മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടവകാശിയ്ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ അസത്യമെന്ന് സൗദി ഭരണകൂടം

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി കിരീടാവകാശിക്ക് യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്ന് വ്യക്തമാക്കി സൗദി ഭരണകൂടം രംഗത്ത്. അദ്ദേഹത്തെ ഈ സംഭവങ്ങളിലേയ്ക്ക് വലിച്ചിഴക്കുന്നതില്‍ പരിധി വിടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി അദേല്‍ അല്‍ ജുബേര്‍ പറഞ്ഞു.നേരത്തെ സല്‍മാന്‍ രാജകുമാരന് ഖഷോഗി വധവുമായി ബന്ധമുണ്ടെന്ന് അമേരിക്കന്‍ നിയമ നിര്‍മ്മാതാക്കള്‍ പറഞ്ഞത് ഏറെ വിവാദമുയര്‍ത്തിയിരുന്നു.

ഇത്തരത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത് നിയമ വിരുദ്ധമാണെന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഖഷോഗി വധിക്കപ്പെടുന്നതിന് ഒരു വര്‍ഷം മുന്‍പ് അദ്ദേഹത്തിനെതിരെ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ വിമര്‍ശനപരമായ പരാര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ മുന്നോട്ട് വന്നിരുന്നു. 2017ല്‍ ഖഷോഗിക്കതെിരായി ഒട്ടേറെ വിമര്‍ശനങ്ങള്‍ രാജകുമാരന്‍ നടത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഖഷോഗി കൊലപ്പെടുന്നത്.

മാത്രമല്ല അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങളും വിശദീകരിച്ചിരുന്നു. എന്നാല്‍ അജ്ഞാത സ്രോതസുകളില്‍ നിന്നുള്ള വാര്‍ത്തകളില്‍ താന്‍ പ്രതികരണമറിയിക്കില്ലെന്നും മുന്‍പും ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നുമാണ് സൗദി വിദേശകാര്യ മന്ത്രി അറിയിച്ചത്. പതിനൊന്ന് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണ്ണായക തെളിവുകള്‍ക്കായി തുര്‍ക്കിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രോസിക്ക്യൂട്ടര്‍ കോടതിയെ അറിയിച്ചു.കേസിന്റെ വിചാരണ തുര്‍ക്കിയിലേക്ക് മാറ്റണമെന്ന തുര്‍ക്കിയുടെ ആവശ്യം സൗദി നേരെത്തെ തള്ളിയിരുന്നു.സൗദിയില്‍ അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ തുര്‍ക്കിയുമായി പങ്കുവെക്കുന്നില്ലെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു. അതേ സമയം സൗദിയില്‍ നടക്കുന്ന വിചാരണയുടെ സുതാര്യതയെ ചോദ്യം ചെയ്തു കൊണ്ട് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തി.

സംഭവത്തെക്കുറിച്ച് രാജ്യാന്തര സഹകരണത്തോടെയുള്ള സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതെന്നാണ് ഐക്യരാഷ്ട്രസഭ യുടെ നിലപാട്. ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ ജമാല്‍ ഖഷോഗി ക്രൂരമായി കൊല്ലപ്പെടുന്നത്.

Copy Protected by Chetan's WP-Copyprotect.