബിനാമി കച്ചവടം നടത്തിയ ഇന്ത്യക്കാരനെ നാടുകടത്താന്‍ വിധി

ബിനാമി ബിസിനസു നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന സൗദി വാണിജ്യ വകു്പ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ ബിനാമി ബിസിനസ് നടത്തിയ കേസില്‍ പ്രതിയായായ ഇന്ത്യക്കാരനെ നാടുകടത്താന്‍ റിയാദ് ക്രിമിനല്‍ കോടതി വിധിച്ചു. റിയാദില്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ മൊത്ത, ചില്ലറ വില്‍പന മേഖലയില്‍ ബിനാമി സ്ഥാപനം നടത്തിയ ഇന്ത്യക്കാരന്‍ അന്‍വന്‍ കബീര്‍ ഇസ്മായില്‍, ഇയാളെ സഹായിച്ച സൗദി പൗരന്‍ അലി ബിന്‍ മുഹമ്മദ് ബിന്‍ അലി ആലുബകരി അല്‍അസ്മരി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി 80,000 റിയാല്‍ പിഴ ചുമത്തി.

ബിനാമി സ്ഥാപനം പൂട്ടാനും ലൈസന്‍സും കൊമേഴ്സ്യല്‍ രജിസ്ട്രേഷനും റദ്ദാക്കുന്നതിനും കോടതി നിര്‍ദ്ദേശിച്ചു. പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് സൗദി പൗരന് വിലക്കേര്‍പ്പെടുത്തി. നാടുകടത്തുന്ന ഇന്ത്യക്കാരനെ പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിന് അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. ഇന്ത്യക്കാരനും സൗദി പൗരനും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചു.

റിയാദ് അല്‍സുവൈദി ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന മൊത്ത, ചില്ലറ വ്യാപാര സ്ഥാപനം ബിനാമിയാണെന്ന് സംശയിക്കുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിനു വേണ്ടി മറ്റു കമ്പനികളുമായും സ്ഥാപനങ്ങളുമായും വ്യക്തികളുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഇന്ത്യക്കാരനാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരനും സൗദി പൗരനും എതിരായ കേസ് നിയമ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം കൈമാറുകയായിരുന്നു.

Copy Protected by Chetan's WP-Copyprotect.