ഗള്‍ഫിലേക്കെന്ന് പറഞ്ഞ് പോകുന്നത് ആദ്യ ഭാര്യയുടെ വീട്ടിലേയ്ക്ക്; വിവാഹ തട്ടിപ്പു വീരനെതിരെ പരാതിയുമായി യുവതി

ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വച്ച് രണ്ടാം വിവാഹം കഴിച്ച് 130 പവന്‍ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി രംഗത്ത്. തിരുവനന്തപുരത്തെ കര്‍ഷക കോണ്‍ഗ്രസ് നേതാവിന്റെ മകനായ അമലിനെതിരെയാണ് നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതി ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വിവാഹം ചെയ്ത് 130 പവന്‍ സ്വര്‍ണാഭരണവും പണവും തട്ടിയെടുത്തെന്നാണ് പരാതി. കോണ്‍ഗ്രസ് നേതാവിന്റെ മകനെന്നും വിദേശത്ത് ഉയര്‍ന്ന ശമ്പളത്തോടെ ജോലിയുണ്ടെന്നു പറഞ്ഞാണ് വിവാഹം ചെയ്തത്. അമലിന് വിദേശത്ത് രണ്ട് ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉണ്ടെന്നായിരുന്നു ആലോചന വന്നപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍, വിവാഹ ശേഷമാണ് ഇത് വെറും തട്ടിപ്പാണെന്ന് മനസിലായതെന്നും യുവതി പറയുന്നു

2015 ജൂലൈയിലായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിയായ യുവതിയെ അമല്‍ വിവാഹം ചെയ്തത്. മന്ത്രിമാര്‍ അടക്കമുള്ളവര്‍ വിവാഹത്തിന് എത്തിയിരുന്നു. വിവാഹ ശേഷം യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ അമല്‍ വാങ്ങുകയും വിദേശത്തേക്കാണെന്ന വ്യാജേന എറണാകുളത്തേക്ക് പോകുകയുമായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം തിരികെയെത്തിയ അമല്‍ യുവതിയെ സ്ത്രീധനത്തെച്ചൊല്ലി മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.

130 പവന്‍ സ്ത്രീധനം നല്‍കിയാണ് വിവാഹം ചെയ്ത അയച്ചതെന്നാണ് യുവതി പറയുന്നത്. എന്നാല്‍, ഈ സ്ത്രീധനം കുറവാണെന്ന പറഞ്ഞ് മാനസികമായും ശാരീരികമായും അമല്‍ പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. ഗള്‍ഫിലേക്കെന്ന് പറഞ്ഞ് ഇയാള്‍ ഇടക്കിടെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോകാറുണ്ടായിരുന്നു. എന്നാല്‍, പോയിരുന്നത് ഗള്‍ഫിലേക്ക് ആയിരുന്നില്ല. മറിച്ച്, കൊച്ചിയിലെ വേറെ ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു. അവിടേക്കാണ് പോയത്. ഇക്കാര്യം തനിക്ക് പിന്നീടാണ് മനസിലായതെന്നും യുവതി ആരോപിച്ചു.

ഭര്‍ത്താവിന്റെ പോക്ക് നേര്‍വഴിക്കല്ലെന്ന് മനസിലായതോടെ യുവതി വീട്ടുകാരോട് പരാതിപ്പെട്ടു. എന്നാല്‍ അമലിന്റെ വീട്ടുകാരും ഇതിനെല്ലാം കൂട്ട് നില്ക്കുകയയിരുന്നു എന്നും യുവതി ആരോപിച്ചു. അമലിന് മറ്റൊരു ഭാര്യയും കുഞ്ഞും ഉണ്ടെന്നറിഞ്ഞതോടെയാണ് താന്‍ വിവാഹത്തട്ടിപ്പിന് ഇരയായെന്ന കാര്യം പരാതിക്കാരി മനസ്സിലാക്കിയത്. അമലിനും കുടുംബത്തിനുമെതിരെ പാറശാല പൊലീസില്‍ യുവതി പരാതി നല്‍കിയിരുന്നു. പക്ഷെ, ഉന്നതരാഷ്ട്രീയ ഇടപെടല്‍ മൂലം നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒന്നരവയസ്സ് പ്രായമായ കുട്ടിയുണ്ട്.

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. അതേസമയം യുവതിയുടെ പരാതി വ്യാജമാണെന്ന് അമലും കുടുംബവും പ്രതികരിച്ചു. യുവതിക്ക് വിവാഹമോചനം ലഭിക്കുന്നതിനായി, അമല്‍ മറ്റൊരു വിവാഹം കഴിച്ചു എന്ന തെളിവുണ്ടാക്കി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കുഞ്ഞിന്റെ ചെലവിനായി മാസം തോറും 30000 രൂപ അമല്‍ അയച്ച് കൊടുക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

Copy Protected by Chetan's WP-Copyprotect.