ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്നു; സജിതയ്ക്ക് ജീവപര്യന്തം കാമുകന്‍ ടീസന്‍ കുരുവിളയെ കോടതി വെറുതെ വിട്ടു

ഫോണില്‍ പരിചയപ്പെട്ട കാമുകെനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന യുവതിയ്ക്ക് ജീവപര്യന്തം തടവ്. കാമുകനെ സാഹചര്യ തെളിവുകളുടെ അപര്യപ്തതയില്‍ കോടതി വെറുതെ വിട്ടു. ഭര്‍ത്താവിന്റെ ബന്ധുവിന് വേണ്ടിയുള്ള കല്ല്യാണ ആലോചനയിലാണ് യുകെയില്‍ ഭാര്യയുമായി താമസിക്കുകയായിരുന്ന ടീസന്‍ കുരുവിളയുമായി പരിചയപ്പെട്ടുന്നത് ഈ പരിചയം ഒരിക്കലും പിരിയാന്‍ കഴിയാത്ത തരത്തിലേയ്ക്ക് മാറിയതോടെ ഭര്‍ത്താവിനെ കൊന്ന് ടീസന്‍ കുരുവിളയ്‌ക്കൊപ്പം യുകെയിലേയക്ക് കടക്കാനായിരുന്നു പദ്ധതി. പക്ഷെ എല്ലാ പാളിയതോടെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന സജിതയ്ക്ക് (39) ഇനിയും ഒരുപാട് വര്‍ഷം അഴിക്കുള്ളില്‍ കഴിയാം. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ഇവരെ ഉടനെ തിരുവന്തപുരം വനിതാ ജയിലിലേക്ക് മാറ്റും

2011 ഫെബ്രുവരി 22നാണു ഭര്‍ത്താവ് പോള്‍ വര്‍ഗീസ് (42) കൊല്ലപ്പെട്ടത്.. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പു സജിത ഭര്‍ത്താവിന് ഉറക്കഗുളികകള്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി. മയങ്ങിയെന്ന് ഉറപ്പായശേഷം കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ചു മുറുക്കിയും മുഖത്തു തലയണ വച്ച് അമര്‍ത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. മരിച്ചുവെന്ന് ഉറപ്പായശേഷം സജിത ബന്ധുക്കളെ വിളിക്കുകയും തൂങ്ങിമരണമാണെന്നു പറയുകയും ചെയ്തു.

സമീപവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമല്ലെന്നു വ്യക്തമായതോടെയാണു സജിത പിടിയിലായത്. സജിതയും ടിസന്‍ കുരുവിളയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസില്‍ നിര്‍ണായക തെളിവായി.തെളിവു നശിപ്പിക്കുന്നതിനും മരണം ആത്മഹത്യയാക്കി തീര്‍ക്കുന്നതിനും ഇവര്‍ ശ്രമിച്ചതായി കോടതി കണ്ടെത്തി.

മക്കളെ മറ്റൊരു മുറിയില്‍ ഉറക്കിക്കിടത്തിയ ശേഷം ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ പരിധിയില്‍ കൂടുതല്‍ മരുന്ന് അകത്തു ചെല്ലാതിരുന്നതിനാല്‍ പോള്‍ വര്‍ഗീസ് മരിച്ചില്ല. ഇതു കണ്ട് കാമുകനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നത്രെ. കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കുകയും മുഖത്ത് തലയിണ അമര്‍ത്തുകയും മറ്റും ചെയ്താണ് മരണം ഉറപ്പു വരുത്തിയത്. തുടര്‍ന്ന് കാമുകനെ പറഞ്ഞു വിടുകയും ഭര്‍ത്താവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കളെ വിളിച്ചു കൂട്ടുകയുമായിരുന്നു.

അയല്‍വാസികളോടും ബന്ധുക്കളോടും തൂങ്ങിമരണമാണെന്നും സ്വാഭാവിക മരണമാണെന്നും പരസ്പര വിരുദ്ധമായി പറഞ്ഞത് സംശയമുണ്ടാക്കിയിരുന്നു. കൊല നടത്തിയ രാത്രിയില്‍ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു വരുത്തി മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

മരണം സംഭവിച്ചിട്ട് ഏറെ സമയമായെന്നതും കഴുത്തില്‍ ചില പാടുകള്‍ കാണപ്പെട്ടതും സംശയത്തിന് ഇടയാക്കിയതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടു കൊടുത്തില്ല. പൊലീസെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷമാണു മൃതദേഹം സംസ്‌കരിച്ചത്. മരണത്തില്‍ സംശയം തോന്നിയ പൊലീസ് ഭാര്യയോടും ബന്ധുക്കളോടും വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഭാര്യയുടെ മൊഴികളില്‍ വൈരുധ്യം ഉണ്ടായതിനെത്തുടര്‍ന്ന് ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പോളിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്ന രീതിയില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതിനിടെ ലഭിക്കുകയും ചെയ്തു

യുകെയില്‍ നഴ്‌സായ ഭാര്യയെ കൊല്ലാനും ടീസന്‍ പദ്ധതിയിട്ടതായി പോലീസിന് മൊഴി നല്‍കിയിരുന്നു. നഴ്‌സായ ഭാര്യയുടെ വിസയിലാണ് ടീസന്‍ യുകെയില്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താവിനെ കൊന്ന ദിവസം വീട്ടിലെ പറമ്പില്‍ വിളഞ്ഞ പൈനാപ്പിള്‍ കാമുകന് സമ്മാനമായി നല്‍കിയതായി സജിത അന്ന് പോലീസിന് മൊഴിനല്‍കിയിരുന്നു.

Copy Protected by Chetan's WP-Copyprotect.