ദമ്പതികള്‍ക്കെതിരെ വ്യാജ പ്രചരണം; അഞ്ച് വാട്‌സാപ്പ് അഡ്മിന്‍മാര്‍ അറസ്റ്റില്‍

നവദമ്പതികള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തിയ കേസില്‍ വാട്‌സാപ്പ് അഡ്മിന്‍മാര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം കണ്ണൂര്‍ ചെറുപുഴയില്‍ വിവാഹിതരായ അനൂപ് പി സെബാസ്റ്റ്യന്‍, ജൂബി ജോസഫ് ദമ്പതികളുടെ പരാതിയിലാണ് അറസ്റ്റ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

വരന് പ്രായം 25, വധുവിന് 48 എന്ന രീതിയില്‍ ഇവരുടെ വിവാഹചിത്രം ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നുണകള്‍ പ്രചരിച്ചിരുന്നു. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും കനത്ത സ്ത്രീധനം മോഹിച്ച് വരന്‍ വിവാഹം കഴിച്ചെന്നുമായിരുന്നു ദുഷ്പ്രചരണം. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ സത്യമല്ലെന്ന് വ്യക്തമാക്കി ദമ്പതികള്‍ തന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

വാട്‌സഅപ്പ് ഗ്രൂപ്പുകളില്‍ മറ്റുള്ളവര്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് അഡ്മിന്‍മാരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ദമ്പതികളുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റ് ക്രിയേറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച റോബിന്‍ തോമസിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയെന്നാണ് സൂചന. വിവാഹപരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേര്‍ത്ത് റോബിന്‍ തോമസ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുകയായിരുന്നു. ശ്രീകണ്ഠപുരത്തെ പ്രദേശങ്ങളിലെ നിരവധി വാട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു.

യുവതി പരാതി നല്‍കിയതോടെ പലരും മുമ്പ് ഷെയര്‍ ചെയ്തിരുന്നത് ഡിലീറ്റ് ചെയ്യുകയും കേസ് വരുമെന്ന ഭീതിയില്‍ ഗ്രൂപ്പ് അഡിമിന്‍മാര്‍ ഇവരെ പുറത്താക്കുകയും ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ എല്ലാവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Copy Protected by Chetan's WP-Copyprotect.